ഭൂരഹിതരുടെ ആഗ്രഹങ്ങള്‍ പുനരധിവാസത്തിനു തടസ്സം: മുഖ്യമന്ത്രി

കോഴിക്കോട്: ഭൂരഹിതര്‍ കൂടുതല്‍ സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നതാണ് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ പാളിച്ചയ്ക്കു കാരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ഭൂ- ഭവന വിതരണ പദ്ധതികള്‍ സംയോജിപ്പിച്ചു നടപ്പാക്കുന്ന ഭൂരഹിതരില്ലാത്ത കേരളംവഴി ലഭിച്ച ഭൂമി, അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഏറ്റെടുക്കാന്‍ ഗുണഭോക്താക്കള്‍ തയ്യാറാവാതിരിക്കുന്ന സാഹചര്യത്തിലാണ് നിരാലംബരുടെ ആഗ്രഹങ്ങളെ അപഹസിക്കുന്ന മുഖ്യമന്ത്രിയുടെ പ്രതികരണം.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചിട്ടും ഒന്നാം ഘട്ടത്തില്‍ ഭൂമി അനുവദിച്ചവരില്‍ ഭൂരിഭാഗവും പട്ടയം സ്വീകരിച്ചിട്ടില്ലെന്നും വെള്ളം, വെളിച്ചം, വഴി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് ഗുണഭോക്താക്കള്‍ ഭൂമി സ്വീകരിക്കാത്തതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് മുഖ്യമന്ത്രി ഗുണഭോക്താക്കളുടെ ആഗ്രഹങ്ങളാണ് പദ്ധതിക്കു തടസ്സം എന്ന നിലയില്‍ പ്രതികരിച്ചത്.
വിജയ് മല്യ പോലുള്ള കോര്‍പറേറ്റുകള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഭൂമി നല്‍കുന്ന സര്‍ക്കാര്‍, ഭൂരഹിതരുടെ കാര്യത്തില്‍ ഈ പരിഗണന നല്‍കാതിരിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിനു മറുപടിയായി ഈ സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്കും വ്യവസായികള്‍ക്കും ഇത്തരത്തില്‍ ഭൂമി നല്‍കിയിട്ടില്ല എന്നുപറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.
ഭൂരഹിതര്‍ക്ക് ഭൂമിയും വീടും മാത്രം പോരാ. വഴി, വെളിച്ചം, കുടിവെള്ളം, സ്‌കൂള്‍, ആശുപത്രി തുടങ്ങി മറ്റെല്ലാ സൗകര്യവും വേണം. ഭൂമി ലഭിച്ച പലര്‍ക്കും ആ പ്രദേശത്ത് ജോലിസാധ്യത ഇല്ല എന്നതും പരാതിക്കു കാരണമായി. ഈ സൗകര്യങ്ങള്‍ എല്ലാമുള്ള ഭൂമി കണ്ടെത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ജില്ലയിലെ കക്കാട് വില്ലേജില്‍ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി 108 കുടുംബങ്ങള്‍ക്ക് ഭൂമി അനുവദിച്ചിരുന്നു. പൊതുനിരത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം നടന്നു കയറേണ്ട പോയില്‍കുന്നില്‍ പത്തില്‍ താഴെ കുടുംബങ്ങള്‍ മാത്രമാണ് ഭൂമിയുടെ പട്ടയം വാങ്ങിയത്. പട്ടയം വാങ്ങിയ ഒരാള്‍പോലും ഇവിടെ വീടു നിര്‍മിച്ചിട്ടില്ല. പദ്ധതിയുടെ ഒന്നാം ഘട്ടം എന്ന നിലയില്‍ വൃദ്ധരെയും രോഗികളെയുമാണു പരിഗണിച്ചിരുന്നത്. വില്ലേജ് ഓഫിസര്‍ മുതലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ ജനവാസ യോഗ്യമല്ല എന്ന് അറിയിച്ചിട്ടും പദ്ധതിയില്‍ ഈ ഭൂമി ഉള്‍പ്പെടുത്തിയത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും മുഖ്യമന്ത്രി വ്യക്തമായ മറുപടി പറഞ്ഞില്ല.
മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ ഈ കുടുംബങ്ങള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ ജില്ലാ കലക്ടര്‍, ഈ കുടുംബങ്ങള്‍ക്ക് പകരം നല്‍കാന്‍ ഭൂമിയില്ല എന്ന റിപോര്‍ട്ടാണ് സര്‍ക്കാരിനു നല്‍കിയത്. ഇതേസമയം, പദ്ധതിയുടെ ഗുണഭോക്താക്കള്‍ വിവരാവകാശ നിയമം അനുസരിച്ച് ജില്ലയിലെ വിതരണയോഗ്യമായ സര്‍ക്കാര്‍ ഭൂമിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചപ്പോള്‍ ഇവരേക്കാള്‍ എത്രയോ മടങ്ങ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമി ജില്ലയില്‍ ഉണ്ടെന്നു കണ്ടെത്തിയ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, ഇക്കാര്യം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മറുപടി.
Next Story

RELATED STORIES

Share it