ഭൂമി ഏറ്റെടുക്കല്‍ ബില്ല് ഗുജറാത്ത് പാസാക്കി

ഗാന്ധിനഗര്‍: കേന്ദ്രത്തിന്റെ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ കര്‍ക്കശമായ വകുപ്പുകളില്‍ ഇളവു വരുത്തി ഗുജറാത്ത് നിയമസഭ ഭൂമി ബില്ല് പാസാക്കി. പൊതു-വ്യവസായ ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ സാമൂഹികാഘാതവും ഉടമസ്ഥരുടെ അനുമതിയും പരിഗണിക്കണമെന്ന സുപ്രധാന വ്യവസ്ഥകളടക്കമുള്ളവ ഒഴിവാക്കിയാണ് നിയമസഭ ബില്ല് പാസാക്കിയത്.

കോണ്‍ഗ്രസ് എംഎല്‍എമാരെ നിയമസഭയില്‍ നിന്ന് സസ്‌പെന്‍ഡു ചെയ്തതിനാല്‍ പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു ബില്ല് അവതരണം. പലതവണ ശ്രമിച്ചിട്ടും രാജ്യസഭയില്‍ അംഗബലം കുറഞ്ഞതിനാല്‍ ഭേദഗതി വരുത്തിയ ഭൂമി ഏറ്റെടുക്കല്‍ ബില്ല് പാസാക്കിയെടുക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് സാധിച്ചിരുന്നില്ല. അവസാനം നിയമഭേദഗതി സംസ്ഥാന സര്‍ക്കാരിന് വിടുകയാണ് കേന്ദ്രം ചെയ്തത്. പ്രതിരോധമേഖലയ്ക്കും, സ്‌കൂളുകള്‍, റോഡുകള്‍, കനാലുകള്‍, ഭവനപദ്ധതികള്‍ തുടങ്ങിയ സാമൂഹിക മേഖലയ്ക്കും വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ സാമൂഹിക ആഘാത മാനദണ്ഡം ഒഴിവാക്കിയിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍. വ്യവസായ പദ്ധതികള്‍ക്കും ഈ നിബന്ധന ഒഴിവാക്കിയിട്ടുണ്ട്. ഒരു പ്രദേശത്ത് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമസ്ഥരില്‍ 80 ശതമാനം പേരുടെ അനുമതി നിര്‍ബന്ധമായും വേണമെന്ന നിബന്ധനയും മാറ്റിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കുന്നതില്‍ കൃത്രിമം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രിമിനല്‍ നടപടികളെടുക്കണമെന്ന വകുപ്പിലും അയവുവരുത്തി. ഉടമകള്‍ക്ക് നേരിട്ട് ഭൂമി നല്‍കാമെന്ന വ്യവസ്ഥയും ബില്ലിലുണ്ട്.
ഈ നിബന്ധനകളെല്ലാം കൊണ്ടുവന്നത് ഭൂമി ഏറ്റെടുക്കുന്നതിലുള്ള കാലതാമസം ഒഴിവാക്കുന്നതിനാണെന്നാണ് മന്ത്രി നിതിന്‍ പട്ടേലിന്റെ വിശദീകരണം. നര്‍മദ കനാല്‍ നിര്‍മാണം, വ്യവസായ ഇടനാഴിക്കുള്ള ഭൂമി ഏറ്റെടുക്കല്‍, ബുള്ളറ്റ് ട്രെയിന്‍ പദ്ധതി എന്നീ പ്രവര്‍ത്തനങ്ങള്‍ കാലതാമസമില്ലാതെ നടത്തുന്നതിനുവേണ്ടിയാണ് ബില്ല് അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it