ഭൂപരിഷ്‌കരണ നിയമത്തില്‍ നല്‍കിയ ഇളവ് പിന്‍വലിക്കില്ല

തിരുവനന്തപുരം: കോട്ടയം വൈക്കം താലൂക്കിലെ ചെമ്പില്‍ സമൃദ്ധി വില്ലേജ് പദ്ധതി ആരംഭിക്കുന്നതിനു സ്വകാര്യകമ്പനിക്കു ഭൂപരിഷ്‌കരണ നിയമത്തില്‍ നല്‍കിയ ഇളവു പിന്‍വലിക്കില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്‌കരണ നിയമമനുസരിച്ചു വ്യക്തിയായാലും കമ്പനിയായാലും 15 ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കരുതെന്നുണ്ട്.
എന്നാല്‍, ഭൂപരിധി നിയമത്തിലെ സെക്ഷന്‍ 81 (3) അനുസരിച്ച് ഇതില്‍ ചില ഇളവുകള്‍ അനുവദിക്കാറുണ്ട്. ഭൂപരിഷ്‌കരണ നിയമം വന്നകാലം മുതല്‍ അത്തരത്തില്‍ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. അതാണിവിടെയും ചെയ്തത്. ഒരിഞ്ചു ഭൂമി പോലും നികത്താന്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. നെല്‍വയല്‍-നീര്‍ത്തടസംരക്ഷണ നിയമത്തിനും പരിസ്ഥിതി സംരക്ഷണനിയമത്തിനും വിധേയമായിട്ടായിരിക്കും അനുമതി നല്‍കുകയെന്നു വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു നിയമങ്ങളുടെയും പരിശോധനയ്ക്കുശേഷം അംഗീകാരം ലഭിച്ചാലേ പ്രാഥമികനിര്‍മാണപ്രവര്‍ത്തനം ആരംഭിക്കാവൂ എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഇടയ്ക്ക് സര്‍ക്കാര്‍ ഭൂമിയുണ്ട്. അതിന്റെ സംരക്ഷണം ജില്ലാ കലക്ടര്‍ ഉറപ്പുവരുത്തണം. ഭൂപരിഷ്‌കരണ നിയമത്തില്‍ ഇളവു കൊടുത്തതു തിരിച്ചെടുക്കണമെങ്കില്‍ നേരത്തേ കൊടുത്ത ഇളവുകളെല്ലാം പുനപ്പരിശോധിക്കേണ്ടിവരും.
സ്മാര്‍ട്ട് സിറ്റിക്കും ഐടി പാര്‍ക്കുകള്‍ക്കുമെല്ലാം ഇത്തരത്തില്‍ അനുമതി കൊടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂപരിഷ്‌കരണ നിയമത്തിലെ സെക്ഷന്‍ 81(3) പ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കര്‍ ഭൂമിയാണ് കൈവശംവയ്ക്കാവുന്നത്. പ്ലാന്റേഷന്‍ മേഖലയിലാണ് ഇതിന് ഇളവുള്ളത്. സ്വകാര്യ കമ്പനിയുടെ എംഡി നല്‍കിയ അപേക്ഷയിലാണ് ഇളവു നല്‍കിയത്.
Next Story

RELATED STORIES

Share it