Pathanamthitta local

ഭീതി ഒഴിയുന്നില്ല; ഡെങ്കിപ്പനി ബാധിതര്‍ നൂറിലധികം

പത്തനംതിട്ട: കഴിഞ്ഞ ജനുവരി മുതല്‍ ഇതുവരെ ജില്ലയില്‍ ഡെങ്കിപ്പനിയുടെ പിടിയിലമര്‍ന്നത് 132 പേര്‍. ഇതില്‍ 60ല്‍ അധികം പേര്‍ നിലവില്‍ ചികില്‍സയിലാണ്. ഇതിനു പുറമേ, എലിപ്പനി, ചിക്കുന്‍ഗുനിയ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 25,000 ഓളം പേര്‍ക്ക് ഈ കാലയളവില്‍ പകര്‍ച്ചപ്പനി ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്.
റാന്നി, വല്ലന, തണ്ണിത്തോട്, മലയാലപ്പുഴ, ഇലന്തൂര്‍, ഒാമല്ലൂര്‍, കടമ്മനിട്ട, കോന്നി മേഖലകളിലാണ് ഡെങ്കിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിനു പുറമേ, 19 പേര്‍ക്ക് എലിപ്പനിയും 15 പേര്‍ക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്. നൂറില്‍പ്പരം പേരില്‍ ചിക്കുന്‍ഗുനിയ അണുബാധ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്. 2007ല്‍ ജില്ലയില്‍ വ്യാപകമായി ചിക്കുന്‍ഗുനിയ. പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ ഇപ്പോഴത്തെ സാഹചര്യത്തെ ആരോഗ്യവകുപ്പ് ജാഗ്രതാപൂര്‍വമാണ് ആരോഗ്യവകുപ്പ് കാണുന്നത്.
തെക്കുകിഴക്കന്‍ കാലവര്‍ഷം അടുത്തിരിക്കെ ഡെങ്കിപ്പനി വ്യാപകമാവാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് സംസ്ഥാനതലത്തില്‍ നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഇവയുടെ വ്യാപനം കേരളത്തില്‍ വര്‍ധിക്കുന്നുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. വിവിധ തരത്തിലുള്ള ഡെങ്കി വൈറസുകള്‍ സംസ്ഥാനത്ത് സജീവമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ ഡെങ്കിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇടവിട്ടുള്ള മഴ മൂലം ഓടകളിലും പൊതുസ്ഥലങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നത് കൊതുകുപെരുകാന്‍ കാരണമാവുന്നുണ്ട്. അതുകൊണ്ടു തന്നെ അടിയന്തരമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ട സാഹചര്യമാണ് ജില്ലയില്‍ ഉള്ളത്.
ഇതിനു പുറമേ, മാര്‍ക്കറ്റില്‍ നിന്നും ആശുപത്രികളില്‍ നിന്നും മറ്റുമുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ സംവിധാനമില്ലാത്തതും സ്ഥിതിഗതികള്‍ ഗുരുതരമാക്കുന്നുണ്ട്. കോഴിക്കടകളില്‍ നിന്നും അറവുശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങളും ആശുപത്രി മാലിന്യങ്ങളും നദികള്‍ ഉള്‍പ്പെടയുള്ള ജലസ്രോതസ്സുകളെ മലിനപ്പെടുത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്.
പനി പടര്‍ന്നു പിടിച്ച പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുന്നതിനു മുന്നോടിയായി നടത്തേണ്ട ശുചീകരണ പ്രവര്‍ന്നങ്ങള്‍ക്ക് ആരോഗ്യവകുപ്പ് നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലെ കിണറുകളിലും ക്ലോറിനേഷന്‍ നടത്തും. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആരോഗ്യവകുപ്പു നേരിട്ടും, സ്വകാര്യ സ്‌കൂളുകളില്‍ മാനേജ്‌മെന്റുമാണ് ക്ലോറിനേഷന്‍ നടത്തേണ്ടത്. അതേസമയം, മഴക്കാലത്തിനു മുമ്പ് നടത്തേണ്ട വാര്‍ഡുതല ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ഇതുവരെ അനുവദിച്ചിട്ടില്ല. ശുചിത്വമിഷനും ദേശീയ ആരോഗ്യ ദൗത്യ(എന്‍എച്ച്എം)വും 10000 രൂപ വീതവും തദ്ദേശ സ്ഥാപനങ്ങള്‍ 5000 രൂപ വീതവും പ്രകാരം ഒരു വാര്‍ഡിന് 25000 രൂപയാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്നത്.
