malappuram local

ഭൂമി സര്‍വേയ്‌ക്കെത്തിയവരെ നാട്ടുകാര്‍ തടഞ്ഞു



കൊണ്ടോട്ടി: നഗരസഭയുടെ സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള സര്‍വേക്കെത്തിയവരെ കരിപ്പൂര്‍ സ്ഥലമേറ്റെടുപ്പെന്ന ആശങ്കയില്‍ നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ നെടിയിരുപ്പ് വില്ലേജിലെ പാലക്കപ്പറമ്പ്, ഇളനീര്‍ക്കര പ്രദേശങ്ങളിലാണ് ഉദ്യോഗസ്ഥ സംഘം എത്തിയത്. നഗരസഭയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള സര്‍വേ ഒന്നരമാസമായി നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്നലെ പരിശോധനയ്ക്ക് എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, വിമാനത്താവള റണ്‍വേ വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന പ്രദേശമാണ് പാലക്കാപറമ്പ് മേഖല. നിലവില്‍ നടക്കുന്ന സര്‍വേ ഫലം സ്ഥലമേറ്റെടുപ്പിന് സഹായകരമാവുമെന്ന ആശങ്ക ഉയര്‍ന്നതോടെയാണ് നാട്ടുകാര്‍ സംഘത്തെ തടഞ്ഞത്. ഒരോ സര്‍വേ നമ്പറിലെയും കെട്ടിടങ്ങള്‍, മരങ്ങള്‍, റോഡ്, നടവഴികള്‍, ഭൂമിയിലെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരം തുടങ്ങിയ വിവരങ്ങളാണ് സര്‍വേ സംഘം രേഖപ്പെടുത്തുന്നത്. ഇത് ഭൂമി ഏറ്റെടുക്കലിനും സഹായകരമാവുമെന്നാണ് നാട്ടുകാരുടെ ആശങ്ക. വര്‍ഷങ്ങളായി മേഖലയില്‍ ഭൂമി സംബന്ധമായി ഒരു തലത്തിലുള്ള സര്‍വേയും നടക്കാറില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സര്‍വേ നിര്‍ത്തി മടങ്ങി. പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ച് വിമാനത്താവളത്തിനായി സര്‍വേ നടത്താനുള്ള ശ്രമമാണിതെന്ന് ചൂണ്ടിക്കാട്ടി സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറ് കണക്കിന് ആളുകള്‍ പ്രദേശത്ത് സംഘടിച്ച് ഉദ്യോഗസ്ഥരെ തടയുകയായിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും കള്ളക്കഥകള്‍ പ്രചരിപ്പിച്ചും സര്‍വേ നടത്താനുള്ള സര്‍ക്കാര്‍ നീക്കം ഏകാധിപത്യപരമാണെന്ന് വിമാനത്താവള സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. ഇരകളെ വിശ്വാസത്തിലെടുക്കാതെയും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താതെയും ഏകപക്ഷീയമായി ഭൂമിയേറ്റെടുക്കാനുള്ള ശ്രമം ഏത് വിധേനയും ചെറുത്തുതോല്‍പിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it