wayanad local

ഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ പ്രഖ്യാപനത്തില്‍ മാത്രം ; ആദിവാസി സമരം തുടരുന്നു



സുല്‍ത്താന്‍ ബത്തേരി: കോളനിവാസികളുടെ ഭൂമിക്ക് വേണ്ടിയുള്ള സമരം 16 ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പാക്കാനുള്ള നടപടികള്‍ വൈകുന്നു. താല്‍ക്കാലിക സംവിധാനം ഒരുക്കുന്നതില്‍ പോലും അധികൃതര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ 26ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോളനിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് തീരുമാനമെടുത്തിരുന്നുവെങ്കിലും ഇതു നടപ്പാക്കുന്നതില്‍ ട്രൈബല്‍ വകുപ്പ് വീഴ്ചവരുത്തുകയാണെന്നു കോളനിവാസികള്‍ ആരോപിച്ചു. നൂല്‍പ്പുഴയിലെ കല്ലുമുക്ക് കാക്കത്തോട്, ചാടകപ്പുര കോളനിവാസികളാണ് ഭൂമിക്കായി വനഭൂമി കൈയേറി സമരം നടത്തുന്നത്. ശക്തമായ മഴയില്‍ കോളനികളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് ആദിവാസികള്‍ കഴിഞ്ഞ 18ന് സമീപത്തെ അളിപ്പുറം വനമേഖലയില്‍ കുടില്‍കെട്ടി സമരം ആരംഭിച്ചത്. എന്നാല്‍, 16 ദിവസം പിന്നിട്ടിട്ടും കോളനിക്കാരുടെ ആവശ്യങ്ങളിന്മേല്‍ പരിഹാരം വൈകുകയാണ്. രണ്ടു മാസത്തിനുളളില്‍ ഭൂമി കണ്ടെത്തി നല്‍കാമെന്നും ഇതിനു മുന്നോടിയായി കോളനിക്കാരെ താല്‍ക്കാലിക താമസസൗകര്യമൊരുക്കി മാറ്റണമെന്നുമായിരുന്നു ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനം. ഇതിനായി പഞ്ചായത്ത്, ട്രൈബല്‍ അധികൃതരെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, ദിവസങ്ങള്‍ പിന്നിട്ടിട്ടും തീരുമാനങ്ങള്‍ നടപ്പില്‍ വരുത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ പോലും ആരംഭിച്ചിട്ടില്ലെന്നാണ് പരാതി. അതിനിടെ, കല്ലൂരിലെ അടഞ്ഞുകിടക്കുന്ന മാര്‍ക്കറ്റ് കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിന് ആലോചനകള്‍ നടക്കുന്നുണ്ട്. എന്നാല്‍, ഇവിടെ യാതൊരുവിധ അടിസ്ഥാനസൗകര്യങ്ങളും ഇല്ലെന്നും അങ്ങോട്ട് താമസം മാറ്റാനാവില്ലെന്നും കോളനിവാസികള്‍ പറയുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ ഇല്ലാത്ത പക്ഷം സമരം കൂടുതല്‍ ശക്തമാക്കാനാണ് ആദിവാസികളുടെ തീരുമാനം. രണ്ടു കോളനികളില്‍ നിന്നുമുള്ള 54 കുടുംബങ്ങളാണ് വനഭൂമിയില്‍ കുടില്‍കെട്ടി സമരം നടത്തുന്നത്.
Next Story

RELATED STORIES

Share it