Idukki local

മംഗളാദേവി ക്ഷേത്രം അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ നടപടി



കുമളി: ഐതിഹ്യ പ്രസിദ്ധമായ മംഗളാദേവി കണ്ണകി ക്ഷേത്രം അന്തര്‍ദേശീയ തീര്‍ഥാടന കേന്ദ്രമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ കുമളിയില്‍ പറഞ്ഞു.പൗരാണിക തനിമ നിലനിര്‍ത്തി മംഗളാദേവി ക്ഷേത്രത്തെ സംരക്ഷിക്കാന്‍ പുരാവസ്തു വകുപ്പ് തയ്യാറാകണം.ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിന്റെ പുന:രുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും ഭക്തജനങ്ങള്‍ക്കു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കേന്ദ്ര സംസ്ഥാന വനം വകുപ്പുകളുമായി ആലോചിച്ച് പദ്ധതികള്‍ തയ്യാറാക്കും. കേരളം-തമിഴ്‌നാട് വേര്‍തിരിവുകള്‍ ഇല്ലാതെ കണ്ണകി ദേവിയുടെ ഭക്തര്‍ എന്നതിന് മാത്രമായിരിക്കും ഇവിടെ പ്രാധാന്യം.അതിന് വേണ്ടി ചിത്രാപൗര്‍ണ്ണമി മഹോത്സവവും പൊങ്കല്‍ ഉള്‍പ്പെടെയുള്ള ആചാരനുഷ്ഠാനങ്ങളും നടത്തുന്നതിന് കേരളാ തമിഴ്‌നാട് കണ്ണകി ട്രസ്റ്റുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള മംഗളാദേവി ക്ഷേത്രം പൗരാണിക നിര്‍മ്മാണ രീതി, ശിലാ നിര്‍മ്മാണത്തിലെ പ്രത്യേകതകള്‍, ശിലാലിഖിതങ്ങള്‍ തുടങ്ങിയ വിലമതിക്കാനാകാത്ത പൈതൃക സംഭാവനകള്‍ നല്‍കുന്നുണ്ട്. ഇക്കാര്യങ്ങള്‍ വസ്തുനിഷ്ഠയോടെയും കൃത്യതോടെയും പഠിക്കുന്നതിന് കേരളാ പുരാവസ്തു വകുപ്പുമായി ചേര്‍ന്ന് സമഗ്രമായ ഗവേഷണം നടത്തുന്നതിന് ബോര്‍ഡ് ആലോചിക്കുന്നുണ്ടെന്നും പ്രയാര്‍ ഗോപാല കൃഷണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it