മഅ്ദനിക്കെതിരായ കേസുകള്‍ ഒരുമിച്ചു വിചാരണ ചെയ്യാനാവില്ല: കര്‍ണാടക സര്‍ക്കാര്‍

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസില്‍ തനിക്കെതിരായ കേസുകളെല്ലാം ഒന്നിച്ചു പരിഗണിക്കണമെന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നു കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. ശിക്ഷയില്‍ ഇളവുനേടാനാണ് മഅ്ദനി ഈ ആവശ്യം ഉന്നയിക്കുന്നതെന്നു കര്‍ണാടക സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
കേസുകള്‍ ഏകീകരിക്കണം എന്നത് ഉള്‍പ്പെടെയുള്ള മഅ്ദനിയുടെ ആവശ്യങ്ങളില്‍ അനുകൂല തീരുമാനം എടുക്കരുത്. ഇപ്പോള്‍ തന്നെ മഅ്ദനി ജാമ്യത്തില്‍ കഴിയുകയാണ്. ഒരു കേസിന്റെ 60 ശതമാനം നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷം ബന്ധപ്പെട്ട കേസുകളെല്ലാം സംയുക്തമായി വിചരാണചെയ്യണമെന്ന ആവശ്യം അംഗീകരിക്കാന്‍ വ്യവസ്ഥയില്ല. സ്‌ഫോടനവുമായി ബന്ധപ്പെട്ട എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തത് വിവിധ സ്ഥലങ്ങളിലാണ്. അതിനാല്‍ എല്ലാ കേസുകളും ഒരു കോടതിയില്‍ വിചാരണചെയ്യല്‍ പ്രായോഗികമല്ല. കേസിലെ പ്രതികളും സാക്ഷികളും അന്വേഷണ ഉദ്യോഗസ്ഥരും വെവ്വേറെയാണ്. സാക്ഷികള്‍ ഇടയ്ക്കിടെ മൊഴിമാറ്റുന്നത് കേസിനെ ബാധിക്കും. അതിനാല്‍ എല്ലാ കേസുകളും വ്യത്യസ്തമായിത്തന്നെ വിചാരണചെയ്യണം- സത്യവാങ്മൂലത്തില്‍ പറയുന്നു.
കര്‍ണാടക സര്‍ക്കാരിന്റെ വാദംകേട്ട കോടതി, വിഷയത്തില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി അയക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനിക്ക് നോട്ടീസയച്ചു. ജസ്റ്റിസുമാരായ ജെ ചെലമേശ്വറും എ എം സപ്രയും അടങ്ങുന്ന സുപ്രിംകോടതി ബെഞ്ചാണ് മഅ്ദനിക്ക് നോട്ടീസ് അയച്ചത്. ബംഗളൂരു നഗരത്തില്‍ നടന്ന വ്യത്യസ്ത സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് ഒമ്പത് കേസുകളാണു വിചാരണക്കോടതിക്കു മുമ്പാകെയുള്ളത്. ഇതിലെ പ്രതികളും തെളിവുകളുമെല്ലാം ഒന്നുതന്നെയായതിനാല്‍ ഇവ ഒന്നിച്ചു പരിഗണിച്ചില്ലെങ്കില്‍ വിചാരണാ നടപടികളില്‍ അനാവശ്യമായ കാലതാമസമുണ്ടാവുമെന്ന് അഭിഭാഷകനായ ഹാരിസ് ബീരാന്‍ മുഖേന സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മഅ്ദനി ചൂണ്ടിക്കാട്ടിയിരുന്നു.
ഒമ്പതു കേസുകളിലായി 90 സാക്ഷികളെയാണ് ഇനിയും വിസ്തരിക്കാനുള്ളത്. ഇവരെ ഓരോരുത്തരെയും ഓരോ കേസിലും വെവ്വേറെ വിസ്തരിക്കുമ്പോള്‍ മൊത്തം 800 സാക്ഷിവിസ്താരങ്ങള്‍ ആവശ്യമായി വരും. വിചാരണാ നടപടി കൂടുതല്‍ നീണ്ടുപോവുകയാണെങ്കില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാണ് മഅ്ദനിയുടെ ആവശ്യം. ഹരജി പരിഗണിച്ച കോടതി, ഒമ്പതു കേസുകളിലെയും പ്രതികളും സാക്ഷികളും ഒന്നാണെങ്കില്‍ ഒറ്റ വിചാരണ നടത്തിക്കൂടേയെന്ന് ആരാഞ്ഞ് കര്‍ണാടക സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
Next Story

RELATED STORIES

Share it