ഭീതിയുടെ നിഴലില്‍ അവര്‍ വീണ്ടും ആഴക്കടലിലേക്ക്

എച്ച്  സുധീര്‍

തിരുവനന്തപുരം: തീരദേശത്തിന്റെ ഉയിരെടുത്ത ഓഖി ചുഴലിക്കാറ്റിന്റെ ആഘാതം വിട്ടൊഴിയും മുമ്പേ ഭീതി ഉള്ളിലൊതുക്കി അവര്‍ വീണ്ടും ആഴക്കടലിലേക്ക്. അപ്രതീക്ഷിതമായെത്തിയ ദുരന്തം തകര്‍ത്തെറിഞ്ഞ കുടുംബങ്ങളുടെ മനസ്സാകെ മരവിച്ചിരിക്കുന്നു. വൈകുന്നേരങ്ങളിലെ ആരവങ്ങളും ആഘോഷങ്ങളും തീരത്ത് ഇപ്പോള്‍ കാണാനാവില്ല. തീരത്തെ മണല്‍പ്പരപ്പില്‍ കളിചിരികളുമായി കഴിഞ്ഞിരുന്ന കുരുന്നുകള്‍ പോലും വീടിനുള്ളില്‍ ഒതുങ്ങിക്കൂടുകയാണ്. വിശന്നു കരയുന്ന മക്കള്‍ക്കു മുന്നില്‍ നിസ്സഹായരാവുന്ന വീട്ടമ്മമാര്‍, ദൈന്യത നിറഞ്ഞ കണ്ണുകളുമായി കടലിന്റെ വിദൂരതയിലേക്കു നോക്കിയിരിക്കുന്ന വൃദ്ധരായ മാതാപിതാക്കള്‍, ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നഷ്ടപ്പെട്ട കുടുംബാംഗങ്ങള്‍, കടലില്‍ പോയി കാണാതായവര്‍ ഇന്നോ നാളെയോ തിരികെയെത്തുമെന്ന് കാത്തിരിക്കുന്ന ഉറ്റവര്‍. തീരദേശങ്ങളിലെ ഓരോ വീടുകളും കടന്നുപോവുന്നത് ഇത്തരം സാഹചര്യങ്ങളിലൂടെയാണ്. ദുരന്തമുണ്ടായി രണ്ടാഴ്ചയ്ക്കു ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോവാന്‍ തുടങ്ങിയത്. കൈയില്‍ പണമില്ലാതായതോടെ പട്ടിണിയും പ്രയാസങ്ങളും ഏറിയതാണ് വീണ്ടും തുഴയെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. അടിയന്തര ആവശ്യങ്ങള്‍ക്കു പോലും കൈയി ല്‍ പണമില്ലെന്ന് പൂന്തുറ, വിഴിഞ്ഞം പ്രദേശത്തെ മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. അധികാരികള്‍ വാഗ്ദാനമല്ലാതെ ഇതുവരെ ഒന്നും നല്‍കിയിട്ടില്ല. ചില സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഭയുടെയുമൊക്കെ സഹായം സ്വീകരിച്ചാണ് ജീവിതം തള്ളിനീക്കുന്നത്. ഓഖി ഏ ല്‍പിച്ച പ്രഹരം ഇനിയും പൂര്‍ണമായും വിട്ടുമാറിയിട്ടില്ലാത്തതിനാല്‍ മനസ്സു നിറയെ ഭീതിയുമായാണ് തങ്ങള്‍ കടലിലേക്ക് പോവുന്നതെന്നും മല്‍സ്യത്തൊഴിലാളികള്‍ പറയുന്നു. മുമ്പ് 45 കിലോമീറ്ററോളം ഉള്‍ക്കടലിലേക്ക് പോയിരുന്നവര്‍ ഇപ്പോള്‍ അധികം ദൂരേക്കു പോവാറില്ല. പരമാവധി ആറു നോട്ടിക്കല്‍ മൈല്‍ (ഒമ്പതു കി.മീ) ദൂരത്തേക്ക് പോയി മടങ്ങിവരുകയാണ് പതിവെന്ന് പുന്തുറ ചേര്യാമുട്ടത്തെ മാര്‍ക്കോസ് പറയുന്നു. ഇന്നലെ രാവിലെ 6 മണിക്ക് ബോട്ടില്‍ പോയ ഇവരുടെ സംഘം ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തി. ചൂര, മങ്കട, ചുണ്ടന്‍ മുരള്‍ തുടങ്ങിയ മല്‍സ്യങ്ങളാണ് കൂടുതലായും ലഭിക്കുന്നത്. അതേസമയം, നിലവിലെ സാഹചര്യം മുതലെടുത്ത് മല്‍സ്യം കുറഞ്ഞ വില നല്‍കിയാണ് ഏജന്റുമാര്‍ കൈക്കലാക്കുന്നതെന്നും ഇവര്‍ പറയുന്നു. ഉ ള്‍ക്കടലിലേക്ക് പോവാത്തതിനാല്‍ മല്‍സ്യം കുറവാണെങ്കിലും ജീവന്‍ പണയം വച്ച് ഇനിയൊരു പരീക്ഷണത്തിന് തയ്യാറല്ലെന്നും തൊഴിലാളികള്‍ ഒരേ മനസ്സോടെ പറയുന്നു.
Next Story

RELATED STORIES

Share it