ജില്ലയിലെ 910 വാര്‍ഡുകള്‍ക്കാണ് പണം ലഭിക്കേണ്ടത്. കഴിഞ്ഞവര്‍ഷം പല പഞ്ചായത്തുകളും സ്വന്തം ഫണ്ടില്‍ നിന്നു പണമെടുത്താണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ശുചിത്വ മിഷന്‍ ഇതുവരെ ഈ പണം പഞ്ചായത്തുകള്‍ക്ക് നല്‍കിയിട്ടില്ല.
എലിപ്പനിക്കെതിരേ ജാഗ്രത പുലര്‍ത്തണം: ഡിഎംഒ
പത്തനംതിട്ട: ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും എലിപ്പനിക്കുള്ള ചികില്‍സ സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ(ആരോഗ്യം) ചുമതല വഹിക്കുന്ന ഡോ. എല്‍ അനിതാകുമാരി അറിയിച്ചു. പനി ബാധിതര്‍ ആദ്യഘട്ടത്തില്‍ തന്നെ ശരിയായ വൈദ്യസഹായം തേടണമെന്നും അസുഖം ഗുരുതരമാവുന്ന സ്ഥിതി ഒഴിവാക്കണമെന്നും ഡിഎംഒ നിര്‍ദേശിച്ചു.
ലെപ്‌റ്റോസ്‌പൈറ എന്ന സൂക്ഷ്മ ജീവിയാണ് എലിപ്പനിക്ക് കാരണം. എലി, നായ, കുറുക്കന്‍, കുതിര, പശു, പോത്ത് തുടങ്ങിയവയില്‍ ഈ സൂക്ഷ്മ ജീവിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ഇവയുടെ മൂത്രത്തിലൂടെ ലെപ്‌റ്റോസ്‌പൈറ പുറത്തുവരുകയും കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ വ്യാപിക്കുകയും ചെയ്യും. ദിവസങ്ങളോളം വെള്ളത്തില്‍ ജീവിക്കാന്‍ ഇവയ്ക്കു കഴിയും. വെള്ളത്തില്‍ ഇറങ്ങുന്നവരുടെ തൊലിപ്പറുത്തെ സൂക്ഷ്മ മുറിവുകളില്‍ കൂടി ഇവ ശരീരത്തില്‍ പ്രവേശിക്കും. മുറിവ് ഇല്ലെങ്കില്‍ കൂടി കാലുകളിലെ വിരലുകള്‍ക്കിടയിലുള്ള നേര്‍ത്ത തൊലി, കണ്ണ്, മൂക്ക് എന്നിവയിലെ ശ്ലേഷ്മ സ്ഥരം എന്നിവയില്‍ക്കൂടിയും രോഗാണുക്കള്‍ക്ക് ശരീരത്തില്‍ പ്രവേശിക്കാന്‍ കഴിയും. കടുത്തപനി, തലവേദന, ശരീരവേദന, കണ്ണിനു ചുവപ്പ്, വെളിച്ചത്തിലേക്ക് നോക്കാന്‍ പ്രയാസം, പേശീ വേദന എന്നിവയാണ് പ്രധാന രോഗലക്ഷണം. യഥാസമയം എലിപ്പനി തിരിച്ചറിഞ്ഞ് മരുന്ന് കഴിച്ചില്ലെങ്കില്‍ രോഗാണുക്കള്‍ ആന്തരാവയവങ്ങളെ ബാധിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. എലിപ്പനിക്ക് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ മഞ്ഞപ്പിത്തമാണെന്ന് തെറ്റിദ്ധരിച്ച് സ്വയംചികിത്സയോ, പച്ചമരുന്നു ചികില്‍സയോ ചെയ്യുന്നത് അപകടമാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍: പച്ച മാംസം കൈകാര്യം ചെയ്യുന്നവര്‍ ഗ്ലൗസ് ധരിക്കണം. എലി സാന്നിധ്യമുള്ള സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ കൈയുറകളും കാലുറകളും ധരിക്കണം. നായ, പശു, എരുമ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുമ്പോഴും വിസര്‍ജ്യങ്ങള്‍ നീക്കം ചെയ്യുമ്പോഴും കയ്യുറയും കാലുറയും ധരിക്കണം. ഓടകള്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവയുമായുള്ള സമ്പര്‍ക്കം കഴിവതും ഒഴിവാക്കണം. മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന തൊഴില്‍ ചെയ്യുന്നവര്‍ ആരോഗ്യവകുപ്പ് ജീവനക്കാരെ സമീപിച്ച് എലിപ്പനിബാധ തടയാനുള്ള മരുന്ന് മുന്‍കൂര്‍ കഴിക്കണം.
Next Story

RELATED STORIES

Share it