thiruvananthapuram local

ഭൂവുടമകള്‍ക്ക് നല്‍കാന്‍ 266 കോടി കൈമാറി

തിരുവനന്തപുരം: കരമന-കളിയിക്കാവിള റോഡ് നാലുവരിയാക്കുന്നതിന്റെ ഭാഗമായി പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയുള്ള ഭാഗം വീതികൂട്ടുന്നതിനുള്ള ടെന്‍ഡര്‍ നടപടി ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജി സുധാകരന്‍. നടപടികളുടെ ഭാഗമായി റവന്യുവകുപ്പ് ആദ്യഘട്ടമായി പള്ളിച്ചല്‍ വില്ലേജില്‍ ഉള്‍പ്പെട്ട ഭൂമിയും രണ്ടാംഘട്ടമായി അതിയന്നൂര്‍, കോട്ടുകാല്‍ വില്ലേജുകളിലെ സ്ഥലവും ഏറ്റെടുക്കും. പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയുള്ള അഞ്ചുകിലോമീറ്റര്‍ ഭാഗത്തെ ഭൂമിയെടുപ്പ് നടപടികള്‍ കേസിലുള്ള ഒരാളുടേതൊഴികെ വേഗത്തില്‍ പൂര്‍ത്തിയാക്കിയിട്ടുെണ്ടന്നും മന്ത്രി അറിയിച്ചു. ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനായി പൊതുമരാമത്തുവകുപ്പ് 266 കോടി രൂപ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ബാലരാമപുരം മുതല്‍ വഴിമുക്ക് വരെയുള്ള 1.5 കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കാനുള്ള സോഷ്യല്‍ ഇംപാക്ട് പഠനം റവന്യുവകുപ്പ് ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ഭൂമിയെടുപ്പിനായി 98.1കോടിയുടെ ഭരണാനുമതിയും നല്‍കി. വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെയുള്ള കരട് അലൈന്‍മെന്റില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ച് ആവശ്യമായ ഭേദഗതി വരുത്താനുള്ള നടപടികളും പൊതുമരാമത്ത് പിപിയു വിഭാഗം ആരംഭിച്ചിട്ടുണ്ട്. പ്രാവച്ചമ്പലം-ബാലരാമപുരം ഭാഗത്ത് ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങള്‍ ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ അന്തിമഘട്ടത്തിലായിട്ടുണ്ട്. അതേസമയം, കിഫ്ബി ധനസഹായത്തില്‍  നടത്തുന്ന രണ്ടാം റീച്ചിന്റെ പുതുക്കിയ പ്രോജക്ട് റിപോര്‍ട്ട് ഒരാഴ്ചക്കകം അംഗീകരിക്കുമെന്നും ടെന്‍ഡര്‍ നടപടികളിലേക്ക് പോവുന്നതിന് മറ്റു തടസ്സങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കരമന-കളിയിക്കാവിള റോഡ് വികസനത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായ ഇടപെടലുകള്‍ നടത്തുകയും പുരോഗതി വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. നടപടിക്രമങ്ങളുടെ പേരിലുണ്ടാകുന്ന സ്വാഭാവിക താമസ്സങ്ങളല്ലാതെ മറ്റൊന്നും ഇക്കാര്യത്തിലുണ്ടായിട്ടില്ലെന്നും പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it