ഭൂപീന്ദര്‍ സിങ് ഹൂഡയ്‌ക്കെതിരേ സിബിഐ കുറ്റപത്രം

ന്യൂഡല്‍ഹി: മനേസര്‍ ഭൂമി ഇടപാട് കേസില്‍ ഹരിയാനാ മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയ്ക്കും മറ്റ് 33 പേര്‍ക്കുമെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇന്ത്യന്‍ നിയമം, അഴിമതി തടയല്‍ നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണു കുറ്റപത്രം സമര്‍പ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഹരിയാനാ സര്‍ക്കാരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന മുന്‍ യുപിഎസ്‌സി അംഗം ഛത്തര്‍ സിങും കേസില്‍ പ്രതിയാണ്. ഏക്കറിന് നാലു കോടി രൂപ വിപണി വിലയുള്ള 400 ഏക്കറോളം ഭൂമി ഭൂവുടമകളില്‍ നിന്നു സ്വകാര്യ കെട്ടിട നിര്‍മാതാക്കള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കൈകോര്‍ത്ത് 100 കോടിയോളം മാത്രം നല്‍കി വാങ്ങിയെന്നാണു കേസ്. ഗുഡ്ഗാവിലെ മനേസര്‍, നൗരംഗ്പൂര്‍, ലക്‌നൗല ഗ്രാമങ്ങളിലെ ഭൂവുടമകള്‍ക്ക് ഇതുവഴി 1500 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നു സിബിഐ ആരോപിക്കുന്നു. ഹരിയാനാ സര്‍ക്കാരിലെ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണു കെട്ടിടനിര്‍മാതാക്കള്‍ ഭൂമി ഏറ്റെടുത്തതെന്ന ആരോപണത്തെ തുടര്‍ന്ന് 2015ലാണു സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2004 ആഗസ്ത് 27നും 2007 ആഗസ്ത് നാലിനുമിടയിലാണു ഭൂമി ഏറ്റെടുത്തത്. സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു ഭീഷണിപ്പെടുത്തിയാണു ഭൂമി തട്ടിയെടുത്തത്. ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം സര്‍ക്കാര്‍ ആദ്യം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. മാതൃകാ വ്യവസായ ടൗണ്‍ഷിപ്പിനായി 912 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നായിരുന്നു വിജ്ഞാപനത്തില്‍ പറഞ്ഞത്. സ്വകാര്യ കെട്ടിടനിര്‍മാതാക്കള്‍ ചുരുങ്ങിയ വിലയ്ക്ക് ഭൂമി സ്വന്തമാക്കിയ ശേഷം ഏറ്റെടുക്കല്‍ നടപടികളില്‍ നിന്നു പിന്‍വാങ്ങുന്ന മറ്റൊരു പുതിയ വിജ്ഞാപനം സര്‍ക്കാര്‍ പുറപ്പെടുവിച്ചെന്നും സിബിഐ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it