Articles

ഭൂമിപോലെ വേറെയും ഗ്രഹങ്ങള്‍

ഡോ. വി ശശികുമാര്‍
ഭൂമിയല്ലാതെ മറ്റെവിടെയെങ്കിലും ജീവജാലങ്ങളുണ്ടോ, മനുഷ്യനെപ്പോലെ ശാസ്ത്രവും സാങ്കേതികവിദ്യയും വികസിപ്പിച്ചെടുത്തവരുണ്ടോ എന്നും മറ്റും പണ്ടേ മനുഷ്യര്‍ ചിന്തിച്ചിരുന്നു. അതുകൊണ്ടാവണമല്ലോ ഗ്രഹാന്തരയാത്രയെക്കുറിച്ചുള്ള കഥകള്‍ ഉണ്ടായത്. മറ്റെവിടെയെങ്കിലും സാങ്കേതികമായി വികസിച്ച ജീവികളുണ്ടോ, അവര്‍ പ്രപഞ്ചത്തിലെ മറ്റു ജീവികളുമായി ആശയവിനിമയം നടത്താന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി റേഡിയോ സന്ദേശങ്ങള്‍ അയക്കുന്നുണ്ടോ എന്നും മറ്റും അറിയാനായി തുടങ്ങിയ ശ്രമങ്ങളുടെ ഭാഗമാണ് സെറ്റി എന്ന പരീക്ഷണം. കാര്യമായ ഫലമൊന്നും കിട്ടാതെ ഇപ്പോഴും ആ പരീക്ഷണം തുടരുന്നു. എന്നാല്‍, മറ്റെവിടെയെങ്കിലും ജീവനുണ്ടായിരിക്കണമെങ്കില്‍ ജീവന്‍ നിലനില്‍ക്കാന്‍ സഹായകമായ സാഹചര്യം ആവശ്യമാണെന്നും അത്തരം ലോകങ്ങളുണ്ടോ എന്നന്വേഷിക്കുന്നത് നന്നായിരിക്കും എന്നുമുള്ള തിരിച്ചറിവിന്റെ ഭാഗമായാണ് സൗരയൂഥേതര ഗ്രഹങ്ങള്‍ക്കും അവയില്‍ തന്നെ ദ്രാവകാവസ്ഥയില്‍ ജലം നിലനില്‍ക്കാന്‍ സാധ്യതയുള്ള ഗ്രഹങ്ങള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചത്. അതിന്റെ ഫലമായി അനേകം ഗ്രഹങ്ങള്‍ (ഇപ്പോഴത്തെ കണക്കനുസരിച്ച് രണ്ടായിരത്തിലധികം) കണ്ടെത്തിയെങ്കിലും അവയില്‍ മിക്കവയും ജീവന് അനുകൂലമായ അന്തരീക്ഷമുള്ളവയല്ലെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ സൗരയൂഥത്തില്‍ നിന്ന് അത്രയധികം ദൂരത്തിലല്ലാതെ (പ്രപഞ്ചത്തിന്റെ അളവുകോലനുസരിച്ച്) ജീവന് നിലനില്‍ക്കാന്‍ കഴിയും എന്നു കരുതപ്പെടുന്ന മൂന്നു ഗ്രഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. യൂറോപ്യന്‍ ദക്ഷിണ നിരീക്ഷണകേന്ദ്രം നിര്‍മിച്ചു പ്രവര്‍ത്തിപ്പിക്കുന്ന ഒന്നാണ് ദക്ഷിണാര്‍ധഗോളത്തില്‍ ചിലിയിലുള്ള അറ്റക്കാമ മരുഭൂമിയിലെ പര്‍വതങ്ങളുടെ മുകളിലെ ലാ സില്ല നിരീക്ഷണകേന്ദ്രം. അവിടെയുള്ള മൂന്ന് ദൂരദര്‍ശിനികളില്‍ ഒന്നാണ് ട്രാപ്പിസ്റ്റ്. ബെല്‍ജിയത്തിലെ ലിയേഷില്‍ നിന്ന് നിയന്ത്രിക്കുന്ന, കുറച്ചൊക്കെ സ്വയം പ്രവര്‍ത്തനശേഷിയുള്ള ഈ ദൂരദര്‍ശിനി നിര്‍മിച്ചത് ലിയേഷ് സര്‍വകലാശാലയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവാ നിരീക്ഷണകേന്ദ്രവും ചേര്‍ന്നാണ്. ലിയേഷ് സര്‍വകലാശാലയുടെ ആസ്‌ട്രോഫിസിക്‌സിന്റെയും ജിയോഫിസിക്‌സിന്റെയും ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവൃത്തിയെടുക്കുന്ന മൈക്കല്‍ ഗില്ലനും കൂട്ടരും ട്രാപ്പിസ്റ്റ് ദൂരദര്‍ശിനി ഉപയോഗിച്ച് കുംഭം രാശിയിലെ നക്ഷത്രത്തെ നിരീക്ഷിക്കുകയും അതിനെ പ്രദക്ഷിണംവയ്ക്കുന്ന മൂന്നു ഗ്രഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. 2015 സപ്തംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലത്താണ് അവര്‍ നിരീക്ഷണങ്ങള്‍ നടത്തിയത്. നിരീക്ഷണഫലം 2016 മെയ് ആദ്യത്തെ നാച്വര്‍ എന്ന ശാസ്ത്രഗവേഷണവാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. നമ്മുടെ സൂര്യന്‍ പ്രസരിപ്പിക്കുന്നതിന്റെ വളരെ ചെറിയൊരു ഭാഗം മാത്രം പ്രകാശം പുറത്തുവിടുന്ന ഈ നക്ഷത്രത്തിന് ഏതാണ്ട് വ്യാഴഗ്രഹത്തിന്റെ വലുപ്പമേ വരൂ. അതിന്റെ ഉപരിതല താപനില ഏതാണ്ട് 2500-2600 ഡിഗ്രിയേയുള്ളൂ. അതായത്, സൂര്യന്റെ ഉപരിതലത്തിന്റെ താപനിലയുടെ പകുതിയില്‍ താഴെ. (സൂര്യന്റെ ഉപരിതലത്തിലെ താപനില 6,000 ഡിഗ്രിയാണ്). ഈ നക്ഷത്രത്തെ പ്രദക്ഷിണംവയ്ക്കുന്ന മൂന്നു ഗ്രഹങ്ങള്‍ക്കും ട്രാപ്പിസ്റ്റ് 1 എ, 1 ബി, 1 സി എന്നാണ് പേരിട്ടിരിക്കുന്നത്. നക്ഷത്രത്തോട് ഏറ്റവും അടുത്തുള്ള ഗ്രഹം സൂര്യനില്‍ നിന്ന് ഭൂമിക്കുള്ള ദൂരത്തിന്റെ നൂറിലൊന്നുമാത്രം അകലത്തിലാണ് പ്രദക്ഷിണംവയ്ക്കുന്നത്. ആദ്യത്തെ രണ്ടു ഗ്രഹങ്ങളും നക്ഷത്രത്തെ പ്രദക്ഷിണംവയ്ക്കാനെടുക്കുന്ന സമയം യഥാക്രമം നമ്മുടെ 1.5 ദിവസവും 2.4 ദിവസവുമാണ്. ഈ ഗ്രഹങ്ങള്‍ക്ക് മറ്റൊരു പ്രത്യേകതയുണ്ട്. പരസ്പരമുള്ള ഗുരുത്വാകര്‍ഷണബലത്തിന്റെ ഫലമായി ഈ ഗ്രഹങ്ങളും അവയുടെ മാതൃനക്ഷത്രവും ഒരു പ്രത്യേക രീതിയില്‍ കുരുങ്ങിക്കിടക്കുകയാണെന്നു കരുതപ്പെടുന്നു. ഈ പ്രതിഭാസത്തിന് ടൈഡല്‍ ലോക്ക് എന്നാണു പറയുന്നത്. നമ്മുടെ ബുധഗ്രഹവും