Idukki local

മംഗളദേവി ചിത്രാ പൗര്‍ണമി ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍

കുമളി: മംഗളാദേവി ചിത്രാപൗര്‍ണമി മഹോല്‍സവത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തില്‍. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വിപുലമായ ക്രമീകരണങ്ങളാണ് ഭക്തര്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉല്‍സവ ദിവസം രാവിലെ അഞ്ച് മണിമുതല്‍ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. മൂന്നുമണിക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.
വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരും ക്ഷേത്രപരിസരം വിട്ടുപോവേണ്ടതാണ്. മംഗളാദേവി ക്ഷേത്രം പെരിയാര്‍ കടുവസങ്കേത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ട് ആഘോഷങ്ങള്‍ പരിസ്ഥിതി സൗഹൃദമായി നടത്തണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ നിര്‍ദേശിച്ചു.
എല്ലാ വര്‍ഷവും ചിത്രപൗര്‍ണമി ദിവസം ആയിരക്കണക്കിന് ഭക്തജനങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്. പരിസ്ഥിതിയുടെയും വനത്തിന്റെയും സംരക്ഷണത്തിനും നിലനില്‍പിനും കോട്ടം സംഭവിക്കാതെയും വന്യജീവികളുടെ സൈ്വര്യവിഹാരത്തിന് തടസം ഉണ്ടാവാതെയും പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിരോധിക്കുകയും ചെയ്തുകൊണ്ട് ആഘോഷം പരിസ്ഥിതി സൗഹൃദമായി നടത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
വനത്തിനുള്ളില്‍ ഉച്ചഭാഷിണികള്‍, ഉയര്‍ന്നശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കറുകള്‍, മൈക്കുകള്‍, പടക്കങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ കാടിനുള്ളില്‍ കൊണ്ടുപോവാന്‍ പാടില്ല. കുടിവെള്ളം കൊണ്ടുവരുന്നതിനായി അഞ്ച് ലിറ്ററോ അതിലധികമോ ഉള്ള ബോട്ടിലുകള്‍ ഉപയോഗിക്കേണ്ടതാണ്.
ഭക്ഷണ സാധനങ്ങള്‍ പേപ്പറിലോ ഇലകളിലോ പൊതിഞ്ഞ് കൊണ്ടുപോകാവുന്നതാണ്. അഞ്ച് ലിറ്ററില്‍ കുറഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകളും പ്ലാസ്റ്റിക് റാപ്പറുകളും കൊണ്ടുപോവാന്‍ പാടില്ല.
കാടിന്റെ പരിധിയില്‍ തല മുണ്ഡനം ചെയ്യാന്‍ പാടില്ല. മാംസാഹാരം, മദ്യം, ലഹരി വസ്തുക്കള്‍ പുകവലി എന്നിവയും പാടില്ല. വനത്തിലുള്ളിലേയ്ക്ക് നായ മുതലായ വളര്‍ത്തുമൃഗങ്ങളെ പ്രവേശിപ്പിക്കാന്‍ പാടില്ല. അന്നദാനത്തോടനുബന്ധിച്ച് നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ ക്ഷേത്രപരിസരത്ത് ഉപേക്ഷിക്കരുത്.
ഭക്തജനങ്ങളെ കൊണ്ടുപോവുന്ന വാഹനങ്ങളില്‍ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും അധികഭാരം ഒഴിവാക്കുകയും വേണം.
Next Story

RELATED STORIES

Share it