World

ഭൂചലനം: ഇക്വഡോറില്‍ മരണം 350 ആയി

ക്വിറ്റോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ഇക്വഡോറിലുണ്ടായ കനത്ത ഭൂകമ്പത്തില്‍ മരണസംഖ്യ 350 ആയി. അഞ്ചു പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് പ്രസിഡന്റ് അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. അഗ്നിശമനസേനയും സൈന്യവും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. എണ്ണ രാജ്യമായ ഇക്വഡോറില്‍ ശനിയാഴ്ച വൈകീട്ടാണ് ഭൂകമ്പമുണ്ടായത്.
7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ചലനങ്ങളിലുമായി 2000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ ഏറ്റവും ജനസാന്ദ്രതയേറിയ ഗ്വായക്വില്‍ നഗരത്തെയാണ് ഭൂകമ്പം ഏറ്റവും കൂടുതല്‍ ബാധിച്ചത്. 30 ലക്ഷത്തോളം പേരാണിവിടെ താമസിക്കുന്നത്.
ഇക്വഡോറില്‍ അഗ്നിപര്‍വതസ്‌ഫോടനങ്ങള്‍ പോലുള്ള പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇത്രയും ശക്തമായൊരു ഭൂകമ്പം അസാധാരണമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം, ഭൂകമ്പത്തില്‍ പോര്‍ട്ടോവിയേജോയിലെ ജയില്‍ കെട്ടിടം തകര്‍ന്ന് 100ഓളം തടവുപുള്ളികള്‍ രക്ഷപ്പെട്ടു. ഏതാനും പേരെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
Next Story

RELATED STORIES

Share it