ഭൂമിയുടെയും ജലസമ്പത്തിന്റെയും വിനിയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും: മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ ദുരന്തങ്ങളില്‍ നിന്നു വിജയകരമായി കരകയറിയ രാജ്യങ്ങളുടെ അനുഭവം കണക്കിലെടുത്താണ് കേരളത്തില്‍ പ്രളയാനന്തര പുനര്‍നിര്‍മാണം നടത്തുകയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പുനര്‍നിര്‍മാണ പദ്ധതി ഉപദേശക സമിതിയുടെ ആദ്യ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദുരന്തങ്ങള്‍ ഒഴിവാക്കാനായി ഭൂമിയുടെയും ജല സമ്പത്തിന്റെയും വിനിയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും. പ്രളയത്തില്‍ ഭൂമി നഷ്ടമായവര്‍ക്ക് ഭൂമി വാങ്ങാന്‍ ആറുലക്ഷം രൂപ നല്‍കും. വീട് നിര്‍മിക്കാന്‍ പറ്റാത്ത സ്ഥലങ്ങളിലുള്ളവര്‍ക്ക് പുതിയ സ്ഥലം കണ്ടെത്തും. ധാരാളം പേര്‍ ഭൂമി സംഭാവന നല്‍കാന്‍ തയ്യാറായിട്ടുണ്ട്. സ്ഥലം കണ്ടെത്തുമ്പോള്‍ അതുകൂടി പരിഗണിക്കും. സമഗ്രമായ കാഴ്ചപ്പാടോടെ അടിസ്ഥാന സൗകര്യവികസനം നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ഷിക രംഗത്തെയും ജലസേചന മേഖലയിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഇനിയും വൈകരുതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഗഡുവായ 10,000 രൂപ നിരവധി പേര്‍ക്ക് ഇനിയും കിട്ടാനുണ്ട്. അതോടൊപ്പം പലിശരഹിത വായ്പയായ ഒരുലക്ഷം രൂപയും വ്യാപാരികള്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നുള്ളതും എങ്ങും എത്തിയിട്ടില്ല. കടലാക്രമണം നേരിടാന്‍ ആധുനിക സാങ്കേതികവിദ്യകള്‍ നടപ്പാക്കണം. നിരവധി ദുരന്തങ്ങള്‍ നേരിട്ടിട്ടുള്ള ജപ്പാന്‍, ഇന്ത്യേനീസ്യ, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളുടെ വൈദഗ്ധ്യം നാം ഉപയോഗപ്പെടുത്തണം. ദുരന്തങ്ങള്‍ നേരിടാന്‍ വൈദഗ്ധ്യമുള്ള അന്താരാഷ്ട്ര റിക്കവറി പ്ലാറ്റ്‌ഫോം പോലുള്ള സംഘടനകളുടെ സേവനം ലഭ്യമാക്കുന്നത് നല്ലതാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമിതിയില്‍ അംഗങ്ങളായ അല്‍ഫോന്‍സ് കണ്ണന്താനം വിദേശത്തായതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു അംഗം ഡോ. മുരളി തുമ്മാരകുടി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ചയില്‍ പങ്കെടുത്തു. രണ്ടാഴ്ചയിലൊരിക്കല്‍ ഉപദേശക സമിതി ചേരാനാണ് ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത യോഗം നവംബര്‍ 13ന് ചേരും. ഉപദേശക സമിതി അംഗങ്ങളുമായി തുടര്‍ച്ചയായ ആശയവിനിമയത്തിനു പ്രത്യേക ഇന്റര്‍നെറ്റ് അധിഷ്ഠിത വേദി ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എകെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി തോമസ്, മുന്‍ കാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖരന്‍, മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍, ഡോ. കെപി കണ്ണന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വികെ രാമചന്ദ്രന്‍, ബൈജു രവീന്ദ്രന്‍, ഹഡ്‌കോ മുന്‍ ചെര്‍മാന്‍ വി സുരേഷ്, ചീഫ് സെക്രട്ടറി ടോം ജോസ്, നിര്‍വഹണ സമിതി ചെയര്‍മാന്‍ ഡോ. കെഎം അബ്രഹം തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it