ഭൂമിയേറ്റെടുക്കല്‍: കോടതിയെ മാറ്റിനിര്‍ത്താന്‍ കേന്ദ്രനീക്കം

ന്യൂഡല്‍ഹി: വിവിധ പദ്ധതികള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്നതുമായും മറ്റും ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ കോടതിയിടപെടലുകള്‍ കുറയ്ക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. തലസ്ഥാനത്തെ ഒരു പത്രത്തിന്റെ റിപോര്‍ട്ടനുസരിച്ച്, 1963ലെ സ്‌പെസിഫിക് റിലീഫ് ആക്റ്റിലെ വകുപ്പുകളില്‍ ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്രം തയ്യാറെടുക്കുന്നത്. ഇതുസംബന്ധിച്ച് പഠിച്ച ഉന്നതതല കമ്മിറ്റി നിയമമന്ത്രി സദാനന്ദ ഗൗഡയ്ക്ക് ചൊവ്വാഴ്ച റിപോര്‍ട്ട് സമര്‍പ്പിച്ചെന്ന് മെയില്‍ ടുഡെ റിപോര്‍ട്ട് ചെയ്തു.
ടെണ്ടര്‍ വിളിക്കുക, കരാര്‍ നല്‍കുക തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായും മറ്റും ബന്ധപ്പെട്ട കാര്യങ്ങളില്‍ കോടതിയുടെ ഇടപെടലുകള്‍ കുറയ്ക്കാന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്‌തെന്നാണറിയുന്നത്.
പല സര്‍ക്കാര്‍ പദ്ധതികളുമായും ബന്ധപ്പെട്ട ഭൂമിയേറ്റെടുക്കല്‍ പ്രക്രിയക്കെതിരേ വ്യത്യസ്ത സര്‍ക്കാരിതര സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടെയും പരിഗണനയിലിരിക്കെ പുതിയ നിര്‍ദേശങ്ങള്‍ക്ക് പ്രാധാന്യമേറെയാണ്. ഒരു നിരീക്ഷണ സംവിധാനത്തിന്റെയും നിയന്ത്രണ സംവിധാനത്തിന്റെയും സഹായത്തോടെ സര്‍ക്കാര്‍ പദ്ധതികളുടെ നടപ്പാക്കല്‍ സുഗമമാക്കാന്‍ പറ്റുമെന്നും ഇതുമായി ബന്ധപ്പെട്ട കോടതികളുടെ ഇടപെടലുകള്‍ ഏറ്റവും കുറഞ്ഞ തോതില്‍ മാത്രമായിരിക്കണമെന്നും ഇതിലൂടെ ജനങ്ങള്‍ക്കായുള്ള പദ്ധതികള്‍ സ്തംഭനാവസ്ഥയിലാവുന്നത് ഒഴിവാക്കാമെന്നും പാനല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം പദ്ധതികളില്‍ കോടതികളുടെയും ട്രൈബ്യൂണലുകളുടെയും വിവേചനാധികാരം കുറച്ചു കൊണ്ടുവരാനും കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. റിപോര്‍ട്ട് മന്ത്രാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും നിയമമന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതിരോധമടക്കമുള്ള മേഖലകളില്‍ ഇതുവരെയില്ലാത്ത നേരിട്ടുള്ള വിദേശനിക്ഷേപത്തിന് വഴിയൊരുക്കിയ മോദി സര്‍ക്കാര്‍ നിക്ഷേപകരെ മുന്നില്‍ കണ്ട് നടത്തുന്ന മറ്റൊരു പ്രധാന ചുവടുവയ്പാണ് സ്‌പെസിഫിക് റിലീഫ് ആക്റ്റില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന ഭേദഗതി.
Next Story

RELATED STORIES

Share it