kasaragod local

ഭൂമാഫിയക്കെതിരേ തയ്യില്‍ സൗത്ത് കടപ്പുറത്ത് ജനകീയ പ്രതിരോധം

തൃക്കരിപ്പൂര്‍: വലിയപറമ്പ പഞ്ചായത്തിന്റെ തെക്കന്‍മേഖലകളില്‍ ഭൂമാഫിയകള്‍ നടത്തുന്ന കൈയേറ്റത്തിനെതിരേ ജനരോഷം ശക്തമാകുന്നു. ഇന്നലേ തയ്യില്‍ സൗത്ത് കടപ്പുറത്ത് നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ജനകീയ പ്രതിരോധം തീര്‍ത്തു. കായലിനും കടലിനുമിടയില്‍ മല്‍സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭൂമി മോഹവില നല്‍കി കൈക്കലാക്കാനുള്ള മാഫിയ നീക്കത്തിനെതിരേയാണ് പോരാട്ടം. സമരത്തിന്റെ ഭാഗമായി 21ന് വലിയപറമ്പ് വില്ലേജ് ഓഫിസിന് മുന്നില്‍ നിരാഹാര സമരം നടത്തുവാനും യോഗം തീരുമാനിച്ചു. രാവിലെ 11ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും സീക്ക് ഡയറക്ടറുമായ ടി പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ട സമര പരിപാടികള്‍ക്കും ജനകീയ സമിതി രൂപം നല്‍കി. തയ്യില്‍ സൗത്ത് കടപ്പുറം ജിഎല്‍പി സ്‌കൂള്‍ പരിസരത്തു നടന്ന ജനകീയ പ്രതിരോധം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ കീഴാറ്റൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. വലിയപറമ്പ് പഞ്ചായത്ത് അംഗം പി പ്രസന്ന അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ കടപ്പുറം വികസന സമിതി കണ്‍വീനര്‍ ടി കെ പി മുഹമ്മദ് കുഞ്ഞി, കെ മനോഹരന്‍, കെ ഭാസ്‌കരന്‍, കെ വി സുരേന്ദ്രന്‍, എം വിജയന്‍, എ കെ വി രാജീവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it