ഭീഷണിപ്പെടുത്തി കവര്‍ച്ച: അഞ്ചംഗ സംഘം പിടിയില്‍

തിരുവല്ല: പകല്‍സമയങ്ങളില്‍ സ്ത്രീകള്‍ ഇല്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ച് പുരുഷന്മാരെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുന്ന അഞ്ചംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം ഊട്ടിക്കല്‍ മൂന്നുപാറ തടത്തില്‍ സൂജ (30), റാന്നി ഈട്ടിച്ചുവട് പുലി പ്രപ്പതാലില്‍ ഷാജി എന്നു വിളിക്കുന്ന ഷാജഹാന്‍(36), റാന്നി ഈട്ടിച്ചുവട് ആഞ്ഞിലിമൂട്ടില്‍ പുള്ള് എന്നു വിളിക്കുന്ന അനില്‍(36), റാന്നി ബ്ലോക്ക് പടി പൗവ്വത്ത് മേല്‍മുറി പൊന്നിക്കണ്ണന്‍ എന്നു വിളിക്കുന്ന രാജീവ്(34), കുമ്പഴ അമീര്‍ മന്‍സിലില്‍ ഷീജ(40) എന്നിവരെയാണ് തിരുവല്ല സിഐ മനോജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.

ഇരവിപേരൂര്‍ സ്വദേശി ദീപക് നല്‍കിയ പരാതിയിന്മേലാണ് കവര്‍ച്ചാസംഘം പോലിസ് വലയിലായത്. ഒന്നാം പ്രതി സുജ പതിവായി ദീപക് നടത്തുന്ന മെഡിക്കല്‍ സ്‌റ്റോറില്‍ എത്തുമായിരുന്നു. സ്ഥിരം സന്ദര്‍ശകയായ സുജ ഇടയ്ക്കിടെ ദീപക്കിനെ ഫോണില്‍ വിളിക്കാനും തുടങ്ങി. കഴിഞ്ഞ ശനിയാഴ്ച മെഡിക്കല്‍ സ്‌റ്റോറില്‍ എത്തിയ സുജയോടൊപ്പം അഞ്ചാം പ്രതി ഷീജയുമുണ്ടായിരുന്നു. ഷീജയ്ക്ക് അടോയ്‌ലറ്റില്‍ പോവണമെന്നും അതിനുള്ള സൗകര്യം നല്‍കണമെന്നും സുജ ദീപക്കിനോട് ആവശ്യപ്പെട്ടു. മെഡിക്കല്‍ സ്‌റ്റോറിനു പിന്നിലുള്ള ദീപക്കിന്റെ വീട്ടിലെ ടോയ്‌ലറ്റില്‍ പോകാന്‍ അവസരവും നല്‍കി. കൂടുതല്‍ സമയം കഴിഞ്ഞിട്ടും ഷീജ മടങ്ങിയെത്താത്തതിനാല്‍ ദീപക് വീട്ടിലേക്ക് പോയി. ദീപക് വീട്ടിലെത്തിയപ്പോഴേക്കും രണ്ടും, മൂന്നും, നാലും പ്രതികള്‍ പോലിസെന്ന വ്യാജേന വീട്ടിലെത്തി. ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി അറിവ് ലഭിച്ചുവെന്നും കേസ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ഭീഷണിപ്പെടുത്തി. ഭീഷണി ഭയന്ന് ദീപക് പണം നല്‍കാന്‍ തയ്യാറാവുകയായിരുന്നു.
പത്തനംതിട്ടയില്‍ സമാനമായ സംഭവം ഉണ്ടായിട്ടുള്ളതായും, രണ്ടാം പ്രതി ഷാജഹാന്‍ ഇതില്‍ ഉള്‍പ്പെട്ടിരുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it