ഭൂമാഫിയയുടെ നിത്യഹരിത മേഖല

ജോണ്‍ പെരുവന്താനം
ഇന്ത്യയില്‍ ഒരു നിയമവും ആര്‍ക്കും ബാധകമല്ലാത്ത ഒരു സ്ഥലമുണ്ട്- ഇടുക്കി. ഇടുക്കിയിലെ മൂന്നാര്‍ പ്രത്യേക ടൂറിസം റിപബ്ലിക്കാണ്. മൂന്നാര്‍ ഉള്‍പ്പെടുന്ന 10 പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗുണ്ടായിസം കൊണ്ട് ഭൂമി കൈയേറുകയാണ്. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യുന്ന ജനപ്രതിനിധികള്‍ മുതല്‍ സമ്പത്തുള്ള ആര്‍ക്കും ഇവിടെ ഭൂമി കൈയേറാം. മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകള്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം മഴ കുറവുള്ള പ്രദേശങ്ങളാണ്. വട്ടവട പഞ്ചായത്തില്‍ ആയിരക്കണക്കിനു സര്‍ക്കാര്‍ തരിശുഭൂമി കാലങ്ങളായി വെറുതെ കിടക്കുകയായിരുന്നു. ഫലഭൂയിഷ്ഠമായ ഇടുക്കിയുടെ മറ്റു പ്രദേശങ്ങളില്‍ കൈയേറ്റം നടത്തിയ കര്‍ഷകര്‍ അക്കാലങ്ങളിലൊന്നും വട്ടവട പോലുള്ള പ്രദേശത്തെ ഭൂമിയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നില്ല. 80കളുടെ അവസാനത്തോടുകൂടി ഈ പ്രദേശത്ത് പുഷ്പിക്കുന്ന നീലക്കുറിഞ്ഞിയുടെ കഥ പരിസ്ഥിതി പ്രവര്‍ത്തകര്‍ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിക്കുകയും കൊടൈക്കനാലില്‍ നിന്നു മൂന്നാറിലേക്ക് നിരവധി പഠനയാത്രകള്‍ നടത്തുകയും ചെയ്തു. ഇക്കാലത്താണ് മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷനിലെ പൂയംകുട്ടി വനമേഖലയില്‍ നിത്യഹരിതവും നിബിഡവുമായ 3000 ഹെക്ടര്‍ മഴക്കാടുകള്‍ നശിപ്പിച്ചുകൊണ്ട് പൂയംകുട്ടി ജലവൈദ്യുതപദ്ധതി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പൂയംകുട്ടിയില്‍ നഷ്ടപ്പെടുന്ന വനഭൂമിക്കു പകരം വനവല്‍ക്കരണത്തിനായി സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലമാണ് കൊട്ടക്കാമ്പൂര്‍. പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പു മൂലം പൂയംകുട്ടി പദ്ധതി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കൊട്ടക്കാമ്പൂരിലെ ഭൂമി ഉള്‍പ്പെടെയുള്ള പ്രദേശം കുറിഞ്ഞി സാങ്ച്വറിയായി പ്രഖ്യാപിക്കാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയുണ്ടായി. മൂന്നാറിലെ ടൂറിസം മേഖല