Flash News

ഭൂമി തട്ടിയെടുത്ത് പണയപ്പെടുത്തി : രണ്ടുപേര്‍ അറസ്റ്റില്‍



വൈപ്പിന്‍: വായ്പക്ക്—ഈടായി എഴുതിവാങ്ങിയ 20 സെന്റ് ഭൂ—മി ബാങ്കിനു പണയപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ ഞാറക്കല്‍ പോലിസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ആലപ്പുഴ കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപത്തുള്ള മടയില്‍പറമ്പില്‍ മാത്യു ജേക്കബ് (54), രണ്ടാം പ്രതി കാക്കനാട് കൊല്ലംകുടിമുകളില്‍ ആനാന്തുരുത്തില്‍ ബാബുരാജ് (48) എന്നിവരെയാണ്  സിഐ കെ ഉല്ലാസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 2009ല്‍ ഞാറക്കല്‍ പെരുമ്പിള്ളി സ്വദേശി ലീനറ്റിന് ബാങ്കില്‍ നിന്നു വായ്പയെടുത്തു നല്‍കാമെന്നു പറഞ്ഞ് പ്രതികള്‍ ആധാരം ഈടായി വാങ്ങുകയും ആറു ലക്ഷം രൂപ നല്‍കുകയും ചെയ്തു. എസ്ബിഐ എംജി റോഡ് ശാഖ അധികൃതര്‍ എത്തി വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചപ്പോഴാണ് തട്ടിപ്പ് നടന്നതായി വീട്ടമ്മ അറിയുന്നത്. വീട്ടമ്മക്ക് ആറു ലക്ഷം രൂപ വായ്പ നല്‍കി ഈടു വാങ്ങിയ ഭൂമി പ്രതികള്‍ 25 ലക്ഷം രൂപയ്ക്ക് ബാങ്കില്‍ പണയം വയ്ക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മ 2013ല്‍ പോലിസില്‍ പരാതി നല്‍കി. എന്നാല്‍, പണം തിരിച്ചടയ്ക്കാനാവാതെ വന്നപ്പോള്‍ ബാങ്കുകാര്‍ വീട് ജപ്തി ചെയ്തു. സമാന തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമായതോടെ ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പോലിസ് വീണ്ടും ഈ കേസ് അന്വേഷിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരേ വിവിധ സ്റ്റേഷനുകളില്‍ സമാന രീതിയിലുള്ള ഒമ്പതില്‍പരം കേസുകളുണ്ട്. അന്വേഷണസംഘത്തില്‍ എഎസ്‌ഐമാരായ  ഹരി, ഭഗവല്‍ദാസ്, സിവില്‍ പോലിസ് ഓഫിസര്‍മാരായ എം ആര്‍ രാജേഷ്, പ്രീജന്‍ എന്നിവരും ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it