സൂര്യനുമായി ഗുരുത്വാകര്‍ഷണപരമായി ഒരുതരം കുരുക്കിലാണ്. പക്ഷേ, അതു വ്യത്യസ്തമാണെന്നു മാത്രം. ബുധന്‍ രണ്ടുതവണ സൂര്യനെ പ്രദക്ഷിണംവയ്ക്കുന്ന സമയംകൊണ്ട് കൃത്യം മൂന്നുതവണ മാത്രമാണ് സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നത്. ട്രാപ്പിസ്റ്റ് ഗ്രഹങ്ങളുടെ കാര്യത്തില്‍, ഇതിന്റെ ഫലമായി ഓരോ ഗ്രഹത്തിന്റെയും ഒരേവശം തന്നെയായിരിക്കും മാതൃനക്ഷത്രത്തിനു നേരെ തിരിഞ്ഞിരിക്കുക. അതായത് പ്രദക്ഷിണംവയ്ക്കുന്ന സമയത്ത് ഗ്രഹം കറങ്ങുന്നതിന്റെ വേഗവും രീതിയും കാരണം ഒരേവശം എപ്പോഴും നക്ഷത്രത്തിനുനേരെ തിരിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ ഒരു പകുതിയില്‍ എപ്പോഴും നട്ടുച്ചയും മറ്റേ പകുതിയില്‍ എപ്പോഴും അര്‍ധരാത്രിയുമായിരിക്കും. സ്വാഭാവികമായും നക്ഷത്രത്തിനു നേരെ തിരിഞ്ഞിരിക്കുന്ന പകുതിയില്‍ എപ്പോഴും ഉയര്‍ന്ന ചൂടും മറുവശത്ത് കൊടും തണുപ്പുമാവും. ഈ താപവ്യത്യാസം കാരണം ഗ്രഹത്തിലെങ്ങും ശക്തമായ കാറ്റുണ്ടായിരിക്കാന്‍ സാധ്യതയുണ്ട്. മാത്രമല്ല, ഗ്രഹത്തില്‍ ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ ജീവന് നിലനില്‍ക്കാനാവൂ. പകലും രാത്രിയും വേര്‍തിരിക്കുന്ന ഭാഗത്തും ധ്രുവങ്ങളിലും ജീവന് നിലനില്‍ക്കാനാവും എന്നു കരുതപ്പെടുന്നു. ചൂടുകുറഞ്ഞ കുള്ളന്‍ നക്ഷത്രത്തിന് ഇങ്ങനത്തെ ഗ്രഹങ്ങളുണ്ടെന്ന കണ്ടെത്തലിന് മറ്റു ചില ഗുണങ്ങളുണ്ടായി. തെളിച്ചം കൂടിയ നക്ഷത്രമാണെങ്കില്‍ അതിന്റെ തീവ്രപ്രകാശത്തില്‍ ഗ്രഹങ്ങള്‍ കാണാന്‍ കൂടുതല്‍ വിഷമമാണ്. ഈ ഗ്രഹങ്ങളെയാണെങ്കില്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ വലിയ പ്രയാസമില്ല. എന്നുമാത്രമല്ല, അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തയ്യാറാവുമെന്നു കരുതപ്പെടുന്ന ചില ഉപകരണങ്ങള്‍ക്ക് ഈ ഗ്രഹങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കാനാവുമെന്നു കരുതപ്പെടുന്നു. അതിലൂടെ പുതിയ ഗ്രഹങ്ങള്‍ക്ക് അന്തരീക്ഷമുണ്ടോ, ഉണ്ടെങ്കില്‍ അതിന്റെ സ്വഭാവം എന്താണ് തുടങ്ങിയ ചോദ്യങ്ങള്‍ക്കും പിന്നീട് അന്തരീക്ഷത്തിലടങ്ങിയ വാതകങ്ങളുടെ ഘടനയെക്കുറിച്ചും മനസ്സിലാക്കാനായേക്കും. നക്ഷത്രങ്ങളെയും അവയുടെ ഗ്രഹങ്ങളെയും പഠിക്കാനുള്ള അവസരം തുറന്നുവരുകയാണ്. അക്കൂട്ടത്തിലൊന്നാണ് ഏറ്റവും വലിയ യൂറോപ്യന്‍ ദൂരദര്‍ശിനി. 