ഭേദഗതി നിയമം സ്‌റ്റേ ചെയ്യണമെന്ന്: ഹരജിയില്‍ കേന്ദ്രത്തിന് നോട്ടീസ്‌

ന്യൂഡല്‍ഹി: എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തില്‍ സുപ്രിംകോടതി കൊണ്ടുവന്ന മാര്‍ഗനിര്‍ദേശങ്ങള്‍ മറികടക്കുന്നതിനായി പാര്‍ലമെന്റ് കൊണ്ടുവന്ന ഭേദഗതി നിയമം സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രസര്‍ക്കാരിനു സുപ്രിംകോടതി നോട്ടീസ് അയച്ചു.
കേന്ദ്രസര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാന്‍ അവസരം നല്‍കാതെ ഭേദഗതി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി വിഷയത്തില്‍ ആറാഴ്ചയ്ക്കുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി.ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് മാര്‍ച്ച് 20നാണ് എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമം ലഘൂകരിച്ചു വിധി പുറപ്പെടുവിച്ചത്.
കോടതി വിധിയോട് തുടക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിച്ചത്. ദലിത് പ്രതിഷേധം ശക്തമായതോടെ, ബിജെപിയിലെ ദലിത് അംഗങ്ങളും എന്‍ഡിഎ സഖ്യകക്ഷികളം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതോടെയാണ് കേന്ദ്രമന്ത്രിസഭ ഭേദഗതി കൊണ്ടുവരാന്‍ നിര്‍ബന്ധിതരായത്.
ഭേദഗതി കഴിഞ്ഞമാസം ആറിന് രാജ്യസഭയും ഒമ്പതിന് ലോക്‌സഭയും പാസാക്കിയിരുന്നു.
സുപ്രിംകോടതി ഉത്തരവ് മറികടക്കാനായി കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഈ ഭേദഗതി ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടുന്ന പൊതുതാല്‍പര്യ ഹരജിയാണ് ഇന്നലെ കോടതി പരിഗണിച്ചത്.
ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ലംഘിക്കുന്ന നടപടിയാണെന്ന് ആരോപിച്ച് അഭിഭാഷകരായ പൃഥ്വിരാജ് ചൗഹാന്‍, പ്രിയ ശര്‍മ എന്നിവരാണ് നിയമ ഭേദഗതി ചോദ്യം ചെയ്തു സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it