ഭൂമാഫിയകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം: കെ പി എ മജീദ്‌

കോഴിക്കോട്: വയനാട്ടില്‍ സര്‍ക്കാര്‍ ഭൂമി വന്‍ തുക വാങ്ങി സ്വകാര്യ വ്യക്തികള്‍ക്ക് പതിച്ചു കൊടുക്കാനുള്ള സിപിഐ നേതാക്കളുടെയും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും നീക്കം വെളിച്ചത്തായത് ഇടതുസര്‍ക്കാരിലെ അഴിമതി മലയുടെ ഒരറ്റം മാത്രമാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്.
ഇത്രയും ആസൂത്രിതവും ശൃഗംല വഴി കൂട്ടിയോജിപ്പിക്കുന്നതുമായ ഭൂമികൊള്ള ആകസ്മികമല്ല. സംഭവത്തെ കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം. വയനാട്ടിലും ഇടുക്കിയിലും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ട മിച്ചഭൂമി കൈയേറാനും അതിന് വ്യാജ പ്രമാണങ്ങളുണ്ടാക്കി വില്‍പ്പന നടത്താനും വന്‍ ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഉന്നത ഉദ്യോഗസ്ഥരും ഭരണകക്ഷി നേതാക്കളും ഉള്‍പ്പെട്ട മാഫിയക്കെതിരേ നടപടിയെടുക്കാന്‍ ശ്രമിക്കുന്ന സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് ജോലിചെയ്യാനാവാത്ത അവസ്ഥയാണുള്ളത്.
പി വി അന്‍വര്‍ എംഎല്‍എ പരിധിയില്‍ കവിഞ്ഞ ഭൂമി കൈയേറിയതായി കണ്ടെത്തി റിപോര്‍ട്ട് ചെയ്ത ഉദ്യോഗസ്ഥന് തുടര്‍നടപടിക്ക് സാവകാശം നല്‍കാതെ സ്ഥലംമാറ്റിയത് ഒരുദാഹരണം മാത്രമാണ്. ഇടുക്കിയിലെയും എറണാകുളത്തെയും സബ്കലക്ടര്‍മാരെ മാറ്റിയതും ഭൂമാഫിയക്കെതിരേ നടപടിക്ക് ശ്രമിച്ചപ്പോഴായിരുന്നു. അഴിമതിരഹിത സര്‍ക്കാര്‍ എന്ന പ്രചാരണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ ഈ ഒളിച്ചുകളി അവസാനിപ്പിക്കണം- മജീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it