ഭീഷണി നേരിടുന്ന മാധ്യമങ്ങള്‍

ഭീഷണി നേരിടുന്ന മാധ്യമങ്ങള്‍
X


ഒക്ടോബര്‍ 4നു ജനരക്ഷായാത്രയില്‍ നിന്നു ബിജെപി പ്രസിഡന്റ് അമിത്ഷാ ഡല്‍ഹിയിലേക്കു പറന്നത് എന്തിനായിരുന്നുവെന്ന് ഇപ്പോള്‍ ജനങ്ങള്‍ അറിഞ്ഞുകഴിഞ്ഞു. പിണറായിയിലൂടെ നടന്ന് 5ാം തിയ്യതി വരെ കേരളത്തില്‍ രാഷ്ട്രീയയാത്ര നടത്തണമെന്ന തീരുമാനം ഉപേക്ഷിച്ചത് എന്തുകൊണ്ടായിരുന്നുവെന്ന്. അമിത്ഷായുടെ മകന്‍ ജയ്ഷായുടെ അമ്പതിനായിരം രൂപയുടെ ബിസിനസ് 80 കോടിയായി ഉയര്‍ന്നതിനു പിന്നിലെ രാഷ്ട്രീയ അഴിമതി വാര്‍ത്തയായി പുറത്തുവരുന്ന കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും മുന്‍കൂട്ടി മനസ്സിലാക്കി. അമിത്ഷായെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് വിളിപ്പിക്കുകയായിരുന്നു. വാര്‍ത്ത ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത് ഒക്ടോബര്‍ 7നാണ്. അതിനു മുമ്പ് പ്രധാനമന്ത്രിയും ധനമന്ത്രിയും അമിത്ഷായും വാര്‍ത്ത വരുന്ന വിവരം അറിഞ്ഞെന്നും അതവരെ പിടിച്ചുകുലുക്കി എന്നുമാണ് ഇതിലെ ഒരു വശം. എന്നാല്‍, ഈ വാര്‍ത്തയില്‍ ഒളിഞ്ഞിരിക്കുന്ന യഥാര്‍ഥ വാര്‍ത്ത അതല്ല. രാജ്യത്തെ അധികാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഴിമതിയുടെയോ സ്വജനപക്ഷപാതത്തിന്റെയോ നിയമലംഘനത്തിന്റെയോ വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ദേശീയ തലസ്ഥാനത്ത് അച്ചടിമാധ്യമങ്ങള്‍ തയ്യാറല്ലെന്ന അവസ്ഥയാണത്. അവ പുറത്തുകൊണ്ടുവരാന്‍ ദൃശ്യമാധ്യമങ്ങളും ഭയപ്പെടുന്നു. അത്തരം വിവരങ്ങള്‍ കൈയിലെത്തിയിട്ടും പ്രസിദ്ധീകരിക്കാനോ എഴുതാനോ മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ പോലും തയ്യാറാവുന്നില്ല. അത് പുറത്തുവന്നാല്‍ തങ്ങള്‍ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെ ഭയപ്പെടുന്നതുകൊണ്ടു മാത്രമല്ല, അധികാരകേന്ദ്രങ്ങള്‍ക്കെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ഡല്‍ഹിയിലെ മാധ്യമങ്ങളുടെ മാനേജ്‌മെന്റുകള്‍ ഭയപ്പെടുന്നതുകൊണ്ടുകൂടിയാണ്. പത്രാധിപന്മാരെയും പത്രമുടമകളെയും ഭയം പിടികൂടിയിരിക്കുന്നു. ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയിലും പത്രമാരണ കടന്നാക്രമണങ്ങള്‍ക്കിടയിലും സത്യം ജനങ്ങളെ അറിയിക്കാന്‍ ചില അച്ചടിമാധ്യമങ്ങള്‍ തയ്യാറായിരുന്നു. ആ അവസ്ഥയേക്കാള്‍ ഭീകരമായ അടിയന്തരാവസ്ഥയെയാണ് മാധ്യമങ്ങള്‍ രാജ്യതലസ്ഥാനത്ത് അഭിമുഖീകരിക്കുന്നത്. ദി വയര്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അമിത്ഷായുടെ മകന്റെ സ്ഥാപനത്തിനെതിരേ രണ്ടു മാസത്തെ തയ്യാറെടുപ്പോടെയാണ് രോഹിണി സിങ് വാര്‍ത്ത തയ്യാറാക്കിയത്. താന്‍ പ്രവര്‍ത്തിക്കുന്ന ഇകണോമിക് ടൈംസ് എന്ന പത്രത്തില്‍ നിന്ന് രാജിവയ്‌ക്കേണ്ടിവന്നു അവര്‍ക്ക് ഓണ്‍ലൈന്‍ മാധ്യമത്തില്‍ അതു പ്രസിദ്ധീകരിക്കാന്‍. ഇകണോമിക് ടൈംസ് ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വാര്‍ത്താശേഖരണം നടത്തിയതും പത്രത്തോട് യാത്ര പറഞ്ഞ് അത് ഓണ്‍ലൈന്‍ പത്രത്തിലൂടെ പുറത്തുവിട്ടതും എന്ന് രോഹിണി സിങ് വെളിപ്പെടുത്തുന്നു. രോഹിണി സിങിനെക്കുറിച്ച് ഇന്ത്യക്കാരും രാഷ്ട്രീയ നേതാക്കളും അറിയുന്നത് ആദ്യമായല്ല. യുപിഎ ഗവണ്‍മെന്റിനും  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കുമെതിരേ ബിജെപി അഴിമതി ആരോപണങ്ങളുമായി രംഗത്തിറങ്ങിയത് സമീപകാലത്താണ്. സോണിയാഗാന്ധിയുടെ മകളുടെ ഭര്‍ത്താവായ റോബര്‍ട്ട് വദ്രയെപ്പറ്റിയും മന്‍മോഹന്‍സിങ് ഗവണ്‍മെന്റിലെ കലാനിധി മാരനെപ്പറ്റിയും അഴിമതിയുടെയും വെട്ടിപ്പിന്റെയും തെളിവുകള്‍ ഇതേ ലേഖിക പുറത്തുവിട്ടപ്പോള്‍. പക്ഷേ, അന്ന് ഡല്‍ഹിയിലെയും രാജ്യത്തെയും മാധ്യമങ്ങളാകെ ആ വാര്‍ത്തകള്‍ ഏറ്റുപിടിച്ചിരുന്നു. അതു പിന്തുടര്‍ന്നു യുപിഎ ഗവണ്‍മെന്റിനെയും കോണ്‍ഗ്രസ്സിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി വിചാരണ ചെയ്തിരുന്നു. അതിന്റെ പേരില്‍ രോഹിണി സിങിനോ മറ്റു പത്രപ്രവര്‍ത്തകര്‍ക്കോ സ്വന്തം ജോലി ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല. പത്രാധിപന്മാരും പത്രമുതലാളിമാരും അത്തരം തുറന്നുകാട്ടലുകളെയും അതിനുള്ള മല്‍സരത്തെയും പ്രോല്‍സാഹിപ്പിച്ചിരുന്നു. ലഖ്‌നോയില്‍ ജനിച്ചുവളര്‍ന്ന രോഹിണി സിങ് ഡല്‍ഹിയില്‍ ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടുകയും അമേരിക്കയില്‍ ഉപരിപഠനം നടത്തുകയും ചെയ്ത ശേഷം ഇകണോമിക് ടൈംസില്‍ ചേര്‍ന്നത് എട്ടു വര്‍ഷം മുമ്പാണ്. യുപിഎ ഗവണ്മെന്റിനെ പിടിച്ചുകുലുക്കുകയും അധികാരത്തില്‍ നിന്നു പുറന്തള്ളുകയും ചെയ്ത നിരവധി അന്വേഷണ റിപോര്‍ട്ടുകളില്‍ രോഹിണിയുടെ സംഭാവന വലുതാണ്. അതിനെ രാഷ്ട്രീയമായും ജനകീയ പ്രക്ഷോഭമായും മാറ്റിയത് അണ്ണാ ഹസാരെയുടെ ധര്‍ണയും സമരങ്ങളുമായിരുന്നു. ഇതില്‍ ഭാഗഭാക്കായിരുന്ന അരവിന്ദ് കെജ്‌രിവാള്‍, ബാബാ രാംദേവ്, അണ്ണാ ഹസാരെ, കിരണ്‍ ബേദി തുടങ്ങിയവര്‍ അതിന്റെ രാഷ്ട്രീയ ഫലം രുചിച്ചു. കെജ്‌രിവാള്‍ ആം ആദ്മി പാര്‍ട്ടിയുണ്ടാക്കി ഡല്‍ഹി മുഖ്യമന്ത്രിയായി. കിരണ്‍ ബേദി ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ ഗവര്‍ണറായി. ബാബാ രാംദേവാകട്ടെ, ഭരണമാറ്റത്തോടെ ഇന്ത്യയിലെ കുത്തകവ്യാപാരിയായി കുതിച്ചുയര്‍ന്നു. ഇതിന്റെയെല്ലാം യഥാര്‍ഥ രാഷ്ട്രീയ നേട്ടം കോരിയെടുത്തത് നരേന്ദ്ര മോദിയും ബിജെപിയുമായിരുന്നു. അഴിമതിക്കും ജനവിരുദ്ധ ഭരണത്തിനുമെതിരേ കൊടുങ്കാറ്റായി ആഞ്ഞടിച്ച മോദി അധികാരത്തിലേറിയ ശേഷം തന്റെ വാള്‍ ചുഴറ്റിയത് മാധ്യമപ്രവര്‍ത്തകര്‍ക്കും പത്രപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുമെതിരേയാണ്.രാജ്ദീപ് സര്‍ദേശായിയുടെ നേതൃത്വത്തിലുള്ള സിഎന്‍എന്‍-ഐബിഎന്‍ എന്ന ദൃശ്യമാധ്യമം റിലയന്‍സ് അംബാനിയെക്കൊണ്ട് വാങ്ങിച്ച് സര്‍ദേശായിയെയും സഹപ്രവര്‍ത്തകരെയും പുറത്താക്കി. ഇംഗ്ലീഷ് മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന പ്രതിജ്ഞ കുറേക്കാലം കൊണ്ടുനടന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ ഉടമകള്‍ക്കും കീഴടങ്ങാനുള്ള സന്ദേശം നല്‍കി. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും ഗോയങ്കെയുടെ ഉടമസ്ഥതയില്‍ അരുണ്‍ ഷൂരിയുടെ പത്രാധിപത്യത്തില്‍ ഡല്‍ഹിയില്‍ നിന്ന് നിര്‍ഭയ പത്രപ്രവര്‍ത്തനം ഇന്ത്യന്‍ എക്‌സ്പ്രസ് തുടരുകയുണ്ടായി. അവര്‍ക്ക് വൈദ്യുതി വിച്ഛേദിച്ചും മറ്റു തടസ്സങ്ങള്‍ സൃഷ്ടിച്ചും ഒടുവില്‍ സമ്പൂര്‍ണ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും ഇന്ദിരാഗാന്ധിയും മകന്‍ സഞ്ജയ് ഗാന്ധിയും വായമൂടിക്കെട്ടാന്‍ നോക്കി. അതിനിടയിലും കുല്‍ദീപ് നയാറുടെയും മറ്റും വെളിപ്പെടുത്തലുകളിലൂടെ ഇന്ത്യന്‍ എക്‌സ്പ്രസ് യഥാര്‍ഥ പത്രപ്രവര്‍ത്തനത്തിനു വേണ്ടി പൊരുതി.