ഭൂരിപക്ഷം തൊഴിലാളികളും പണിക്കിറങ്ങി

മൂന്നാര്‍: മൂന്നാറിലെ തോട്ടംമേഖലകള്‍ വീണ്ടുമുണര്‍ന്നു. തോട്ടംതൊഴിലാളികളുടെ വേതനവര്‍ധനവ് ധാരണയായതോടെയാണു കഴിഞ്ഞ 40 ദിവസങ്ങളായി മൂന്നാറില്‍ നടന്നുവന്ന സമരം അവസാനിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നലെ ഭൂരിപക്ഷം തൊഴിലാളികളും തോട്ടങ്ങളില്‍ പണിക്കിറങ്ങി. തൊഴിലാളികള്‍ സമരത്തിലായതോടെ കെഡിഎച്ച്പി കമ്പനിയിലെ ഏഴ് എക്‌സ്റ്റന്റ് എസ്റ്റേറ്റുകളും 16 മാനുഫാക്ചറിങ് യൂനിറ്റുകളും നിശ്ചലമായിരുന്നു.   സമരം ഒത്തുതീര്‍പ്പായതോടെ പിഎല്‍സി ചര്‍ച്ച നടന്ന ചൊവ്വാഴ്ച രാത്രിതന്നെ ട്രേഡ് യൂനിയന്‍ നടത്തി വന്ന സമരവും നിരാഹാരവും അവസാനിപ്പിച്ചിരുന്നു. പൊമ്പിളൈ ഒരുമൈ തീരുമാനം ഇന്നലെ രാവിലെ അറിയിക്കാമെന്നാണു പറഞ്ഞിരുന്നത്. 10 മണിയായതോടെ സമരവേദിയില്‍ സ്ത്രീ തൊഴിലാളികളും നേതാക്കളും പതിവുപോലെ എത്തി. പിഎല്‍സി തീരുമാനത്തില്‍ പരിപൂര്‍ണ തൃപ്തരല്ലെന്നും എങ്കിലും കഷ്ടങ്ങളും ബുദ്ധിമുട്ടും കാരണം ഇന്നുമുതല്‍ ജോലിക്കു പോയിത്തുടങ്ങുമെന്നും പൊമ്പളൈഒരുമൈ നേതൃത്വം അറിയിച്ചു.

പൊമ്പിളൈ ഒരുമൈയിലെ നിരവധി തൊഴിലാളികള്‍ അറിയിപ്പിനു കാത്തുനില്‍ക്കാതെ തോട്ടങ്ങളിലേക്കു പോയിരുന്നു. 80 ശതമാനത്തോളം തൊഴിലാളികള്‍ ജോലിക്ക് എത്തിയതായി കമ്പനി അറിയിച്ചു. കളകള്‍ കാടുകയറിയ തോട്ടങ്ങളില്‍ കള നശിപ്പിക്കുന്ന പണികളാണ് ഇന്നലെ നടന്നത്. പെരിയവര എസ്റ്റേറ്റിലെ പഴയകാട് ഡിവിഷനിലുള്ള ഭൂരിഭാഗം വരുന്ന തോട്ടങ്ങളും കള പടര്‍ന്നുകയറി മൂടിയ നിലയിലാണ്. അതേസമയം, വേതനവര്‍ധനവ് കാര്യത്തില്‍ സമ്പൂര്‍ണ തൃപ്തരല്ലെങ്കിലും സമരം പിന്‍വലിക്കുകയാണെന്ന് ട്രേഡ് യൂനിയന്‍ നേതാക്കള്‍ അറിയിച്ചു. വേതനവര്‍ധനവ് നടത്തിയ മുഖ്യമന്ത്രിക്ക് അഭിവാദനമര്‍പ്പിച്ച് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
Next Story

RELATED STORIES

Share it