ഭൂമിദാന കേസ്: അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരേ കേസെടുത്തു

കൊച്ചി: ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിനു പുത്തന്‍വേലിക്കരയിലെ സര്‍ക്കാര്‍ഭൂമി സ്വകാര്യ കമ്പനിക്കു വിട്ടുനല്‍കാന്‍ തീരുമാനമെടുത്ത കേസില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരേ വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടുകാരനായ സന്തോഷ് മാധവന്‍, ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡി ബി എം ജയശങ്കര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അന്വേഷണച്ചുമതലയുള്ള തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക അന്വേഷണ യൂനിറ്റിലെ ഡെപ്യൂട്ടി സൂപ്രണ്ട് ആര്‍ ഡി അജിത് ആണ് ഇന്നലെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി സ്‌പെഷ്യല്‍ ജഡ്ജി പി മാധവന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വിശദമായ അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആരോപണവിധേയരായവര്‍ കുറ്റക്കാരല്ലെന്നു കാണിച്ച് പ്രത്യേക അന്വേഷണ യൂനിറ്റിലെ എസ്പി കെ ജയകുമാര്‍ നേരത്തെ നല്‍കിയ ത്വരിതപരിശോധനാ റിപോര്‍ട്ട് തള്ളിയാണ് വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടത്.
എസ്പി ജയകുമാറിനു തന്നെയാണ് കേസന്വേഷണത്തിന്റെ മേല്‍നോട്ടം. മന്ത്രിമാരെ ആരോപണവിമുക്തരാക്കി റിപോര്‍ട്ട് സമര്‍പ്പിച്ച എസ്പിക്ക് കീഴിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് ഗിരീഷ് ബാബു പറഞ്ഞു.
Next Story

RELATED STORIES

Share it