എന്നാല്‍, മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തിയ അടിയന്തരാവസ്ഥ ഇന്നില്ല. അതേ അഡ്വാനിയുടെ ശിഷ്യനും ബിജെപിയുടെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി പത്രപ്രവര്‍ത്തകരെ ഫലത്തില്‍ ആത്മഹത്യ ചെയ്യിക്കുകയാണ്. അരനൂറ്റാണ്ടിലേറെ ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച ഒരു പത്രപ്രവര്‍ത്തകന്‍ രോഹിണി സിങിന്റെ വെളിപ്പെടുത്തലിനു മുമ്പുതന്നെ ഡല്‍ഹി പത്രങ്ങളുടെ അവസ്ഥ ഈ ലേഖകനോട് ദുഃഖത്തോടെ പങ്കുവച്ചിരുന്നു. ഇത് അവിടത്തെ സ്ഥിതി മാത്രമല്ലെന്നും കേരളത്തിലെ മാധ്യമ മാനേജ്‌മെന്റുകളും മാധ്യമപ്രവര്‍ത്തകരും ഇവിടത്തെ ഭരണത്തിലെ അധികാരകേന്ദ്രത്തെയും പേടിച്ചു കഴിയുകയാണെന്നും ഈ ലേഖകന്‍ അദ്ദേഹത്തെ അറിയിച്ചു. ആ സ്ഥിതി എത്ര ഗുരുതരമായി വളര്‍ന്നിരിക്കുന്നു എന്നാണ് ഓരോ ദിവസവും നേരിടുന്ന അനുഭവങ്ങള്‍. കേരള മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങളോ വാചകങ്ങളോ ഉള്ള ലേഖനങ്ങള്‍ പോലും പ്രമുഖ മലയാള മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു. മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുപോലും ചോദ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറല്ല. ചോദ്യങ്ങള്‍ ചോദിക്കാനും പലരും ധൈര്യപ്പെടുന്നില്ല. ദൃശ്യമാധ്യമങ്ങളില്‍ സംവാദത്തിനു മല്‍സരിച്ചിരുന്ന മുഖങ്ങളില്‍ പലതും ഇപ്പോള്‍ തിരശ്ശീലയ്ക്കു പിറകിലാണ്. മുഖ്യമന്ത്രി തന്നെ മാധ്യമപ്രവര്‍ത്തകര്‍ പതിവായി ചിത്രമെടുക്കുകയും വാര്‍ത്ത ശേഖരിക്കുകയും ചെയ്യുന്ന ചടങ്ങുകളില്‍ നിന്ന് അവരെ ഇറക്കിവിടാന്‍ തന്റെ ഓഫിസിനെ നിയോഗിക്കുന്നു. നിങ്ങള്‍ ഇവിടെ നില്‍ക്കുന്നത് മുഖ്യമന്ത്രിക്ക് ഇഷ്ടമല്ല, സ്ഥലം വിടണമെന്നു കിങ്കരന്മാര്‍ തുറന്നുപറയുന്നു. മുമ്പ് കോടതികളില്‍ നിന്ന് വാര്‍ത്ത ശേഖരിക്കാനാവാതെ ഇറങ്ങിപ്പോരേണ്ടിവന്ന മാധ്യമപ്രവര്‍ത്തകര്‍ ഔദ്യോഗിക പരിപാടികളില്‍ നിന്നു നാണംകെട്ട് ഇറങ്ങിപ്പോരേണ്ട അവസ്ഥ തുടരുകയാണ്. നമ്മുടെ രാജ്യവും കേരളവും എവിടേക്കാണ് പോകുന്നത്? ബിജെപിയുടെയും ഇടതുമുന്നണിയുടെയും മാധ്യമനയങ്ങള്‍ ഏകാധിപതികളുടേതായി മാറുന്നത് എന്തുകൊണ്ട്? അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായ അവസ്ഥയാണ് പത്രസ്വാതന്ത്ര്യം കേരളത്തിലും ബിജെപി ഭരിക്കുന്ന കേന്ദ്രത്തിലും രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളിലും നേരിടുന്നത്.
Next Story

RELATED STORIES

Share it