Flash News

ഭോപാലിലെ ഏറ്റുമുട്ടല്‍ കൊല; ദുരൂഹത മാറാതെ ഒരു വര്‍ഷം

ഭോപാലിലെ ഏറ്റുമുട്ടല്‍ കൊല; ദുരൂഹത മാറാതെ ഒരു വര്‍ഷം
X


ഭോപാല്‍: ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എട്ട് സിമി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നു പറയുന്ന കഥയ്ക്ക് വിശ്വാസയോഗ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഒരു വര്‍ഷത്തിനു ശേഷവും പോലിസിനു സാധിച്ചിട്ടില്ലെന്ന് അഭിഭാഷകര്‍. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുന്നുവെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ അഭിഭാഷകരായ സെയ്ദ് സാജിദ് അലി, ദീപ്ചന്ദ് യാദവ് എന്നിവര്‍ പറയുന്നു. അന്വേഷണ കമ്മീഷന്റെ റിപോര്‍ട്ട് കൈയില്‍ കിട്ടിയ ശേഷം കൂടുതല്‍ നടപടികളിലേക്കു നീങ്ങാനാണ് അഭിഭാഷകരുടെ തീരുമാനം. പ്രോസിക്യൂഷന്‍ സാക്ഷികളെയോ അന്വേഷണ സമിതിക്കു മുന്നില്‍ ഹാജരാക്കിയ ബന്ധപ്പെട്ട സാമഗ്രികളോ ക്രോസ് വിസ്താരം നടത്തുന്നതിന് അനുവദിച്ചിട്ടില്ലെന്ന് ദീപ്ചന്ദ് യാദവ് പറഞ്ഞു. സാക്ഷ്യപത്രവും അതീവസുരക്ഷയുമുള്ള ജയിലിന്റെ പൂട്ട് തുറക്കുന്നതിനു പ്രതികള്‍ ഉപയോഗിച്ചുവെന്നു പറയുന്ന ടൂത്ത്ബ്രഷ് കൊണ്ട് നിര്‍മിച്ച താക്കോലുകള്‍ കമ്മീഷനു മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ല. മതിലിനു മുകളില്‍ കയറുന്നതിനുള്ള കോണി നിര്‍മിക്കാന്‍ ഉപയോഗിച്ച ഷീറ്റുകളും അന്വേഷണ കമ്മീഷന്‍ കണ്ടിട്ടില്ല. സ്ഥലപരിശോധനയ്ക്ക് തങ്ങളെ കൂടെ കൂട്ടാന്‍ പോലും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണകൂടം വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകനായ സെയ്ദ് സാജിദ് അലി പറഞ്ഞു. ജയിലിലുള്ള നൂറുകണക്കിനു പൂട്ടുകള്‍ ദിവസേന റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ മാറ്റം വരുത്തുകയും അതു രജിസ്ട്രിയില്‍ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്. ഏതു സെല്ലില്‍ ഏതു പൂട്ട് സ്ഥാപിക്കുന്നു എന്നതിനെക്കുറിച്ച് തടവുകാര്‍ക്ക് യാതൊരു വിവരവുമുണ്ടാവില്ല. എന്നിട്ടും അവര്‍ തങ്ങളുടെ സെല്ലും ബാരക്കും തുറക്കാനുള്ള താക്കോല്‍ നിര്‍മിച്ചുവെന്നു പറയുന്നത് അദ്ഭുതാവഹം തന്നെയാണ്. ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ സെല്ലിനകത്തുനിന്ന് പൂട്ട് തുറക്കാനാവില്ലെന്ന് അലി പറഞ്ഞു. എന്നാല്‍ പോലിസ് പറയുന്നത്, എട്ടു പേരും താക്കോല്‍ നിര്‍മിച്ച് പൂട്ട് തുറന്ന് സെല്ലിനു പുറത്തുവരുകയും ബാരക്കുകള്‍ ഭേദിച്ച്, എല്ലാ സുരക്ഷാ കാമറകളെയും (അന്നേ ദിവസം ജയിലിലെ ഒരു കാമറയും പ്രവര്‍ത്തിച്ചില്ലെന്ന് പോലിസ് ഭാഷ്യം) മറികടന്ന് മതിലും ചാടി വെളിയിലെത്തിയെന്നാണ്. എട്ടു പേര്‍ ഒരു കാവല്‍ക്കാരനെ കൊല്ലുകയും മറ്റൊരു കാവല്‍ക്കാരനെ വെറുതെ വിടുകയും ചെയ്തതും കൗതുകകരമാണ്. തുടര്‍ന്ന് വസ്ത്രം മാറ്റി, ഷേവ് ചെയ്ത്, എട്ടു മണിക്കൂര്‍ കൊണ്ട് വെറും 10 കിലോമീറ്റര്‍ ദൂരം മാത്രം സഞ്ചരിച്ച് പോലിസിന്റെ വെടിയേറ്റു മരിച്ചുവെന്നു പറയുന്നത് അതിനേക്കാള്‍ ആശ്ചര്യമുളവാക്കുന്നു. എസ് കെ പാണ്ഡേ കമ്മീഷന്‍ അധികൃതര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയെന്നാണ് മാധ്യമ റിപോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാവുന്നതെന്നും റിപോര്‍ട്ട് നിയമസഭയില്‍ വയ്ക്കുകയും കോപ്പി ലഭിക്കുകയും ചെയ്താല്‍ അതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തടവുചാട്ടത്തെക്കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യത്തില്‍ നിരവധി പഴുതുകളുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗം രക്ഷപ്പെട്ടവരുടെ കൈയില്‍ ആയുധമുണ്ടായിരുന്നുവെന്ന് പറയുമ്പോള്‍, മറ്റു ചിലര്‍ ആയുധമുണ്ടായിരുന്നില്ലെന്ന് പറയുന്നു. ഏറ്റുമുട്ടലിനു ശേഷം സ്ഥലത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ ആയുധങ്ങളൊന്നും കണ്ടിരുന്നില്ല. എന്നാല്‍, വൈകുന്നേരം പോലിസ് പൊടുന്നനെ ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്ന വാദവുമായി എത്തുകയായിരുന്നു. അന്ന് ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അതേ പോസ്റ്റില്‍ തുടരുമ്പോള്‍ എങ്ങനെ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് അഭിഭാഷകര്‍ ചോദിക്കുന്നു. ഐജി യോഗേഷ് ചൗധരിക്കു തന്നെയാണ് ഇപ്പോഴും ഭോപാല്‍ റേഞ്ചിന്റെ ചുമതല. ഒരാളെ പോലും ബാക്കിവയ്ക്കാതെ പോലിസ് എട്ടു പേരെയും കൊന്നുവെന്നതും സംശയകരമാണ്. നിലത്തു വീണുകിടക്കുന്നയാളുടെ നെഞ്ചിലേക്ക് പോലിസ് തുരുതുരാ നിറയൊഴിക്കുന്ന രംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൊല്ലപ്പെട്ട വ്യക്തികള്‍ക്കെതിരേയുള്ള ഭീകരവാദ ആരോപണങ്ങളൊന്നും തെളിയിക്കാന്‍ സാധിച്ചിരുന്നില്ല. തങ്ങള്‍ക്കെതിരേ ചുമത്തിയ വ്യാജ ആരോപണങ്ങള്‍ക്കെതിരേ സ്വകാര്യ ഹരജി ഫയല്‍ ചെയ്താല്‍ പോലിസ് ഉദ്യോഗസ്ഥര്‍ കുടുങ്ങാന്‍ സാധ്യതയുണ്ടെന്ന ഘട്ടത്തിലാണ് വ്യാജ ഏറ്റുമുട്ടല്‍ നടക്കുന്നത്. 2016 ഒക്ടോബര്‍ 31നാണ്, ഭോപാല്‍ സെന്‍ട്രല്‍ ജയിലില്‍ വിചാരണത്തടവുകാരായിരുന്ന അംജദ് റമദാന്‍ ഖാന്‍, സാകിര്‍ ഹുസയ്ന്‍, ശെയ്ഖ് മെഹ്ബൂബ്, മുഹമ്മദ് സാലിക്, മുജീബ് ശെയ്ഖ്, അഖീല്‍ ഖില്‍ജി, ഖാലിദ് അഹ്മദ്, മജീദ് നാഗൂരി എന്നിവര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് നിയമിച്ച ഏകാംഗ അന്വേഷണ കമ്മീഷന്‍ സര്‍ക്കാരിനു റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it