kannur local

ഭീഷണിയായി ജനവാസ കേന്ദ്രത്തിലെ ഗ്യാസ് ഗോഡൗണ്‍



പഴയങ്ങാടി: ദിനേന നിരവധി പേര്‍ ചികില്‍സ തേടിയെത്തുന്ന പഴയങ്ങാടി താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ പാചകവാതക സിലിണ്ടര്‍ ഗോഡൗണ്‍ ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു. അതീവ സുരക്ഷയോടെ പ്രവര്‍ത്തിക്കേണ്ട ഗോഡൗണ്‍ ഒട്ടും സുരക്ഷിതമല്ലാതെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്നത്. ജനവാസ കേന്ദ്രത്തില്‍നിന്ന് 100 മീറ്റര്‍ അകലം പാലിക്കണമെന്നാണ് എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ നിര്‍ദേശം. എന്നാല്‍ ഇതുപോലും പാലിക്കുന്നില്ല. മേല്‍ക്കൂരയില്‍ തകരഷീറ്റ് പാകിയ കെട്ടിടത്തില്‍ നൂറുകണക്കിന് ഗ്യാസ് സിലണ്ടറുകളാണ് അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത്. ഗോഡൗണില്‍ സെക്യൂരി ജീവനക്കാരില്ല. ഉള്ള ജീവനക്കാര്‍ വൈകീട്ടോടെ ഗോഡൗണ്‍ പൂട്ടിപ്പോകും. രാത്രിയില്‍ സിലിണ്ടര്‍ ചോര്‍ച്ചയുണ്ടായാല്‍ ഈ ജീവനക്കാരെത്തി വേണം ഗോഡൗണ്‍ തുറക്കാന്‍. രക്ഷാപ്രവര്‍ത്തനത്തിന് ഫയര്‍ ഫോഴ്‌സ് എത്തിയാല്‍പ്പോലും ജീവനക്കാരെത്തി ഗോഡൗണ്‍ തുറക്കാതെ ഒന്നും ചെയ്യാനാവില്ല. ഇടിയും മിന്നലുമുള്ള രാത്രികളില്‍ ഏറെ പരിഭ്രാന്തിയിലാണ് പ്രദേശവാസികള്‍ കഴിയുന്നത്. ചെറിയ അപകടംപോലും വലിയ ദുരന്തത്തിന് കാരണമാവും. നേരത്തെ നിരവധി പരാതികളെ തുടര്‍ന്ന് എക്‌സ്‌പ്ലോസീവ് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധിക്കുകയും ജനവാസ കേന്ദ്രത്തിലെ ഗോഡണ്‍ മാറ്റണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഗോഡൗണ്‍ പ്രവര്‍ത്തിക്കാനായി ഉടമ രാഷ്ട്രീയബന്ധങ്ങള്‍ മറയാക്കുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. ഗോഡൗണ്‍ സുരക്ഷിതമായ മറ്റെവിടെയെങ്കിലും മാറ്റിസ്ഥാപിക്കുകയോ, സുരക്ഷാ സംവിധാനം കുറ്റമറ്റതാക്കുകയോ വേണമെന്നാണ് ആവശ്യം.
Next Story

RELATED STORIES

Share it