kasaragod local

ഭൂരിഭാഗം സര്‍ക്കാര്‍ ആശുപത്രികളിലും ലാബ് പരിശോധനയില്ല

കാഞ്ഞങ്ങാട്: ജില്ലയിലെ ഭൂരിഭാഗം സര്‍ക്കാര്‍ ആശുപത്രികളിലും ലാബ് പരിശോധനയില്ലാത്തത് മൂലം പാവപ്പെട്ട രോഗികള്‍ സ്വകാര്യലാബുകളെ ആശ്രയിക്കേണ്ടിവരുന്നു. നിലവില്‍ ലാബ് സൗകര്യമുള്ളിടത്ത് തന്നെ കൃത്യമായി ജീവനക്കാരെ നിയമിക്കാത്തതും സ്വകാര്യ ലാബുകാര്‍ക്ക് നേട്ടമാവുകയാണ്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഒരു ലാബ് സൗകര്യം എന്നത് രോഗികള്‍ക്ക് ഏറെ ആശ്വാസകരമാവുമെങ്കിലും ബന്ധപ്പെട്ട അധികൃതര്‍ ഇതിന് വേണ്ടി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
ലാബ് സൗകര്യമില്ലാത്തതിനാല്‍ രോഗികള്‍ക്ക് ഏറെ ധനനഷ്ടമാണ് വരുത്തിവെക്കുന്നത്. പകര്‍ച്ചവ്യാധി പടരുന്ന സമയങ്ങളില്‍ ടെസ്റ്റിന് വേണ്ടിയെത്തുന്ന രോഗികളെ പരിശോധനയുടെ മറവില്‍ പിഴിയുകയാണ് സ്വകാര്യ ലബോറട്ടറികള്‍. പകര്‍ച്ചവ്യാധികള്‍ ബാധിച്ചാല്‍ അത് തിരിച്ചറിയാനുള്ള ടെസ്റ്റുകള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമാണ്. എന്നാല്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ഈ സൗകര്യമില്ലാത്തതിനാല്‍ രോഗികള്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നു. പരിശോധനയുടെ പേരില്‍ ഇവരാകട്ടെ രോഗികളില്‍ നിന്നു വന്‍ ഫീസാണ് ഈടാക്കുന്നത്.
പാവപ്പെട്ട നിരവധി പേര്‍ ആശ്രയിക്കുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവയ്ക്ക് പുറമെ ജില്ലയില്‍ രണ്ട് താലൂക്ക് ആശുപത്രികള്‍, ഒമ്പത് സിഎച്ച്‌സി, പത്ത് പിഎച്ച്‌സി, 30 മിനി പിഎച്ച്‌സി, ഒരു ടിബി സെന്റര്‍ എന്നിവയുള്‍പ്പെടെ 54 സര്‍ക്കാര്‍ ആശുപത്രികളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും ഓരോ ലാബ് വീതവും സിഎച്ച്‌സികളില്‍ ഒമ്പത് ലാബുകളും ജില്ലാ ടിബി സെന്ററില്‍ ഒരു ലാബ് സൗകര്യവുമുണ്ട്. ജില്ലയിലെ ഒരു പിഎച്ച്‌സിയിലും ലാബ് സൗകര്യമില്ല.
സംസ്ഥാനത്തെ 600ഓളം പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ലാബ് സൗകര്യമില്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ 250 പിഎച്ച്‌സികളില്‍ ലാബ് തുടങ്ങുമെന്ന് ആരോഗ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും ഇത് വരെ പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിച്ചില്ല. കിടത്തിച്ചികിത്സയുള്ളതാണ് ഭൂരിപക്ഷം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും. നാലുമുതല്‍ ആറുലക്ഷം വരെ രൂപ ചെലവാക്കിയാല്‍ ലാബുകള്‍ തുടങ്ങാവുന്നതാണെങ്കിലും നിരവധി കാരണങ്ങള്‍ നിരത്തി സര്‍ക്കാര്‍ ജനോപാകരപ്രദമായ പദ്ധതിക്ക് തടസ്സം നില്‍ക്കുകയാണ്.
പണമില്ലെന്ന പേരിലാണ് സര്‍ക്കാര്‍ ഇതിനായുള്ള നടപടിവൈകിപ്പിക്കുന്നത്. ആശുപത്രികളില്‍ ലാബ് തുടങ്ങാന്‍ 667 ലാബ് ടെക്‌നീഷ്യന്‍ തസ്തിക സൃഷ്ടിക്കണമെന്ന് പറഞ്ഞ് ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശം ധനകാര്യവകുപ്പ് മൂന്നുതവണ മടക്കിയയച്ചു. 16 കോടിചെലവഴിച്ചാല്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ലാബുകള്‍ തുടങ്ങാമെന്ന് സര്‍ക്കാര്‍കണക്കുകള്‍ തന്നെ പറയുന്നു. പാവപ്പെട്ട ജനങ്ങളുടെ ചികില്‍സയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിസംഗത പാലിക്കുന്നത് രോഗികളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു വശത്ത് ലബോറട്ടറി സൗകര്യമില്ലാത്തത് രോഗികളെ വലക്കുമ്പോള്‍ ആവശ്യത്തിന് ജീവിക്കാരില്ലാത്തതിനെ തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതും രോഗികളെ ബുദ്ധിമുട്ടിക്കുന്നു.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ 36 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് ഒന്ന് ഒഴിവുകളും സ്റ്റാഫ് നഴ്‌സ് ഗ്രേഡ്-2ല്‍ 11 ഒഴിവുകളുമാണുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഒഴിവ് റിപോര്‍ട്ട് ചെയ്തത് കാസര്‍കോട് ജനറല്‍ ആശുപത്രിയിലും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ 21 സ്റ്റാഫ് നഴ്‌സുകളുടെും (ഗ്രേഡ് ഒന്ന്) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നാല് സ്റ്റാഫ് നഴ്‌സുമാരുടെയും (ഗ്രേഡ് ഒന്ന്) ഒഴിവ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it