Kerala

ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പ് നഷ്ടപരിഹാരം

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: വികസനപദ്ധതികള്‍ക്കായി ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന് അനുസൃതമായി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ചട്ടങ്ങള്‍ക്കു മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേന്ദ്രനിയമമനുസരിച്ച് നല്‍കാവുന്നതിനേക്കാള്‍ ഉയര്‍ന്ന നഷ്ടപരിഹാരവും പുനരധിവാസവും നല്‍കി കാലതാമസമില്ലാതെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന നയം അംഗീകരിക്കാനും യോഗം തീരുമാനിച്ചു.
കൊച്ചി മെട്രോ, വിമാനത്താവളം, ദേശീയപാതകള്‍ തുടങ്ങിയ വന്‍കിട പദ്ധതികളുടെ ത്വരിതഗതിയിലുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് സബ്ജക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കും അംഗീകാരത്തിനും പിന്നീട് സമര്‍പ്പിക്കാമെന്ന വ്യവസ്ഥയില്‍ ചട്ടങ്ങള്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. ഭൂമി വിട്ടുനല്‍കുന്നവര്‍ക്കു നീതിപൂര്‍വവും ന്യായയുക്തവുമായ നഷ്ടപരിഹാരം നല്‍കുകയെന്നതാണ് ചട്ടത്തിലൂടെ ലക്ഷ്യമിടുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനു മുമ്പുതന്നെ ഉടമകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കും. നഷ്ടപരിഹാരത്തിനുവേണ്ടി ഭൂവുടമകള്‍ കോടതിയെയും മറ്റും സമീപിക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം.
ജോലി, പദ്ധതിയില്‍ പങ്കാളിത്തം തുടങ്ങിയവ ആവശ്യാനുസരണം പുനരധിവാസ പാക്കേജില്‍ ഉള്‍പ്പെടുത്തും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കരടു പ്രഖ്യാപനം വന്ന് 18 മാസത്തിനുള്ളില്‍ പുനരധിവാസ പദ്ധതികള്‍ നടപ്പാക്കുകയും അവിടെ അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സുതാര്യത ഉറപ്പാക്കും. ആവശ്യമായ സാഹചര്യങ്ങളില്‍ സാമൂഹികാഘാതപഠനം നടത്തും.
ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല പുനരധിവാസ സമിതികള്‍ രൂപീകരിക്കുമെന്നും ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. ഈ സമിതിയുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാനതല സമിതിയും രൂപീകരിക്കും. ജില്ലാതല ശുപാര്‍ശകള്‍ ഇവര്‍ പരിശോധിച്ചു തിരികെ നല്‍കും. തുടര്‍ന്ന് 15 ദിവസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് അയക്കുകയും അവരെ വിശദാംശങ്ങള്‍ അറിയിക്കുകയും ചെയ്യും. ആവശ്യമെങ്കില്‍ ജില്ലാസമിതിക്ക് വീണ്ടും സംസ്ഥാന സമിതിയെ സമീപിക്കാവുന്നതാണ്. നഷ്ടപരിഹാരത്തുക ബാങ്ക് അക്കൗണ്ടിലാണ് അടയ്ക്കുന്നത്.
ഭൂമി ഏറ്റെടുക്കലിനു സാധാരണഗതിയില്‍ മുന്‍കൂര്‍ അനുമതി ഭൂവുടമകളില്‍ നിന്നു തേടണം. 2013ലെ കേന്ദ്രസര്‍ക്കാരിന്റെ റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ ആന്റ് ട്രാന്‍സ്‌പെരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്റ് റീസെറ്റില്‍മെന്റ് ആക്ട് 2014 ജനുവരി ഒന്നിന് നിലവില്‍ വന്നതോടെയാണ് സംസ്ഥാനത്തെ 1894ലെ പൊന്നുംവില നിയമം ഇല്ലാതായത്.
എന്നാല്‍, 2013ലെ നിയമത്തിന്റെ 109ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഈ നിയമം നടപ്പാക്കാന്‍ ചട്ടങ്ങള്‍ക്കു രൂപം നല്‍കാം.
ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ കരടുചട്ടങ്ങള്‍ക്കു രൂപം നല്‍കി. 2013ലെ നിയമത്തിലെ ചട്ടങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചെങ്കിലും അതു ലാപ്‌സായി.
ഈ ഭേദഗതികളില്‍ സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ച നടത്തി കരട് വീണ്ടും നിയമവകുപ്പിന് അയച്ചു. തുടര്‍ന്നാണ് പുതിയ നയത്തിനു രൂപം കൊടുത്തത്. ഇതനുസരിച്ച് 2013ലെ ആക്റ്റിലെ സെക്ഷന്‍ 108 അനുശാസിക്കുന്നതുപോലെ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രനിയമം അനുസരിച്ച് നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കിലുള്ള നഷ്ടപരിഹാരവും പുനരധിവാസവും നല്‍കുന്നതിന് അധികാരം നല്‍കുന്നു.
Next Story

RELATED STORIES

Share it