വളര്‍ച്ചയുടെ തുടക്കം കുറിക്കുന്ന ഈ ഘട്ടത്തില്‍ മൂന്നാര്‍-കൊടൈക്കനാല്‍ റോഡ് നിര്‍മിക്കുമെന്ന് സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടായി. പിന്നീട് അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആ പ്രദേശത്തിന്റെ പരിസ്ഥിതിപ്രാധാന്യവും വന്യജീവികളുടെ ആവാസവ്യവസ്ഥയും കണക്കിലെടുത്ത് റോഡിനുള്ള അനുമതി നിഷേധിച്ചു. കേരള-തമിഴ്‌നാട് അതിര്‍ത്തിപ്രദേശമായ ക്ലാവര, കമ്പക്കല്ല് തുടങ്ങിയ കൊട്ടക്കാമ്പൂരിന്റെ സമീപപ്രദേശങ്ങള്‍ വര്‍ഷങ്ങളായി ഇടുക്കിയിലെ പ്രധാന കഞ്ചാവുകൃഷി മേഖലയായിരുന്നു. 1996ല്‍ ബിടിആറി (ബേസിക് ടാക്‌സ് രജിസ്റ്റര്‍)ല്‍ കൊട്ടക്കാമ്പൂര്‍ പ്രദേശം പൂര്‍ണമായും സര്‍ക്കാര്‍ തരിശുഭൂമിയായിരുന്നു. ഈ കാലയളവില്‍ സംസ്ഥാനം ഭരിച്ചിരുന്ന റവന്യൂമന്ത്രിയുടെ ഓഫിസിനെ സ്വാധീനിച്ചു നടത്തിയ ഗൂഢാലോചനയിലൂടെ കൃത്രിമമായി നിരവധി ആളുകള്‍ കൊട്ടക്കാമ്പൂരില്‍ ഭൂമി കൈവശപ്പെടുത്തി യൂക്കാലികൃഷി ആരംഭിച്ചു. ഇടുക്കി എംഎല്‍എയുടെ പിഎ ആയിരുന്ന സോണി വെട്ടുകല്ലേലും ഇന്നത്തെ ഇടുക്കി എംപി ജോയ്‌സ് ജോര്‍ജും ചേര്‍ന്നു നടത്തിയ ഭൂമിതട്ടിപ്പ് സോണിയും ജോയ്‌സും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പുറംലോകം അറിയുന്നത്. നിരക്ഷരരും തമിഴ് വംശജരുമായ പട്ടികജാതിക്കാരുടെ പേര് ഉപയോഗിച്ച് സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ച് ഒരാള്‍ക്ക് നാല് ഏക്കര്‍ വീതം ഭൂമി അനുവദിച്ച് പട്ടയം സമ്പാദിച്ചു. 1968ലെ ഭൂപരിഷ്‌കരണ നിയമപ്രകാരം ഒരു കുടുംബത്തില്‍ ഒരാളില്‍ കൂടുതല്‍ പേര്‍ക്ക് സര്‍ക്കാര്‍ഭൂമി സൗജന്യമായി നല്‍കാന്‍ പാടില്ല എന്ന നിയമം നിലനില്‍ക്കേ ഒരേ കുടുംബത്തിലെ രണ്ടും മൂന്നും പേര്‍ക്കാണ് ഇവിടെ പട്ടയം ലഭിച്ചിരിക്കുന്നത്. ഒരാള്‍ക്ക് ഒരു ഹെക്ടറില്‍ കൂടുതല്‍ ഭൂമി കൊടുക്കാന്‍ പാടില്ല എന്ന വ്യവസ്ഥ ലംഘിച്ച് നാല് ഏക്കര്‍ ഭൂമി വീതമാണ് 312 പേരുടെ വിലാസത്തില്‍ ഭൂമാഫിയ തട്ടിയെടുത്തത്. നിര്‍ദിഷ്ട കുറിഞ്ഞി സാങ്ച്വറിക്കായി പ്രഖ്യാപിച്ചിരുന്ന 3200 ഹെക്ടര്‍ ഭൂമിയില്‍ ബ്ലോക്ക് നമ്പര്‍ 58, 52, 56 എന്നിവ ഉള്‍പ്പെടെ 1200 ഹെക്ടറോളം ഭൂമിയാണ് വ്യാജരേഖ ചമച്ച് സമീപകാലത്തുതന്നെ ഭൂമാഫിയ കൈയേറിയത്. പതിനാലായിരത്തോളം ഏക്കര്‍ വരുന്ന കൈയേറ്റഭൂമിയില്‍ യൂക്കാലികൃഷി നടത്തിയത് ആ നാട്ടുകാരോ ഇടുക്കിക്കാരോ പോലുമല്ല. എറണാകുളം, കോട്ടയം, തൃശൂര്‍, മലപ്പുറം തുടങ്ങിയ ജില്ലകളിലുള്ളവരും കേരളത്തിനു പുറത്തുള്ളവരും വരെ കൈയേറ്റം നടത്തിയവരില്‍പെടും. കൈയേറ്റഭൂമിയില്‍ നട്ട യൂക്കാലി ഒരുവട്ടം വെട്ടി വിറ്റുകഴിഞ്ഞു. ഇതുവഴി കോടിക്കണക്കിനു രൂപയാണ് കൈയേറ്റ മാഫിയ സമ്പാദിച്ചത്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ മൂന്നാര്‍ ഓപറേഷന്റെ പരാജയം ആയിരക്കണക്കിനു പുതിയ കൈയേറ്റങ്ങള്‍ക്ക് വഴിവച്ചു. 2012ല്‍ പുറത്തിറങ്ങിയ ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടുമായി ബന്ധപ്പെട്ട് കൈയേറ്റക്കാരും റിസോര്‍ട്ട് മാഫിയയും ക്വാറി മാഫിയയും ഒന്നുചേര്‍ന്ന് സംഘടിത ശക്തി പ്രാപിച്ചു. ഒന്നാം മൂന്നാര്‍ ഓപറേഷന്‍ ഘട്ടത്തില്‍ രൂപംകൊണ്ട ഹൈറേഞ്ച് സംരക്ഷണസമിതി വിമോചനസമരത്തിനു സമാനമായ പേക്കൂത്തുകളാണ് ഇടുക്കിയില്‍ നടത്തിയത്. കമ്മ്യൂണിസ്റ്റുകളും കത്തോലിക്കാ സഭയും തമ്മിലുള്ള ഐക്യമുന്നണിയാണ് ചരിത്രത്തിലെ ഏറ്റവും വലിയ വിധിവൈപരീത്യം. ഗീബല്‍സിനെ തോല്‍പിക്കുന്ന നുണപ്രചാരണങ്ങളാണ് കേരളത്തില്‍ അരങ്ങേറിയത്. ഇക്കോളജിക്കലി ഫ്രജൈല്‍ ലാന്‍ഡ് (ഇഎഫ്എല്‍) വനം നിയമപ്രകാരമുള്ള സംരക്ഷണ സംവിധാനത്തിനു കീഴില്‍ വരുന്നതാണ് ഇക്കോളജിക്കലി സെന്‍സിറ്റീവ് ഏരിയ (ഇഎസ്എ) അഥവാ പരിസ്ഥിതി ദുര്‍ബല പ്രദേശം എന്നത്. ഇതു ജൈവ വൈവിധ്യ സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഇതു രണ്ടും രണ്ടു വ്യത്യസ്ത വകുപ്പുകളാണ്. ജൈവ വൈവിധ്യ ബോര്‍ഡിന് സംസ്ഥാനത്തൊട്ടാകെ മുപ്പതില്‍ താഴെ ജീവനക്കാര്‍ മാത്രമാണുള്ളത്. ഇഎസ്എയും ഇഎഫ്എല്ലും ഒന്നാണെന്ന നുണപ്രചാരണമാണ് ഗാഡ്ഗില്‍ വിരുദ്ധര്‍ ആദ്യം നടത്തിയത്. വനംവകുപ്പുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തിന് വനംവകുപ്പ് ഓഫിസുകള്‍ക്ക് തീയിടുകയും ജീവനക്കാരെ ആക്രമിക്കുകയുമാണ് കൈയേറ്റക്കാര്‍ ചെയ്തത്. കസ്തൂരി രംഗന്‍ വിരുദ്ധ സമരത്തിന്റെ മൂര്‍ധന്യാവസ്ഥയിലാണ് 2014ല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പരിസ്ഥിതിസ്‌നേഹിയായ ഇടുക്കി