Flash News

ഭീഷണികള്‍ ഭയന്ന് പിന്മാറില്ല; യുപിയില്‍ തുടരും: ഡോ. കഫീല്‍ ഖാന്‍

കൊച്ചി: ഗോരഖ്പൂരില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നത് തുടരുകയാണെന്നും എന്നാല്‍, താന്‍ പിന്നോട്ടില്ലെന്നും ഡോ. കഫീല്‍ ഖാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീഷണികള്‍ ഭയന്ന് പിന്‍മാറുകയില്ല. യുപിയില്‍ തന്നെ ആതുരസേവനരംഗത്ത് തുടരുമെന്നും ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു.
സംഭവസമയത്ത് ക്രിയാത്മകമായ ഇടപെടല്‍ നടത്തിയ തന്നെ ശിക്ഷിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ശ്രമം. ഉത്തര്‍പ്രദേശില്‍ നിന്നും  അമേരിക്കയിലേക്കോ കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലേക്കോ മാറാന്‍ നിരവധിയാളുകള്‍ തന്നെ ക്ഷണിക്കുന്നുണ്ട്. എന്നാല്‍,  ഉത്തര്‍പ്രദേശില്‍ തന്നെ തുടരാണ് തന്റെ ആഗ്രഹമെന്നും കഫീല്‍ഖാന്‍ പറഞ്ഞു.
മസ്തിഷ്‌ക ജ്വരം പിടിപെട്ട് ആയിരക്കണക്കിന് കുട്ടികളാണ് വര്‍ഷം തോറും  മരിക്കുന്നത്. അവര്‍ക്ക് കാര്യക്ഷമമായ ചികില്‍സ ഉറപ്പുവരുത്താന്‍ വിവിധ എന്‍ജിഒകളുമായി ചേര്‍ന്ന് ആശുപത്രി നിര്‍മിക്കും. ഇവിടെ മരുന്നും സേവനവും സൗജന്യമായിരിക്കും.
സംഭവത്തിന് ഒരു വര്‍ഷം മുമ്പാണ് ബിആര്‍ഡി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടറായി ചേര്‍ന്നത്. കൂട്ടമരണം ഉണ്ടാവുന്നതിനു മുമ്പുതന്നെ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് അറിയിച്ച് നിരവധി കത്തുകളെഴുതിയിരുന്നു. എന്നാല്‍, മറുപടിയുണ്ടായില്ല. 48 മണിക്കൂറിനുള്ളില്‍ അറുപതോളം കുഞ്ഞുങ്ങളാണു മരിച്ചത്. കണ്‍മുന്നില്‍ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന കാഴ്ച കണ്ടിട്ടും ഭരണനേതൃത്വങ്ങളിലിരുന്നവര്‍ക്ക് മനസ്സലിഞ്ഞില്ല. ഇതു മരണമല്ല കൂട്ടക്കൊലയാണ്.
കനിവിന്റെ വാക്കുകള്‍  പോലുമില്ലാതെ മരിച്ച കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞയക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടത് മാധ്യമ ഇടപെടല്‍ മൂലമാണ്. തൊട്ടടുത്ത ദിവസങ്ങളില്‍ ഐടി വിദഗ്ധരെ അണിനിരത്തി സംഭവത്തിന്റെ ഗതിതിരിച്ചുവിടാനും സര്‍ക്കാര്‍ തലത്തില്‍ വലിയ ശ്രമം നടന്നു.  വൈസ് പ്രിന്‍സിപ്പലെന്നും വകുപ്പുതലവനെന്നുമുള്ള രീതിയില്‍ പ്രചരണമഴിച്ചുവിട്ട് തനിക്കെതിരേ നടപടിയെടുത്ത് പ്രശ്‌നം ഒളിപ്പിക്കാനായിരുന്നു ആദ്യശ്രമം. താന്‍ ജൂനിയര്‍ ഡോക്ടറാണ്. ഗോരഖ്പൂരില്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിയിട്ട് ഒരുവര്‍ഷത്തോളമേ ആയിരുന്നുള്ളൂ. തന്നെ വകുപ്പ് തലവന്‍ ആണെന്ന രീതിയില്‍ മാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണം ഗൂഢലക്ഷ്യങ്ങളോടുകൂടിയുള്ളതായിരുന്നു. തനിക്കെതിരേ വലിയ ഗൂഢാലോചനയാണ് നടന്നത്. മറിച്ചെന്തെങ്കിലും പറഞ്ഞാല്‍ താനിനി തിരിച്ചുവരുകയില്ലെന്ന് ഭീഷണിയുണ്ടായിരുന്നുവെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
തനിക്ക് മേല്‍ ആരോപിച്ച കൃത്യവിലോപം കോടതിക്കു മുന്നില്‍ സര്‍ക്കാരിന് തെളിയിക്കാനായില്ലെന്ന് മാത്രമല്ല ഒരുതെളിവുപോലും ഉന്നയിക്കാനായില്ല. കൊടും കുറ്റവാളികളോടൊപ്പം എട്ടുമാസത്തോളം തന്നെ തടവിലിട്ട് പീഡിപ്പിച്ചു. തന്നെ മാത്രമല്ല കുടുംബത്തെയും ഭീഷണിപ്പെടുത്തി. കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ മാതാപിതാക്കളെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ഭയപ്പെടുത്തി ഭരിക്കുകയാണ് യോഗിയുടെ രീതി.
കേരളത്തിന്റെ മുഖ്യമന്ത്രിയോട് തന്റെ സംസ്ഥാനത്തിലെ ആശുപത്രിഭരണം പഠിക്കാന്‍ യോഗി പറഞ്ഞത് യുപിയിലെ യഥാര്‍ഥ അവസ്ഥ മറച്ചുവച്ചാണ്. ശിശുമരണം കേരളത്തില്‍ 10 ആയിരിക്കുമ്പോള്‍ യുപിയില്‍ ഇത് 43 ആണ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് കേരളത്തില്‍ ഏഴും യുപിയില്‍ 78ഉം ആണ്. പ്രസവത്തിനിടെയുള്ള മരണം കേരളത്തില്‍ 61ഉം  ഉത്തര്‍പ്രദേശില്‍ 281ഉം ആണ്.
യുപിയില്‍ 20000 പേര്‍ക്ക് ഒരുഡോക്ടറെന്ന നിലയിലാണുള്ളത്. കേരളത്തെ യുപിയുമായി താരതമ്യം ചെയ്യുന്ന യോഗി കൂടുതല്‍ കാര്യക്ഷമമായി ചിന്തിക്കേണ്ടതുണ്ടെന്നും ഡോ. കഫീല്‍ ഖാന്‍ പറഞ്ഞു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് പി എം സ്വാലിഹ്, നദീം ഖാന്‍, ഉമ്മര്‍ ആലത്തൂര്‍, എ അനസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it