Middlepiece

ഭൂദാനം: വിനോബ മുതല്‍ ഉമ്മന്‍ചാണ്ടി വരെ

ഭൂദാനം: വിനോബ മുതല്‍ ഉമ്മന്‍ചാണ്ടി വരെ
X
slug-madhyamargamദാനങ്ങളില്‍ വച്ച് ഏറ്റവും മഹത്തായ ദാനം ഭൂമിദാനമാണ്. തലചായ്ക്കാന്‍ ഇടമില്ലാത്ത പാവങ്ങള്‍ക്ക് ഭൂമി നല്‍കുക, നിത്യവൃത്തിക്കു വേണ്ടി കൃഷിചെയ്യാന്‍ സ്ഥലം നല്‍കുക, മൃതദേഹം സംസ്‌കരിക്കാന്‍ ആറടി മണ്ണു നല്‍കുക- ഇങ്ങനെ മനുഷ്യജീവിതത്തില്‍ ആവശ്യത്തിനു വേണ്ടതായ ഭൂമി ഗതിയില്ലാത്തവര്‍ക്ക് ദാനം ചെയ്യുന്നത് സല്‍കര്‍മം തന്നെയാണ്.
ഭൂമിയില്ലാത്ത കോടിക്കണക്കായ ജനങ്ങളുടെ സങ്കടങ്ങള്‍ നേരില്‍ മനസ്സിലാക്കിയാണ് വിനോബാജി ഭൂദാനപ്രസ്ഥാനത്തിനു തുടക്കം കുറിച്ചത്. ലോകശ്രദ്ധ പിടിച്ചുപറ്റിയ വന്‍ വിജയമായ ജനകീയമുന്നേറ്റമായിരുന്നു അത്. ഉള്ളവനില്‍നിന്നു ഭൂമി ദാനമായി വാങ്ങി ഇല്ലാത്തവനു നല്‍കുന്ന പ്രസ്ഥാനം.
രാജ്യത്തില്‍ ഏക്കര്‍കണക്കിനു ഭൂമി സമ്പന്നന്‍മാരുടെ കൈവശത്തിലായിരുന്നു. തങ്ങളുടെ ആവശ്യം കഴിഞ്ഞ് ബാക്കിവരുന്ന ഭൂമി സൗജന്യമായി നല്‍കാന്‍ വിനോബാജി അവരോടു പരസ്യമായി ആഹ്വാനം ചെയ്തു. ഉള്ളവനില്‍നിന്നു ഭൂമി വാങ്ങി ഇല്ലാത്തവനു കൊടുക്കാന്‍ അദ്ദേഹവും അനുയായികളും രാജ്യവ്യാപകമായി പദയാത്ര നടത്തി.
പതിനായിരക്കണക്കിന് ഏക്കര്‍ ഭൂമി ഇങ്ങനെ ലഭിച്ചു. അതൊക്കെ സമൂഹത്തിലെ ദരിദ്രന്മാര്‍ക്ക്, പ്രത്യേകിച്ച് ഹരിജനങ്ങള്‍ക്കും ഗിരിജനങ്ങള്‍ക്കും മുസ്‌ലിംകള്‍ക്കും വിതരണം ചെയ്തു.
കേരളത്തില്‍ ഒറ്റപ്പാലം മുതല്‍ വയനാട് വരെ അദ്ദേഹം പദയാത്ര നടത്തി. 14,000 ഏക്കര്‍ ഭൂമിയാണ് വിനോബാജിക്ക് കേരളത്തില്‍നിന്നു ലഭിച്ചത്. പാവങ്ങള്‍ക്കു ദാനമായി നല്‍കുന്ന ഭൂമിക്ക് ഭൂദാനപട്ടയം നല്‍കാനുള്ള പ്രത്യേകമായ അധികാരവും സര്‍ക്കാര്‍ അദ്ദേഹത്തിനു നല്‍കി.
ഭൂദാനപ്രസ്ഥാനത്തിന്റെ മാതൃകയില്‍ പിന്നീട് പല ദേശീയനേതാക്കളും ഭൂമി സൗജന്യമായി സ്വീകരിച്ച് ദാനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖര്‍ ഇതിലൊരു നേതാവാണ്.
നമ്മുടെ സംസ്ഥാനത്ത് ഭൂപരിഷ്‌കരണനിയമം നടപ്പായതോടെ ഭൂമി ഏറ്റെടുക്കലും വിതരണം ചെയ്യലും സര്‍ക്കാര്‍ തന്നെ നടത്തിപ്പോന്നു. പതുക്കെപ്പതുക്കെ ഭൂദാനപ്രസ്ഥാനം കേള്‍ക്കാതായി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഭൂമിദാനക്കേസ് വലിയ വിവാദമായത്. പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ ബന്ധുവിന് ഭൂമി ദാനംചെയ്തുവെന്നതാണ് കേസ്. അഴിമതിക്കും