kozhikode local

ഭീഷണിയായി വന്‍മരങ്ങള്‍: ഭീതിയോടെ രണ്ടു കുടുംബങ്ങള്‍

ബേപ്പൂര്‍: മാത്തോട്ടം വനം വകുപ്പ് ഓഫീസ് കോംപൗണ്ടിന് സമീപം താമസിക്കുന്ന രണ്ട് വീട്ടുകാര്‍ സുരക്ഷിതത്വ ഭീതിയില്‍. വനശ്രീ കോംപൗണ്ടില്‍ നിറയെ വന്‍ മരങ്ങളാണ്. നല്ല ഉയരത്തില്‍ വളര്‍ന്നതും വണ്ണം ഉള്ളതുമായ രണ്ടു വന്‍ തേക്ക് മരങ്ങളാണ് എപ്പോഴും വീഴാന്‍ സാധ്യതയോട് കൂടി ഇവരുടെ വീടിന് തൊട്ടടുത്തായി ഫോറസ്റ്റ് കോംപൗണ്ടില്‍ ഉള്ളത്.
അടുത്തടുത്ത് നില്‍ക്കുന്ന ഈ രണ്ട് വന്മരങ്ങള്‍ക്കിടയില്‍ രണ്ടാള്‍ താഴ്ചയിലും വന്‍ വ്യാസത്തിലുമായി വന്‍ കുഴിയുള്ളത് അപകടം സംഭവിക്കാന്‍ ആക്കം കൂട്ടും. കനത്ത മഴയിലും കാറ്റിലും ഈ രണ്ട് കുടുംബങ്ങളുടേയും നെഞ്ചടിപ്പ് കൂടുകയാണ്. കഴിഞ്ഞ ജൂലൈ 14 നു പുലര്‍ച്ചെ വനശ്രീ കോംപൗണ്ടില്‍ കിഴക്ക് പടിഞ്ഞാറ് മൂലയില്‍ ഉള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന് സമീപത്തുണ്ടായിരുന്ന 30 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതും നല്ലവണ്ണമുള്ളതും ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നതുമായ ഭീമന്‍ തേക്ക് മരം സമീപത്തുള്ള അബ്ദുല്ലയുടെയും അല്‍ത്താഫിന്റയും വീടുകള്‍ക്കുനേരെ ചെരിഞ്ഞു.
വീട്ടുകാര്‍ അധികൃതരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഞായറാഴ്ചയായതിനാല്‍ നടപടിയുണ്ടായില്ല. എട്ടുമണിയോടെ ഭീമന്‍ മരം വന്‍ശബ്ദത്തോടെ ഇവരുടെ വീടിനുമുകളില്‍ പതിച്ചു. ഭയം കാരണം രണ്ടു കുടുംബങ്ങളും വീടിന് പിന്‍വശത്തേക്ക് വരാതെ മുന്നില്‍ മാത്രം മരം വീഴുന്നതും ശ്രദ്ധിച്ച് നിന്നത് കാരണം ആണ് ഇവര്‍ പരിക്കൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടത്.
മരം വീണ് വീട് തകര്‍ന്നവിവരം ഫോറസ്റ്റ് ഓഫീസില്‍ അറിയിക്കാന്‍ ചെന്ന അബ്ദുല്ലകോയയും മകന്‍ ഷാനിലും ഓഫീസിന് കാവലുണ്ടായിരുന്ന ലൈജു, മുഹമ്മദ് ബാവ, എന്നിവരോട് സംസാരിക്കവേ തൊട്ടടുത്തുണ്ടായിരുന്ന പടുകൂറ്റന്‍ പാര്‍ത്തോടമരം വന്‍ ശബ്‌ത്തോടെ നിലംപതിച്ചു.
ഈ മരത്തിന്റെ കൊമ്പുകള്‍ക്കിടയില്‍പെട്ട് ഇവര്‍ ഓടിച്ചു വന്ന സ്‌കൂട്ടറിന്റെ മുന്‍ഭാഗം തകര്‍ന്നു. ഭാഗ്യം കൊണ്ടാണ് നാല് പേരുടേയും ജീവന്‍ അന്ന് രക്ഷപ്പെട്ടത്.
ഫയര്‍ഫോഴ്‌സ് എത്തി മരത്തിന്റെ ചില്ലകള്‍ മുറിച്ചു മാറ്റിയതല്ലാതെ തടി മരം വീടിനുമുകളില്‍ നിന്ന് എടുത്തുമാറ്റുകയോ വീടിനു മതിയായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്തിട്ടില്ല. ഒരു ഓഫീസറും ഇതുവരെ ഒന്ന് വന്നു നോക്കുകപോലും ചെയ്തിട്ടില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
വനംവകുപ്പിലെ ഒട്ടുമിക്ക ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് പരാതി പറഞ്ഞതിനെ അടിസ്ഥാനത്തില്‍ 15 ദിവസത്തിന് ശേഷമാണ് വീടിനു മുകളില്‍ ഉണ്ടായിരുന്ന മരം ഇവര്‍ ആളെ വിട്ടു മുറിച്ചുമാറ്റിയത്. രണ്ടുമാസം കഴിഞ്ഞിട്ടും ഉത്തരവാദിത്തപെട്ടവര്‍ സ്ഥലം സന്ദര്‍ശിക്കുകയോ നഷ്ടപരിഹാരവും നല്‍കുകയോ ചെയ്തിട്ടില്ല. പരാതി സ്വീകരിക്കുകയും ചെയ്തിട്ടില്ല. തുടര്‍ന്ന് ഇവര്‍ ബേപ്പൂര്‍ വില്ലേജ് ഓഫീസര്‍ക്ക് പരാതി നല്‍കി.
പിന്നീട് അന്വേഷിച്ചപ്പോള്‍ പരാതി കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് അയച്ചു കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞത്. തുടര്‍ന്ന് അബ്ദുല്ലക്കോയ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍ ഇതുവരെ വില്ലേജ് ഓഫീസറോ കലക്ടറോ കോര്‍പ്പറേഷന്‍ അധികൃതരോ അന്വേഷിക്കാന്‍ വന്നിട്ടില്ല.
ഫോറസ്റ്റ് കോംപൗണ്ടില്‍ ഇവരുടെ വീടിനു സമീപത്ത് രണ്ടാള്‍ താഴ്ചയിലും വന്‍ വ്യാസത്തിലും വന്‍ കുഴി ഉണ്ടാക്കിയതാണ് അന്ന് മരങ്ങള്‍ കടപുഴകിവീഴാന്‍ കാരണമായതെന്ന് വീട്ടുകാര്‍ പറഞ്ഞു.
ഇതിനിടെ സെപ്തംബര്‍ മൂന്നിന് ഫോറസ്റ്റുകാര്‍ വനശ്രീയിലെ ആറ് മരങ്ങള്‍ ഭാഗികമായി മുറിച്ചെങ്കിലും പിഞ്ചുകുട്ടികളടക്കമുള്ള രണ്ട് കുടുംബങ്ങള്‍ താമസിക്കുന്ന വീടുകള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാനുള്ള യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. സുരക്ഷ തേടി ആരെയാണ് ഇന് സമീപിക്കേണ്ടതെന്നറിയാതെ കുഴങ്ങുകയാണ് പ്രവാസിയും നിത്യരോഗിയുമായ അബ്ദുല്ലക്കോയയും കുടുംബവും.

Next Story

RELATED STORIES

Share it