ഭീഷണി അവസാനിച്ചെന്ന് വ്യാപാരികള്‍; പഴ വിപണി വീണ്ടും സജീവമാകുന്നു

കൊച്ചി: നിപാ വൈറസ് ഭീതിയെത്തുടര്‍ന്ന് വില്‍പന കുറഞ്ഞ പഴ വിപണി സജീവമാകുന്നതായി വ്യാപാരികള്‍.  വവ്വാലുകള്‍ ഭക്ഷിച്ച പഴങ്ങളില്‍നിന്നാണു നിപാ വൈറസ് പകര്‍ന്നതെന്ന പ്രചാരണത്തെത്തുടര്‍ന്ന് പഴവിപണിയിലെ വില്‍പന 50 ശതമാനം ഇടിഞ്ഞിരുന്നു.
പത്തു ദിവസത്തോളം ഈ പ്രതിസന്ധി തുടര്‍ന്നെങ്കിലും പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതോടെ വിപണി സജീവമായതായി ഫ്രൂട്ട്‌സ് മൊത്തവ്യാപാരികളുടെ സംഘടനയായ ഓള്‍ കേരള ഫ്രൂട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പഴവിപണിയില്‍ പതിനായിരം കോടി രൂപയുടെ നഷ്ടമാണ് നിപാ ഭീതി മൂലം ഉണ്ടായത്. സംസ്ഥാനത്ത് ദിവസം 2000 കോടിയുടെ വ്യാപാരമാണ് പഴവിപണിയില്‍ നടക്കുന്നത്. റമദാന് ഇതിന്റെ ഇരട്ടിയാവുമെന്നു പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, അപ്രതീക്ഷിതമായി ഉണ്ടായ നിപാ വൈറസ് ഭീതി മൂലം കച്ചവടം 1000 കോടിയായി കുറഞ്ഞു. പ്രതിദിനം 200 ലോഡ് പഴങ്ങള്‍ കേരളത്തിലെത്തിച്ചിരുന്നത് 100 ലോഡാക്കി കുറച്ചു. അറുന്നൂറോളം ലോഡുകള്‍ ആ ദിവസങ്ങളില്‍ തിരിച്ചയച്ചു. വിലയും പകുതിയായി കുറഞ്ഞു. കോഴിക്കോട്, മലപ്പുറം ഭാഗങ്ങളില്‍ പഴവര്‍ഗങ്ങളുടെ വില്‍പന 75 ശതമാനത്തോളം കുറഞ്ഞു. ചില്ലറ വ്യാപാരികളെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചത്. പഴമെത്തിക്കുന്ന കൃഷിക്കാര്‍ക്കും വന്‍ നഷ്ടമുണ്ടായി. കേരളത്തില്‍നിന്നുള്ള പഴം, പച്ചക്കറിക്ക് സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്കും ഏര്‍പ്പെടുത്തി.
വില്‍ക്കുന്ന പഴവര്‍ഗങ്ങളില്‍ 95 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍നിന്നും വിദേശരാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന പഴവര്‍ഗങ്ങള്‍ സുരക്ഷാ പരിശോധനകള്‍ കഴിഞ്ഞിട്ടാണ് എത്തുന്നത്.  പഴവര്‍ഗങ്ങളുടെ ഉപയോഗം സംബന്ധിച്ച് വ്യാജ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പി പി ഹംസ, മോയിന്‍ ഖാന്‍, ഓഫിസ് സെക്രട്ടറി പി കെ ചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it