malappuram local

ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം ഉടന്‍ പൂര്‍ത്തിയാക്കും: ജില്ലാ കലക്ടര്‍

മലപ്പുറം: ജില്ലയില്‍ ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം മൂന്നു മാസത്തിനകം പൂര്‍ത്തികരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. ന്യായവില നിര്‍ണയവുമായി ബന്ധപ്പെട്ട് റവന്യൂ ജീവനക്കാര്‍ക്ക് നല്‍കിയ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവംബര്‍ ഒന്നിന് വിലനിര്‍ണയത്തിന് തുടക്കമാവും. മൂന്നു മാസംകൊണ്ട് വിവരശേഖരണം പൂര്‍ത്തിയാക്കി സമഗ്രമായ പുനര്‍നിര്‍ണയമാണ് ലക്ഷ്യമിടുന്നത്. റവന്യൂ, രജിസ്‌ട്രേഷന്‍, സര്‍വേ, നികുതി, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങിയ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ഭൂമിയിലുണ്ടാവുന്ന മാറ്റങ്ങള്‍ പരിഗണിച്ചാണ് ന്യായവില നിശ്ചയിക്കുക. റവന്യൂ നഷ്ടം പരമാവധി ഒഴിവാക്കി ജനങ്ങളില്‍ അധികബാധ്യത വരാത്ത രീതിയിലാവും വില നിര്‍ണയം. സമീപപ്രദേശങ്ങളിലെ ഭൂമിയുടെ വില്‍പ്പന വില അടക്കമുള്ളവ പരിശോധിച്ചാണ് ന്യായവില നിര്‍ണയിക്കുക.
വനം, റോഡ്, ഇടവഴി, റെയില്‍പാത, കുളം, തോട്, കനാല്‍, പാലം, അണക്കെട്ട്, കലുങ്ക് എന്നിവ ഒഴികെയുള്ളവയുടെ വിലയാണ് നിര്‍ണയിക്കുന്നത്. പൊതുസ്ഥലത്തുള്ള കുളം, കനാല്‍ എന്നിവയുടെ വിലയും നിര്‍ണിയിക്കും. കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ (സിഎജി) നീരിക്ഷണങ്ങളുടെയും ശുപാര്‍ശകളുടെയും അടിസ്ഥാനത്തിലാവും ന്യായവില പുനര്‍നിര്‍ണയിക്കുന്നത്. നിലവിലെ അപാകതകള്‍ പരിഹരിക്കാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുക, പൊതു അതിര്‍ത്തി പങ്കിടുന്ന ഭൂമിക്ക് ഒരേ ന്യായ വില നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണം. വില്ലേജ് ഓഫിസര്‍ കണ്‍വീനറായുള്ള വില്ലേജുതല കമ്മിറ്റി, താലൂക്കുതല കമ്മിറ്റി, ജില്ലാതല കമ്മിറ്റി എന്നിങ്ങനെ മൂന്ന് തലത്തിലാണ് ന്യായവില പുനര്‍നിര്‍ണയ പ്രക്രിയ പൂര്‍ത്തീകരിക്കുക. മുമ്പ്് 2010, 2014 വര്‍ഷങ്ങളില്‍ ന്യായവിലയില്‍ സര്‍ക്കാര്‍ വര്‍ധന വരുത്തിയിരുന്നു. ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയം സര്‍ക്കാരിന്റെ വരുമാന നഷ്ടത്തിന് പരിഹാരമാവും. ന്യായ വിലയില്‍ പത്ത് ശതമാനം വര്‍ധനയാണ് നിര്‍ദേശിച്ചിരിക്കുന്നത്്. സൗകര്യങ്ങള്‍ക്കനുസരിച്ചാവും വിലനിര്‍ണയമുണ്ടാവുക. ഗതാഗത സൗകര്യം, അടിസ്ഥാന സൗകര്യം, ജലം, വൈദ്യുതി എന്നിവയുടെ ലഭ്യത ഇവയെല്ലാം വില വര്‍ധിക്കുന്നതിന് കാരണമാവും.
വെള്ളപ്പൊക്ക മേഖല, മാര്‍ക്കറ്റുകളുടെ സമീപം, മലിനമായ ജലാശയത്തിന് സമീപം, കുടിവെള്ള ദൗര്‍ലഭ്യമുള്ള സ്ഥലം എന്നിവിടങ്ങളില്‍ വില കുറയും. കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന പരിശീലന പരിപാടിയില്‍ സീനിയര്‍ സുപ്രണ്ടുമാരായ ജേക്കബ് സഞ്ജയ് ജോണ്‍, സിഎസ് അനില്‍, ജയകുമാര്‍, ജൂനിയര്‍ സുപ്രണ്ട് കെ പി ബിജു, ഗിരീന്ദ്രകുമാര്‍, സീനിയര്‍ ക്ലര്‍ക്ക് പ്രശാന്ത് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it