Alappuzha local

ഭീതിയൊഴിയാതെ തീരം; അഞ്ച് മല്‍സ്യത്തൊഴിലാളികളെക്കുറിച്ച് വിവരമില്ല

ആലപ്പുഴ: മല്‍സ്യബന്ധനത്തിനു പോയി കാണാതായവരെക്കുറിച്ചുള്ള അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് തീരവാസികള്‍ പൂങ്കാവില്‍ ദേശീയപാത ഉപരോധിച്ചു. ചെട്ടികാട് ലാസര്‍ ഭവനില്‍ ക്ലീറ്റസിന്റെ ഉടമസ്ഥതയിലുള്ള ജോയല്‍ വള്ളത്തില്‍ പോയ ചേന്നംവേലി സ്വദേശി സിബിച്ചന്‍, കാട്ടൂര്‍ സ്വദേശി ജോയി, ചെട്ടികാട് സ്വദേശികളായ  യേശുദാസ്, ഷാജി, തുമ്പോളി സ്വദേശി ജോസഫ് ഇവര്‍ക്കായുള്ള തിരച്ചില്‍ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടാണ് തീരദേശവാസികള്‍ ഇന്നലെ രാവിലെ ദേശീയപാത ഉപരോധിച്ചത്.
കടലില്‍ തിരച്ചിലിന് പോവുന്ന സംഘത്തോടൊപ്പം മല്‍സ്യത്തൊഴിലാളികളെ കൂടി കൊണ്ടുപോവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഉപരോധത്തെ തുടര്‍ന്ന് വാഹനങ്ങള്‍ തുമ്പോളി, പാതിരപ്പള്ളി എന്നിവിടങ്ങളിലൂടെ തീരദേശ റോഡുവഴി തിരിച്ചു വിട്ടു. ആലപ്പുഴ നോര്‍ത്ത് പോലിസെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും പിന്തിരിയാന്‍ ഇവര്‍ തയ്യാറായില്ല.
പിന്നീട് ജില്ലാ കലക്ടര്‍ സമരക്കാരെ നേരിട്ട് ഓഫിസിലേയ്ക്ക് വിളിച്ചു വരുത്തി ചര്‍ച്ച നടത്തി. അന്വേഷിക്കാന്‍ പോവുന്ന സംഘത്തോടൊപ്പം മല്‍സ്യത്തൊഴിലാളികളെക്കൂടി കൊണ്ടുപോകാന്‍ നിയമം അനുവദിക്കുന്നില്ലെന്നും അതിനാല്‍ സഹകരിക്കണമെന്നും കലക്ടര്‍ പറഞ്ഞു.
തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ട്. മല്‍സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിന് എല്ലാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ സമരക്കാരെ അറിയിച്ചു. പഞ്ചായത്തംഗങ്ങളായ ഓമന മണിക്കുട്ടന്‍, ആലീസ് സന്ധ്യാവ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി എ ലിയോണ്‍ നേതൃത്വം നല്‍കി.അതേസമയം നിലവിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മന്ത്രി ഡോ.ടി എം തോമസ് ഐസക് ജില്ലാ കലക്ടര്‍ ടിവി അനുപമയുമായി കൂടികാഴ്ച നടത്തി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ദുരന്ത സാധ്യത ലഘൂകരിക്കുന്നതിനുമായി സ്വീകരിച്ചിട്ടുള്ള നടപടികളും കാണാതായവരെ കണ്ടെത്തുന്നതിന് നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹായത്തോടെ ഊര്‍ജിത അന്വേഷണം തുടരുന്നതായും കലക്ടര്‍ മന്ത്രിയെ അറിയിച്ചു.
Next Story

RELATED STORIES

Share it