ഭീഷണിപ്പെടുത്തി കോടികള്‍ തട്ടാന്‍ ശ്രമം ; അഞ്ചംഗസംഘം പിടിയില്‍

തൃപ്പൂണിത്തുറ: ആംഡംബര കാ ര്‍ വാങ്ങാന്‍ അവസരം നല്‍കാമെന്നു പറഞ്ഞ് തൃപ്പൂണിത്തുറ സ്വദേശിയെ ബംഗളൂരുവിലേക്കു വിളിച്ചുവരുത്തി കോടികള്‍ തട്ടാന്‍ ശ്രമിച്ച സംഘം പിടിയില്‍. എരൂര്‍ നാരായണീയത്തില്‍ നാരായണദാസ് എന്നു വിളിക്കുന്ന സതീശന്‍ (46), എരൂര്‍ ശ്രീദുര്‍ഗയില്‍ സായി ശങ്കര്‍ (23), പാലക്കാട് മണ്ണാര്‍ക്കാട്ട് പള്ളത്തുവീട്ടില്‍ സമീര്‍ (35), തൈക്കൂടം തോപ്പുപറമ്പില്‍ ഡിബിന്‍ (21), പെരുമ്പാവൂര്‍ ഗുല്‍മോഹര്‍ വീട്ടില്‍ മയൂഖി (22) എന്നിവരെയാണു തൃപ്പൂണിത്തുറ പോലിസ് അറസ്റ്റ് ചെയ്തത്. മകളുടെ വിവാഹത്തിനു സമ്മാനമായി ബി.എം.ഡബ്ല്യൂ. കാര്‍ നല്‍കാന്‍ ആഗ്രഹിച്ച തൃപ്പൂണിത്തുറ സ്വദേശി അജയഘോഷുമായി നാരായണദാസ് സൗഹൃദം സ്ഥാപിക്കുകയും ബി.എം.ഡബ്ല്യൂ. ഇന്ത്യയില്‍ ഇറക്കിയ പുതിയ മോഡലുകള്‍ ബംഗളൂരുവില്‍ നടക്കുന്ന എക്‌സിബിഷനില്‍ ഉണ്ടാവുമെന്നും പറഞ്ഞു വിശ്വസിപ്പിച്ച് ഇയാളെ ബംഗളൂരുവിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ബി.എം.ഡബ്ല്യൂ. കാര്‍ വില്‍പ്പന കമ്പനിയിലെ ഏജന്റ് ആണെന്നു പരിചയപ്പെടുത്തിയ മയൂഖി ഇയാളെ സുഹൃത്തിന്റെ ഫഌറ്റിലേക്ക് കൊണ്ടുപോയി. ഈസമയം കര്‍ണാടക പോലിസ് ആണെന്നു പറഞ്ഞെത്തിയ സായി ശങ്കറും സമീറും ഡിബിനും ഇവരുടെ റൂമില്‍ പരിശോധന നടത്തി.

പരിശോധനയില്‍ മയൂഖിയുടെ ബാഗില്‍ നിന്ന് വെളുത്ത നിറത്തിലുള്ള പൊടി കണ്ടെടുത്തു. തുടര്‍ന്ന് വയര്‍ലസ് വഴി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡി.ഐ.ജി. വേഷത്തില്‍ നാരായണദാസ് എത്തി. ബാഗില്‍ നിന്നു കണ്ടെത്തിയ പൊടി മയക്കുമരുന്നാണെന്നു പറഞ്ഞ് സംഘം മയൂഖിയെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതില്‍ തനിക്കു പങ്കില്ലെന്നും യുവതിയാണു തന്നെ ഇവിടേക്കു കൂട്ടിക്കൊണ്ടുവന്നതെന്നും അജയഘോഷ് പറഞ്ഞപ്പോള്‍ കേസില്‍ നിന്നു രക്ഷപ്പെടണമെങ്കില്‍ രണ്ടുകോടി രൂപ പ്രതിഫലമായി നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ കൈയില്‍ പണം ഇപ്പോള്‍ ഇല്ലെന്നും നാട്ടിലെത്തിയശേഷം നല്‍കാമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് അജയഘോഷിനെ നാട്ടിലേക്കു പോവാന്‍ സംഘം അനുവദിക്കുകയായിരുന്നു. നാട്ടിലെത്തിയ ഉടനെ ഇയാള്‍ തൃപ്പൂണിത്തുറ പോലിസില്‍ പരാതിനല്‍കി. തുടര്‍ന്നു അജയഘോഷിന്റെ സഹായത്തോടെ പണംനല്‍കാമെന്നു പറഞ്ഞ് സായി ശങ്കറിനെ വിളിച്ചുവരുത്തി പോലിസ് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇയാളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു നാലുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it