Flash News

ഭീതി അകലുന്നില്ല; കനത്ത സുരക്ഷാവലയത്തില്‍ മക്കാ മസ്ജിദും പരിസരവും

എച്ച്  സുധീര്‍
ഹൈദരാബാദ്: 11 വര്‍ഷം മുമ്പ് സംഘപരിവാരത്തിന്റെ ഭീകരമുഖം തുറന്നുകാട്ടിയ സ്‌ഫോടനത്തില്‍ വിറങ്ങലിച്ചുപോയ മക്കാ മസ്ജിദും പരിസരവും ഇപ്പോഴും ഭീതിയുടെ നിഴലില്‍. സ്‌ഫോടനക്കേസിലെ പ്രതികളെ എന്‍ഐഎ കോടതി കുറ്റവിമുക്തരാക്കിയ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് മക്കാ മസ്ജിദും സമീപത്തെ ചാര്‍മിനാറും. കോടതിവിധി വന്നശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നമസ്‌കാരത്തിന് മക്കാ മസ്ജിദിലേക്ക് വിശ്വാസികള്‍ ഒഴുകിയെത്തി. കനത്ത സുരക്ഷയിലും ജാഗ്രതയിലുമാണ് ജുമുഅ നമസ്‌കാരം നടന്നത്. നമസ്‌കാരത്തിന് ഏറെ മുമ്പുതന്നെ മസ്ജിദിന്റെ പരിസരങ്ങള്‍ ഡോഗ്‌സ്‌ക്വാഡിനെ ഉപയോഗിച്ചും പള്ളിക്കുള്ളില്‍ മെറ്റല്‍ഡിറ്റക്റ്റര്‍ ഉപയോഗിച്ചും സുരക്ഷാസംഘം പരിശോധന നടത്തി.
നീതിതേടിയുള്ള കാത്തിരിപ്പിന് എന്‍ഐഎ കോടതിയില്‍ നിന്നു തിരിച്ചടി നേരിട്ടതിലുള്ള നിരാശ പ്രദേശവാസികളുടെ വാക്കുകളിലും മുഖങ്ങളിലും പ്രകടമാണ്. എന്നാല്‍, ഉന്നത നീതിപീഠങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും നീതിക്കു വേണ്ടിയുള്ള തങ്ങളുടെ കാത്തിരിപ്പിന് ഫലമുണ്ടാവുമെന്നും ജുമുഅ നമസ്‌കാരത്തിനെത്തിയവര്‍ പറഞ്ഞു.
ചരിത്രപ്രസിദ്ധമായ ചാര്‍മിനാറിന്റെ ഓരം ചേര്‍ന്നു നിലകൊള്ളുന്ന മക്കാ മസ്ജിദിലേക്ക് ദിനംപ്രതി നിരവധി തീര്‍ത്ഥാടകരും സഞ്ചാരികളുമാണ് വന്നുപോവുന്നത്. കോടതിവിധി കണക്കിലെടുത്ത് മേഖലയില്‍ സുരക്ഷാക്രമീകരണം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ മക്കാ മസ്ജിദിന് മുന്നില്‍ ഏറെനേരം ചെലവഴിക്കാനോ സംഘംചേര്‍ന്നുനില്‍ക്കാനോ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ല. പള്ളിയിലേക്കുള്ള പ്രവേശനകവാടത്തില്‍ മൂന്ന് മെറ്റല്‍ ഡിറ്റക്റ്ററുകള്‍ സ്ഥാപിച്ച് കര്‍ശന പരിശോധന നടത്തിയശേഷമാണ് ഓരോരുത്തരെയും പള്ളിയിലേക്ക് കയറ്റിവിടുന്നത്. ഇതിനു പുറമേ പള്ളിക്കകത്തും സുരക്ഷാസംഘം ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്.
ഇതിനു പിന്നാലെ കഠ്‌വ സംഭവത്തിലും പ്രദേശത്ത് പ്രതിഷേധം നിലനില്‍ക്കുന്നതിനാ ല്‍ നിതാന്ത ജാഗ്രതയിലാണ് സുരക്ഷാസംഘം. കഠ്‌വയില്‍ കൊലചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതിതേടിയുള്ള പ്രതിഷേധ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ മേഖലയില്‍ ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നലെ രാവിലെ പ്രദേശത്തെ കച്ചവടസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. ഇതൊന്നുമറിയാതെ ഷോപ്പിങ് കൂടി ലക്ഷ്യമിട്ട് ഇന്നലെ പ്രദേശം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ നിരാശരായി.
ചരിത്രപ്രസിദ്ധമായ മക്കാ മസ്ജിദില്‍ നടന്ന സ്‌ഫോടനക്കേസില്‍ പ്രതികളായ സംഘപരിവാരനേതാക്കളെ എന്‍ഐഎ കോടതി കഴിഞ്ഞ ദിവസമാണ് വെറുതെവിട്ടത്. സ്വാമി അസീമാനന്ദ ഉള്‍പ്പെടെ ഹിന്ദുത്വസംഘടനയായ അഭിനവ് ഭാരതിലെ അംഗങ്ങളായിരുന്നു കേസിലെ പ്രതികള്‍. 2007 മെയ് 18നാണ് കേസിനാസ്പദമായ സ്‌ഫോടനം നടന്നത്. ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആദ്യം ലോക്കല്‍ പോലിസും പിന്നീട് സിബിഐയും അന്വേഷിച്ച കേസ് 2011ലാണ് എന്‍ഐഎ ഏറ്റെടുത്തത്.
Next Story

RELATED STORIES

Share it