ഭോപാല്‍ വാതകദുരന്തം: ഡോ കെമിക്കല്‍സ് മൂന്നാം തവണയും കോടതിയില്‍ ഹാജരായില്ല

ഭോപാല്‍: 1984ലെ ഭോപാല്‍ വാതകദുരന്തവുമായി ബന്ധപ്പെട്ട കേസിലെ വിചാരണയ്ക്ക് മൂന്നാം തവണയും യുഎസ് കമ്പനിയായ ഡോ കെമിക്കല്‍സ് പ്രതിനിധികള്‍ ഹാജരായില്ല. ഇതേത്തുടര്‍ന്ന് കേസ് അടുത്ത വര്‍ഷം ജൂലൈയിലേക്കു മാറ്റി. കേസില്‍ ഹാജരാവണമെന്നാവശ്യപ്പെട്ട് ജില്ലാ കോടതി അയച്ച സമന്‍സ് യൂനിയന്‍ കാര്‍ബൈഡ് കോര്‍പറേഷന്റെ(യുസിസി) ഉടമസ്ഥതയിലുള്ള ഡോ കെമിക്കല്‍സ് അവഗണിക്കുകയായിരുന്നു. യൂനിയന്‍ കാര്‍ബൈഡിന്റെ ഭോപാലിലെ ഫാക്ടറിയില്‍ 1984 ഡിസംബര്‍ രണ്ട്, മൂന്ന് തിയ്യതികളിലാണ് വാതകം ചോര്‍ന്ന് നിരവധി പേര്‍ മരിച്ചത്. ഹാജരാവാത്തതിന് കോടതി ഡോ കെമിക്കല്‍സിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയം വഴി കേസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് കമ്പനിക്ക് സമന്‍സ് അയച്ചിരുന്നതായി സിബിഐ അഭിഭാഷകന്‍ അജയ്കുമാര്‍ കോടതിയെ അറിയിച്ചു. സമന്‍സുമായി ബന്ധപ്പെട്ട് യുഎസ് നീതിന്യായ വകുപ്പ് ചില ചോദ്യങ്ങള്‍ ചോദിച്ചിരുന്നുവെന്നും അതിനു മറുപടി നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിതര സംഘടനയായ ഭോപാല്‍ ക്രപ്പ് ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ആക്ഷ (ബിജിഐഎ)നുവേണ്ടി അഭിഭാഷകന്‍ അവിസിങ് ആണ് ഡോ കെമിക്കല്‍സിനെതിരേ കോടതിയില്‍ പരാതി നല്‍കിയത്.
ഡോ കെമിക്കല്‍സിനെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും യൂനിയന്‍ കാര്‍ബൈഡ് കോര്‍പറേഷനെതിരേ ക്രിമിനല്‍ വിചാരണ ആരംഭിക്കണമെന്നും അവിസിങ് ഹരജിയില്‍ ആവശ്യപ്പെട്ടു. അതേസമയം കോടതി നടപടികളില്‍ നിന്ന് ഡോ കെമിക്കല്‍സിനെ സംരക്ഷിക്കാന്‍ യുഎസ് ശ്രമിക്കുകയാണെന്ന് സര്‍ക്കാരിതര സംഘടനകള്‍ ആരോപിച്ചു. കമ്പനിക്ക് കോടതി നോട്ടീസ് കൈമാറാത്ത യുഎസ് നീതിന്യായ വകുപ്പിന്റെ നടപടി അന്താരാഷ്ട്ര സഹകരണ തത്വങ്ങള്‍ക്കെതിരാണെന്ന് അവിസിങ് പറഞ്ഞു.
Next Story

RELATED STORIES

Share it