malappuram local

ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് ഉടമകളുടെ പരാതി കേള്‍ക്കും: ജില്ലാ കലക്ടര്‍

മലപ്പുറം: ദേശീയപാതയ്ക്ക്് ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുന്നവരുടെ ആക്ഷേപങ്ങള്‍ കേള്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ ചേര്‍ന്ന എംഎല്‍എമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് നിലവിലെ നിയമമനുസരിച്ച് കൂടിയ നഷ്ടപരിഹാരം നല്‍കും. ഇതുസംബന്ധിച്ച വസ്തുതകള്‍ ഭൂവുടമകളെ പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് ബോധ്യപ്പെടുത്തും. കുറ്റിപ്പുറം ഭാഗത്തെ ഭൂവുടമകളുടെ യോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കുറ്റിപ്പുറം പഞ്ചായത്ത് ഓഫിസില്‍ ചേരും. ത്രിഎ വിജ്ഞാപന പ്രകാരം നോട്ടിൈഫ ചെയ്ത സര്‍വേ നമ്പറിലുള്ള കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്തിലുള്ള ഭൂവുടമകളാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. വിജ്ഞാപനം ചെയ്ത സര്‍വേ നമ്പറിലെ ഭൂവുടമയാണെന്ന് തെളിയിക്കുന്നതിന് നികുതി രശീതി ഉള്‍പ്പെടെയുള്ള രേഖകളുമായി വരുന്നവരെ മാത്രമെ യോഗത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ. നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ പരാതി നല്‍കണമെന്ന പ്രചാരണം ശരിയല്ല. ഭൂമി, വീട്, കെട്ടിടങ്ങള്‍, കൃഷി, വൃക്ഷങ്ങള്‍ എന്നിവ റോഡ് വികസനത്തിനായി വിട്ടുനല്‍കുന്ന എല്ലാവര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കും. 2018 നവംബറില്‍ ഹൈവേ വീതികൂട്ടുന്ന പ്രവൃത്തികള്‍ ആരംഭിക്കുന്നതിനുള്ള സമയക്രമമാണ് ഇപ്പോഴുള്ളത്.
നാല് താലൂക്കുകളിലെ 24 വില്ലേജുകളിലായി 76.6 കി.മീറ്റര്‍ ദൂരമാണ് സര്‍വേ ചെയ്ത് അതിര്‍ കല്ലുകള്‍ സ്ഥാപിക്കേണ്ടത്.  റോഡിന്റെ രണ്ട് വശങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ 153.2 കി.മീറ്റര്‍ ദൂരമുണ്ടാവും. ഇതിനായി 243.9 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്. ദേശീയപാതയിലെ അപകടങ്ങള്‍ പരമാവധി കുറയ്ക്കുന്ന തരത്തിലുള്ളതാണ് റോഡിന്റെ ഡിസൈന്‍. വര്‍ധിച്ചുവരുന്ന വാഹനപ്പെരുപ്പവും റോഡുകളുടെ ശോച്യാവസ്ഥയും ഒരു പരിധിവരെ റോഡപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. ഇതിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് സംസ്ഥാനത്തെ റോഡുകളുടെ വികസനം. ഇതുമായി ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍ എംഎല്‍എമാരായ കെ എന്‍ എ ഖാദര്‍, പി കെ അബ്ദുറബ്ബ്, ആബിദ് ഹുസയ്ന്‍ തങ്ങള്‍, പി അബ്ദുല്‍ ഹമീദ്, ടി വി ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it