Editorial

ഭൂമാഫിയയുടെ വിളയാട്ടം

സ്വകാര്യമേഖലയില്‍ ഐടി പാര്‍ക്കിനെന്ന പേരില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലായി 128 ഏക്കര്‍ വരുന്ന ഭൂമിക്ക് ഭൂപരിധി നിയമത്തില്‍ ഇളവനുദിച്ച റവന്യൂ വകുപ്പിന്റെ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചതു പുതിയ വിവാദത്തിനു വഴിതുറന്നിരിക്കുകയാണ്. വിവാദ സന്ന്യാസിയായ സന്തോഷ് മാധവന് പുത്തന്‍വേലിക്കരയിലുള്ള 95.44 ഏക്കര്‍ നിലം നികത്താനുള്ള അനുമതിയാണ് റവന്യൂവകുപ്പ് നല്‍കിയത്. ഇത് ചട്ടങ്ങള്‍ മറികടന്നുകൊണ്ടാണെന്നു രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതുകൊണ്ടും ഭൂമി സംബന്ധിച്ച യഥാര്‍ഥ വസ്തുത മറച്ചുവച്ചതിനാലുമാണ് ഉത്തരവ് റദ്ദാക്കിയതെന്ന് റവന്യൂമന്ത്രി പറയുന്നുണ്ടെങ്കിലും കോണ്‍ഗ്രസ്സില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയര്‍ന്നുവന്ന സാഹചര്യവും കാണാതെ പോവരുത്. പുത്തന്‍വേലിക്കരയിലെ ഭൂമിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധപ്രകടനം നടത്തി കൊടികുത്തിയതും കെപിസിസി പ്രസിഡന്റ് വി എം സുധീരനും എംഎല്‍എമാരായ വി ഡി സതീശനും ടി എന്‍ പ്രതാപനും ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നതുമെല്ലാം അതാണു സൂചിപ്പിക്കുന്നത്. കോട്ടയം ജില്ലയിലെ കുമരകത്ത് മെത്രാന്‍കായലില്‍ 378 ഏക്കറും എറണാകുളം ജില്ലയിലെ കടമക്കുടിയില്‍ 47 ഏക്കറും വയല്‍ നികത്താന്‍ അനുമതി നല്‍കിയ ഉത്തരവുകള്‍ സൃഷ്ടിച്ച വിവാദങ്ങളുടെ പുകപടലം കെട്ടടങ്ങുന്നതിനു മുമ്പാണ് സംസ്ഥാനത്തെ ജനങ്ങളെ മുഴുവന്‍ വിഡ്ഢികളാക്കി റവന്യൂ വകുപ്പും സര്‍ക്കാരും ഇത്തരം കളികള്‍ നടത്തുന്നത്. നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് വിവാദം അന്തരീക്ഷത്തില്‍നിന്നു മാഞ്ഞിട്ടുപോലുമില്ല. വനഭൂമി കൈയേറിയവര്‍ക്ക് പട്ടയം അനുവദിക്കാനുള്ള കാലപരിധി കൂട്ടിയതും കരിങ്കല്‍ ക്വാറികള്‍ക്ക് ഇളവുകളനുവദിച്ച നടപടികളും ഈ ദിശയിലുള്ള വിവേകരഹിതമായ നീക്കവും നിയമലംഘനവുമാണ്.  കെപിസിസി പ്രസിഡന്റും സര്‍ക്കാരും തമ്മിലുള്ള ഒരു തുറന്ന യുദ്ധത്തിലേക്കു വഴിതെളിക്കുംവിധം വിവാദങ്ങള്‍ ചൂടുപിടിക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് ഇടുക്കിയിലെ ഹോപ്പ് പ്ലാന്റേഷന്‍ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാരിന്റെ ഉറക്കംകെടുത്താന്‍ പോവുന്നത്. കെപിസിസി പ്രസിഡന്റിന്റെ എതിര്‍പ്പ് വകവയ്ക്കാതെയാണ് സര്‍ക്കാരിന്റെ നടപടിയെന്നതു വിവാദത്തിന് കൊഴുപ്പുകൂട്ടും. പീരുമേട് പഞ്ചായത്തിലെ 750 ഏക്കര്‍ മിച്ചഭൂമിയാണ് ഹോപ്പ് പ്ലാന്റേഷന് കൈമാറുന്നത്. ഇത് ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെങ്കിലും ഉത്തരവ് ഇനിയും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയിട്ടില്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കടം എഴുതിത്തള്ളാമെന്ന വാഗ്ദാനത്തില്‍നിന്ന് പിന്‍വാങ്ങിയ സര്‍ക്കാരാണ് ഏക്കര്‍കണക്കിനു വരുന്ന മിച്ചഭൂമി സ്വകാര്യ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും വഴിവിട്ടു നല്‍കുന്നതെന്നോര്‍ക്കണം. ജപ്തി ഭീഷണി ഭയന്ന് പലിശയെങ്കിലും അടയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് ആ പാവങ്ങള്‍. സര്‍ക്കാരിന് ഇനിയും വിവേകമുദിക്കുന്നില്ലെങ്കില്‍ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും എന്നു മാത്രമേ ഞങ്ങള്‍ക്കു പറയാനുള്ളൂ.
Next Story

RELATED STORIES

Share it