39 മീറ്റര്‍ വ്യാസമുള്ള ഇതിന്റെ പ്രധാന കണ്ണാടി 798 ഭാഗങ്ങളായാണ് നിര്‍മിക്കുന്നത്. വിദൂരതയിലുള്ള ആദ്യകാലത്തെ നക്ഷത്രസമൂഹങ്ങള്‍ മുതല്‍ സമീപനക്ഷത്രങ്ങളെ പ്രദക്ഷിണംവയ്ക്കുന്ന ഗ്രഹങ്ങളെ വരെ നിരീക്ഷിക്കാനായി ഉപയോഗിക്കാനുദ്ദേശിക്കുന്ന ഈ ഭീമന്‍ ദൂരദര്‍ശിനിക്ക് ഇന്നത്തെ ഏറ്റവും വലിയ ദൂരദര്‍ശിനിക്കു കഴിയുന്നതിന്റെ പതിനഞ്ചിരട്ടി പ്രകാശം ശേഖരിക്കാനുള്ള കഴിവുണ്ടായിരിക്കും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇത് പ്രവര്‍ത്തനക്ഷമമാവും എന്നാണു പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ടാണ് മറ്റു ഗ്രഹങ്ങളില്‍ ജീവനുണ്ടാവാനുള്ള സാധ്യതയെപ്പറ്റി മനുഷ്യന് ഇത്ര താല്‍പര്യമുണ്ടാവുന്നത്? അതിനു പല കാരണങ്ങളുണ്ടാവാം. പണ്ട് ചുറ്റുപാടുമുള്ള ഭൂപ്രദേശങ്ങളില്‍ മനുഷ്യരുണ്ടോ, ഉണ്ടെങ്കില്‍ അവരെങ്ങനെ ജീവിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ അറിയാനായിരുന്നല്ലോ മനുഷ്യര്‍ സ്വദേശം വിട്ട് സഞ്ചരിച്ചുതുടങ്ങിയത്. അങ്ങനെയുള്ളവരില്‍നിന്ന് വല്ലതും പഠിക്കാനുണ്ടോ എന്ന ചിന്തയായിരിക്കാം ഒരു കാരണം. ഭൂമിയില്‍ ജീവനെങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് ചാള്‍സ് ഡാര്‍വിന്‍ (1809-1882) ഉത്തരം കണ്ടെത്തി എന്നാണ് പൊതുവില്‍ പലരും ധരിച്ചിരിക്കുന്നത്. എന്നാല്‍, അതു പൂര്‍ണമായി ശരിയല്ല. സര്‍ ഫ്രെഡ് ഹോയ്‌ലും (1915-2001) അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ശ്രീലങ്കന്‍ ശാസ്ത്രജ്ഞന്‍ ചന്ദ്ര വിക്രമസിംഗെയും (ജനനം 1939) ചേര്‍ന്ന് പുതിയ കണ്ടുപിടിത്തങ്ങള്‍ നടത്തി. ബഹിരാകാശത്ത് നക്ഷത്രങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന ധൂളികളില്‍ ഭൂരിഭാഗവും ജൈവരാസവസ്തുക്കളാണെന്നായിരുന്നു ആ കണ്ടുപിടിത്തം.                              ി
Next Story

RELATED STORIES

Share it