Kottayam Local

ഭൂസമരമുന്നണിയുടെ സമരപ്പന്തല്‍ പൊളിക്കാന്‍ ശ്രമം



എരുമേലി: മുക്കടയില്‍ ഭൂസമരമുന്നണിയുടെ സത്യാഗ്രഹസമരത്തിന് നേരെ കയ്യേറ്റ ശ്രമം. സമര പന്തല്‍ പൊളിക്കാന്‍ ശ്രമിച്ചവരെ ഭൂസമരമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷമായതോടെ പോലിസിടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ഇതെതുടര്‍ന്ന് സ്ഥലത്ത് പോലിസ് കാവല്‍ ഏര്‍പെടുത്തിയിരിക്കുകയാണ്. കൂടാതെ രാത്രികാല പട്രോളിങ് തുടരും. ചെറുവളളി എസ്‌റ്റേറ്റ് വിമാനത്താവള പദ്ധതിക്കായി ഏറ്റെടുക്കരുതെന്നും പകരം ഭൂമി പിടിച്ചെടുത്ത് തോട്ടത്തിലെ തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നുമാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം മുതല്‍ ഭൂസമരമുന്നണി സത്യാഗ്രഹ സമരം ആരംഭിച്ചത്. സമരം മൂലം വിമാനത്താവള പദ്ധതിയിലൂടെ ലഭിക്കുന്ന വന്‍വികസനം നഷ്ടപ്പെടുമെന്നാരോപിച്ചാണ് നാട്ടുകാരില്‍ ചിലര്‍ കഴിഞ്ഞ ദിവസം സംഘടിച്ചെത്തി സമര പന്തല്‍ പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. പടുത വലിച്ചിളക്കി മാറ്റാന്‍ ശ്രമിക്കുന്നത് സമരക്കാര്‍ തടഞ്ഞു. സമരക്കാരുമായി ഏറെ സമയം വാക്കേറ്റമുണ്ടായി. രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ചിരിക്കുന്നത്. പന്തല്‍ പൊളിക്കാന്‍ വീണ്ടും ശ്രമമുണ്ടാകുമെന്നറിഞ്ഞ് കഴിഞ്ഞ ദിവസം രാത്രിയിലും സമരക്കാര്‍ സമരപന്തലില്‍ ക്യാംപ് ചെയ്തിരുന്നു. സമരത്തിനെതിരേ നാട്ടുകാരില്‍ രൂക്ഷമായ എതിര്‍പുയര്‍ന്നിട്ടുണ്ട്. അതെസമയം സമരത്തിന്റെ മറവില്‍ എസ്‌റ്റേറ്റില്‍ കയറി കുടില്‍ കെട്ടി ഭൂമികയ്യേറി സമരമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലിസ് കരുതുന്നു. മുക്കടയിലെ ഒരു പ്രമുഖ സംഘടനയില്‍ വിമതരായി മാറിയ ഒരു സംഘമാളുകള്‍ സമരക്കാരെ പിന്തുണച്ച് രംഗത്തുണ്ട്.
Next Story

RELATED STORIES

Share it