palakkad local

ഭൂസംരക്ഷണ പദ്ധതി അവതാളത്തില്‍;പഞ്ചായത്തുകളിലെ പൊതുകിണറുകള്‍ കുപ്പത്തൊട്ടിയായി

പെരിങ്ങോട്ടുകുറുശ്ശി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കേണ്ട ഭൂജല സംരക്ഷണ പദ്ധതികള്‍ അവതാളത്തിലായതോടെ സംരക്ഷിച്ചെടുക്കാനാവാതെ ഉപയോഗ ശൂന്യമാവുന്നതു നൂറുക്കണക്കിനു പൊതുകിണറുകള്‍. ജലസ്രോതസ്സുകളുടെ സംരക്ഷണം എന്ന പേരില്‍ തൊഴിലുറപ്പു പണികളില്‍ ഉള്‍പ്പെടുത്തി പുതിയ കിണറുകള്‍ ധാരാളം കുഴിക്കുന്നുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കുഴിച്ചതും കെട്ടി സംരക്ഷിച്ചതും നിറയെ ജലലഭ്യത ഉള്ളതുമായ നിരവധി കിണറുകളെ അവഗണിക്കുകയാണ് അധികൃതര്‍. പൊതുജനങ്ങള്‍ക്കു നേരിട്ട് വെള്ളം എടുക്കാവുന്ന വിധത്തില്‍ ജനവാസ കേന്ദ്രങ്ങള്‍ക്ക് ഇടയിലുള്ള കിണര്‍, സര്‍ക്കാര്‍ സ്‌കൂള്‍ കോംപൗണ്ടുകള്‍ക്കുള്ളിലെ കിണര്‍ ഇത്തരത്തില്‍പ്പെട്ടവയെ സംരക്ഷിച്ചെടുക്കാന്‍ വേണ്ട നടപടികള്‍ ഒന്നും തന്നെ പഞ്ചായത്തുകളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ല. അധികൃതരുടെ മുന്നില്‍ തന്നെയാണു മിക്ക കിണറുകളും ഉപയോഗശൂന്യമായി കിടക്കുന്നത്. കുഴല്‍മന്ദം, കോട്ടായി, കുത്തനൂര്‍, പെരിങ്ങോട്ടുകുറുശ്ശി, പുതുനഗരം പഞ്ചായത്ത് ഓഫിസിനു സമീപം കൊടുവായൂര്‍ പഞ്ചായത്തിനു പിന്നില്‍ പെരുവമ്പ റെയില്‍വേ സ്റ്റേഷന്‍ ജിഎല്‍പി സ്‌കൂള്‍ മുറ്റത്തെ കിണര്‍ എന്നിവയെല്ലാം ജലസമൃദ്ധമാണെങ്കിലും മാലിന്യം തള്ളിയ നിലയിലാണ്. ഇവയിലെ മാലിന്യങ്ങള്‍ നീക്കി ചളി മാറ്റി കിണര്‍ കഴുകി ശുദ്ധിയാക്കി സംരക്ഷണ വല പോലുള്ളവ പിടിപ്പിച്ചാല്‍ കുഴല്‍ക്കിണറിലേതിനേക്കാള്‍ നല്ല ജലം ജനങ്ങള്‍ക്ക് ഉപയോഗിക്കാനാവും. അതിനു ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നു ഒരു നടപടിയും ഭൂഗര്‍ഭ ജലസംരക്ഷണയജ്ഞം എന്ന പേരില്‍ ഉണ്ടാവുന്നില്ലെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it