ഭ്രാന്തിനെ ആചാരമെന്നു വിളിക്കരുത്: ആര്‍എസ്എസ് മുഖപത്രം

തിരുവനന്തപുരം: വെടിക്കെട്ടിന്റെയും ആനയെഴുന്നള്ളിപ്പിന്റെയും പേരില്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ഭ്രാന്തിനെ ആചാരമെന്നു വിളിക്കരുതെന്ന് ആര്‍എസ്എസ് മുഖപത്രം. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേസരിയിലെ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. ക്ഷേത്രോല്‍സവങ്ങളിലെ കാലാനുസൃതമല്ലാത്ത സമ്പ്രദായങ്ങള്‍ ഹിന്ദുസമൂഹം ഒഴിവാക്കണമെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നു.
കോഴിക്കൂടിന്റെ വലുപ്പമുള്ള ക്ഷേത്രത്തില്‍വരെ കോടികളുടെ കരിമരുന്നു കത്തിക്കല്‍ സാമൂഹിക ദ്രോഹമാണ്. ശബരിമല പോലുള്ള കാനനക്ഷേത്രങ്ങളില്‍ വന്യജീവികളെ അകറ്റാന്‍ ആരംഭിച്ച കതിനാവെടിയെ അനുഷ്ഠാനമായി അനുകരിച്ചപ്പോഴാണ് വെടിവഴിപാടുണ്ടായത്. ഭക്തന്റെ ഏകാഗ്രതയെ നശിപ്പിക്കുന്ന ശബ്ദമലിനീകരണത്തിനപ്പുറത്ത് വെടിക്കെട്ടിന് ഒരു പ്രാധാന്യവും യുക്തിയുമില്ല. ക്ഷേത്രംപോലും തകര്‍ത്തുകൊണ്ടു നടത്തുന്ന കരിമരുന്ന് ഭീകരതയെ കലയെന്നു വിളിക്കണമെങ്കില്‍ തലയ്ക്കു തകരാറുണ്ടാവണം. വെടിക്കെട്ട് ക്ഷേത്രാചാരമാണെന്നും നിരോധിക്കാനാവില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു വിലയിരുത്തേണ്ടതെന്നും മുഖപ്രസംഗം പറയുന്നു.
വെടിക്കെട്ടിനെ ഉപാസനയുടെ ഭാഗമായി തന്ത്രശാസ്ത്ര വിധിയില്‍ പറയുന്നില്ല. കരിയും കരിമരുന്നും ക്ഷേത്രങ്ങളില്‍ വേണ്ടെന്നു പറഞ്ഞ ശ്രീനാരായണഗുരുവിനെയും മന്നത്തു പദ്മനാഭനെയും അനുസരിക്കാന്‍ ഹിന്ദുസമൂഹം ഇതേവരെ തയ്യാറായിട്ടില്ല. തീവട്ടിയുടെയും വെയിലിന്റെയും വെടിക്കെട്ടിന്റെയും നടുവില്‍ ആനയെ പീഡിപ്പിക്കല്‍ അവസാനിപ്പിക്കണം. പൂര്‍ണമായി ഇണങ്ങാത്ത വന്യജീവിയാണ് ആനയെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ടെന്നും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രങ്ങളിലെ ആചാരങ്ങളില്‍ പൊതുസമൂഹം ഇടപെടുന്നതായി സംഘപരിവാര പ്രവര്‍ത്തകര്‍ തന്നെ പ്രചാരണം നടത്തുന്നതിനിടെയാണ് ആര്‍എസ്എസ് മുഖപത്രം വെടിക്കെട്ടിനും ആനയെ എഴുന്നള്ളിക്കലിനും എതിരായി രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it