ഭൂമിയുടെ ന്യായവില നിര്‍ണയം:സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിവാദത്തില്‍

റജീഷ് കെ സദാനന്ദന്‍

മഞ്ചേരി: സ്വകാര്യ ഭൂമിയുടെ ന്യായവില നിര്‍ണയിക്കുന്നതിന് സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിവാദത്തിലേക്ക്. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും ഭൂമിയുടെ ന്യായവില പുനര്‍നിര്‍ണയിക്കണമെന്ന ഉത്തരവിനെതിരേ റവന്യൂ ജീവനക്കാര്‍ പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കുകയാണ്.
മൂന്നു മാസത്തിനകം ന്യായ വില പുനര്‍നിര്‍ണയിക്കണമെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവ്. എന്നാല്‍, പട്ടയ വിതരണം പൂര്‍ത്തിയാവാത്ത സാഹചര്യത്തില്‍ ഇതു പ്രായോഗികമല്ലെന്നാണ് ജീവനക്കാരുടെ പക്ഷം. അടുത്ത മാസം ഒന്നു മുതല്‍ വിലനിര്‍ണയ നടപടികള്‍ ആരംഭിക്കാനാണ് നേരത്തേയുണ്ടായിരുന്ന നിര്‍ദേശം. പട്ടയ വിതരണം പൂര്‍ത്തിയാവാതിരിക്കെ വിലനിര്‍ണയം അടുത്ത വര്‍ഷം ജനുവരിയിലേക്കു മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
മുഴുവന്‍ വിലേജുകളിലും എല്ലാ സബ് ഡിവിഷനുകളിലും കൈവശഭൂമിയില്‍ പ്രത്യേകം പ്രത്യേകമായി നേരിട്ട് പരിശോധിച്ച് വില നിര്‍ണയിക്കണമെന്നാണ് റവന്യൂ കമ്മീഷണറുടെ നിര്‍ദേശം. ഇതിനായി വിലേജ് ഓഫിസിലെ ജീവനക്കാര്‍ക്ക് സര്‍വേ സബ്ഡിവിഷന്‍ നമ്പറുകള്‍ തുല്യമായി വീതിച്ചു നല്‍കണം. അറുപതിനായിരത്തിലേറെ തണ്ട പേരുകള്‍ ഉള്ള വിലേജുകള്‍ സംസ്ഥാനത്തുണ്ടെന്നിരിക്കെ 90 ദിവസം കൊണ്ട് വിലനിര്‍ണയം പൂര്‍ത്തീകരിക്കാന്‍ പ്രതിദിനം 650 ഫീല്‍ഡുകള്‍ ജീവനക്കാര്‍ ഇവിടങ്ങളില്‍ പരിശോധിക്കേണ്ടി വരുമെന്നാണ് ശരാശരി കണക്ക്.
20,000 തണ്ട പേരും നാലു ജീവനക്കാരുമുള്ള ചെറിയ വില്ലേജുകളില്‍ പോലും ദിവസവും 250 സബ് ഡിവിഷന്റെ വിലനിര്‍ണയം നടത്തണം. ഇത് അപ്രായോഗികമാണെന്നു ജീവനക്കാര്‍ പറയുന്നു.
നിലവില നടപടികള്‍ അധിക ജോലിഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നാണ് ജീവനക്കാരുടെ വാദം. ഇതിനെതിരേ എന്‍ജിഒ അസോസിയേഷന്‍ ഇതിനകം സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 25ന് റവന്യൂ കമ്മീഷണറേറ്റിലേക്കും ജില്ലാ കലക്ടറേറ്റുകളിലേക്കും മാര്‍ച്ചും ധര്‍ണയും നടത്താനാണ് തീരുമാനം. വില്ലേജ് മുതലുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ക്കു സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ കാര്യാലയങ്ങളിലെ ജീവനക്കാര്‍ സമരരംഗത്തിറങ്ങുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം, റവന്യൂ റിക്കവറി, കേരള ബില്‍ഡിങ് ടാക്‌സ് നിര്‍ണയം, പട്ടയവിതരണം, കരം പിരിവ് തുടങ്ങി ദൈനംദിന ജോലികള്‍ക്കിടെയാണ് ഭൂമിയുടെ ന്യായവില നിര്‍ണയ നടപടികളും വിലേജ് ജീവനക്കാരെ ഏല്‍പ്പിക്കുന്നത്.
Next Story

RELATED STORIES

Share it