ഭെല്‍ പിടിച്ചുവച്ച തുക തിരികെനല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍



പാലക്കാട്: പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിന് ഭെല്‍ നല്‍കാനുള്ള 6.15 കോടി രൂപ കോട്ട യൂനിറ്റില്‍ നിന്നും ഭെല്ലിന് ലഭിക്കാനുള്ള കുടിശ്ശിക ഇനത്തില്‍ വരവു വയ്ക്കരുതെന്നും പിടിച്ചുവച്ച തുക തിരികെ നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഭെല്ലിനോടാവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് എം ബി രാജേഷ് എംപി മെയ് 30ന് കേന്ദ്രമന്ത്രി അനന്ത് ഗീഥേക്ക് കത്തെഴുതിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിട്ടുള്ളത്. ഇത് പാലക്കാട് യൂനിറ്റിന് ഏറെ ആശ്വാസകരമാവും. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് യൂനിറ്റ് സംരക്ഷിക്കുക എന്ന ആവശ്യം ന്യായമാണെന്ന് യൂനിയന്‍ നേതാക്കളോടൊപ്പം എം ബി രാജേഷ് എംപി പ്രധാനമന്ത്രിയെ കണ്ട സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഘനവ്യവസായ മന്ത്രാലയം നിലപാട് മാറ്റുകയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍ എതിര്‍പ്പില്ലെന്ന് അറിയിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത കേന്ദ്രത്തെ അറിയിച്ചത്. ഇതിനിടയിലാണ് ഏറ്റെടുക്കലിന് ഭീഷണിയാവുംവിധം പാലക്കാട് യൂനിറ്റിന് അവകാശപ്പെട്ട 6.15 കോടി രൂപ നഷ്ടത്തിലുള്ള കോട്ട യൂനിറ്റ് ഭെല്ലിന് നല്‍കേണ്ട ബാധ്യതയില്‍ വരവുവച്ച് തുക നല്‍കാതിരുന്നത്. അതിനെതുടര്‍ന്നാണ് മന്ത്രിക്ക് കത്തെഴുതിയത്. പാലക്കാട് യൂനിറ്റിനെ കേരള സര്‍ക്കാരിന് കൈമാറുന്ന സാഹചര്യത്തില്‍ ബാധ്യത വരുത്താതെ കൈമാറ്റം നടത്തേണ്ടതുണ്ടെന്ന് കത്തില്‍ പ്രത്യേകമായി സൂചിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാണെന്നും എംപി അറിയിച്ചു.
Next Story

RELATED STORIES

Share it