എംപിയായിരുന്ന പി ടി തോമസിനെതിരേ സ്വന്തം പാര്‍ട്ടിയിലെ ഗ്രൂപ്പുവൈരികളും ഭൂമാഫിയയും ഉയര്‍ത്തിയ എതിര്‍പ്പ് മുതലെടുക്കാന്‍ കമ്മ്യൂണിസ്റ്റുകള്‍ ജോയ്‌സ് ജോര്‍ജിനെ വിലയ്‌ക്കെടുക്കുകയാണുണ്ടായത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പി ടി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടതുകൊണ്ട് മാത്രമാണ് ഒരു കൈയേറ്റക്കാരന് ഇടുക്കിയുടെ എംപിയാവാന്‍ അവസരം കിട്ടിയത്. 2014ലെ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയായ ജോയ്‌സ് ജോര്‍ജ് തിരഞ്ഞെടുപ്പ് കമ്മീഷനു മുമ്പാകെ സമര്‍പ്പിച്ച സ്വത്തുവിവരത്തിലാണ് തനിക്കും ഭാര്യക്കും പിതാവില്‍ നിന്നു കിട്ടിയ ഭൂമിയെന്ന നിലയില്‍ കൊട്ടക്കാമ്പൂരിലെ വ്യാജരേഖ ചമച്ച് കൈയേറ്റം നടത്തിയ ഭൂമി കണക്കില്‍പ്പെടുത്തി അവതരിപ്പിച്ചത്. പൂര്‍വിക സ്വത്ത് എന്നവകാശപ്പെടുന്ന പ്രസ്തുത ഭൂമി ജോയ്‌സ് ജോര്‍ജിന്റെ പിതാവ് കണ്ടിട്ടുണ്ടോ എന്നു സംശയമാണ്. ഈ നടപടികളെല്ലാം നടത്തിയിട്ടുള്ളത് ജോയ്‌സ് ജോര്‍ജ് നേരിട്ടാണ്. 1968 മുതല്‍ തങ്ങളുടെ കൈവശത്തിലിരിക്കുന്ന ഭൂമിയാണ് ഇതെന്നാണ് തമിഴ് പട്ടികജാതിക്കാര്‍ പട്ടയത്തിനുള്ള അപേക്ഷയില്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍, 1996ലെ ഫെയര്‍ലാന്‍ഡ് രജിസ്റ്ററില്‍ ഈ ഭൂമി ആരുടെയും കൈവശമല്ലായിരുന്നു. സര്‍ക്കാര്‍ഭൂമിയെന്നാണ് രേഖകള്‍ തെളിയിക്കുന്നത്. 2002ലാണ് ഈ ഭൂമിക്ക് പട്ടയം വാങ്ങിയിട്ടുള്ളത്. ഒരു ഭൂമിക്ക് പട്ടയം കൊടുക്കണമെങ്കില്‍ അത് അസൈനബിള്‍ ലാന്‍ഡ് ആയിരിക്കണം. ഈ ഭൂമി ആ പട്ടികയിലുള്ളതായിരുന്നില്ല. മറ്റൊന്ന് ലാന്‍ഡ് ബോര്‍ഡ് മീറ്റിങ് കൂടി അപേക്ഷ പരിഗണിച്ചു വേണം പട്ടയം നല്‍കാന്‍. എന്നാല്‍, 2001 മുതല്‍ 2013 വരെ ദേവികുളം താലൂക്കില്‍ ലാന്‍ഡ് ബോര്‍ഡ് മീറ്റിങ് കൂടിയിട്ടേയില്ല. ലാന്‍ഡ് ബോര്‍ഡ് മീറ്റിങ് കൂടാത്ത കാലത്ത് എങ്ങനെയൊരാള്‍ക്ക് പട്ടയം ലഭിക്കും. പട്ടയവുമായി ബന്ധപ്പെട്ട എ-1, എ-2 ഫോറങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ വില്ലേജ് ഓഫിസുകളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു.                        ി
Next Story

RELATED STORIES

Share it