അനീതിക്കുമെതിരേ സ്ഥിരം കോടതി കയറുന്ന വിഎസിനെതിരേ ഭൂമിദാനക്കേസ് കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ രജിസ്റ്റര്‍ ചെയ്തു. മാധ്യമങ്ങളില്‍ മാത്രമല്ല, സിപിഎമ്മിലും ഈ കേസ് വലിയ കോലാഹലമായി. വിഎസിനെതിരേ കിട്ടിയ വടി ചിലര്‍ നന്നായി ഉപയോഗിച്ചു. മന്ത്രിമാര്‍ക്കെതിരേ എന്തെങ്കിലും കേസ് വന്നാല്‍ രാജിവയ്ക്കണമെന്നു പറയുന്ന വിഎസ് പ്രതിപക്ഷനേതാവിന്റെ പദവി ഒഴിയണമെന്ന ആവശ്യം ഉയര്‍ന്നു.
കുറ്റപത്രത്തില്‍ പേരുവന്നാല്‍ ഒഴിയാമെന്ന് വിഎസും തിരിച്ചടിച്ചു. പക്ഷേ, ആ കേസിനെപ്പറ്റി ഇപ്പോള്‍ ഒന്നും കേള്‍ക്കാനില്ല. സുപ്രിംകോടതി അന്വേഷണം സ്‌റ്റേ ചെയ്തു എന്നാണറിവായത്. ഈ സ്‌റ്റേ നീക്കാന്‍ യുഡിഎഫ് വേണ്ടവിധത്തില്‍ ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍, വിഎസ് കഴിഞ്ഞ സര്‍ക്കാരില്‍ തുടങ്ങിവച്ച ഭൂമിദാനം വിപുലമായി നടപ്പാക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത്. സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമി ദാനം നല്‍കുക, സര്‍ക്കാരിന്റെ കായലും വയലും നികത്തി കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയാന്‍ അനുവാദം നല്‍കുക, സര്‍ക്കാര്‍ഭൂമിയില്‍ സ്വകാര്യ പദ്ധതികള്‍ നടപ്പാക്കാന്‍ അനുവാദം നല്‍കുക- ഇങ്ങനെ ഭൂദാനത്തിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുതിയ മാനം നല്‍കി. പ്രതിപക്ഷത്തിന്റെ അറിവോടെയും സമ്മതത്തോടെയും ഭരണപക്ഷം ഭൂമിദാനം മുറയ്ക്കു നടത്തിക്കൊണ്ടിരുന്നു. തിരഞ്ഞെടുപ്പ് ആസന്നമായപ്പോള്‍ ദാനത്തിന്റെ അളവ് അല്‍പം കൂടിപ്പോയി. സര്‍ക്കാരിന്റെ പക്കല്‍ അധികം ഭൂമിയുള്ളതുകൊണ്ട് അളവു കൂട്ടുന്നതില്‍ യാതൊരു കുറ്റവും പറയാനാവില്ല. ഒരു കായല്‍പദ്ധതി പുറത്തായതോടെ ഗുലുമാലായി.
വോട്ടുവേട്ട ലക്ഷ്യമാക്കി പ്രതിപക്ഷം ഉറഞ്ഞുതുള്ളി. തങ്ങളുടെ ഭരണകാലത്ത് നല്‍കിയ അനുവാദമായിട്ടും തുള്ളല്‍ തുടര്‍ന്നു. തിരഞ്ഞെടുപ്പുകാലത്ത് ചില ആളുകള്‍ ചാടിവരുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ വെളിപ്പെടുത്തിയതോടെ കായല്‍പദ്ധതിയില്‍നിന്ന് കൈ പിന്‍വലിച്ചു. സുധീരന്‍ പറഞ്ഞാല്‍ പിന്നെ ഉമ്മന്‍ചാണ്ടിക്ക് അപ്പീലില്ല. തിരഞ്ഞെടുപ്പിനുശേഷം അധികാരത്തില്‍ ആരു വന്നാലും ഭൂമിദാനത്തിനു കുറവുണ്ടാവില്ല. അത്രയ്ക്ക് സര്‍ക്കാര്‍ഭൂമി വെറുതെകിടക്കുകയാണല്ലോ.
Next Story

RELATED STORIES

Share it