ഭീതിജനകമായ സാഹചര്യമില്ല: ആരോഗ്യ മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് എലിപ്പനി മൂലം ഭീതിജനകമായ സാഹചര്യം ഉണ്ടായിട്ടില്ലെങ്കിലും ഏറെ ശ്രദ്ധിക്കേണ്ട അവസരമാണിതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈര്‍പ്പമുള്ള മണ്ണിലും രോഗകാരിയായ ബാക്ടിരീയ ഉള്ളതിനാല്‍ മൂന്നാഴ്ച കൂടി എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കുകയാണ് ഏറ്റവും പ്രധാന പ്രതിരോധ മാര്‍ഗം. എലിപ്പനി ലക്ഷണങ്ങളുള്ള രോഗങ്ങളുമായി ചികില്‍സയ്‌ക്കെത്തുന്നവരെ വിശദമായി പരിശോധിച്ച് അടിയന്തര ചികില്‍സ ലഭ്യമാക്കാന്‍ ഡോക്ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ആവശ്യത്തിന് മരുന്ന് ലഭ്യമാക്കും. മരുന്നില്ലാത്തതിന്റെ പേരില്‍ ഒരാള്‍ പോലും എലിപ്പനി വന്ന് മരിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ ഉറപ്പാക്കണം. മരുന്ന് എല്ലാ ആശുപത്രികളിലും ഉറപ്പുവരുത്തണം. മരുന്നില്ല എന്ന കാരണത്താല്‍ രോഗികളെ തിരിച്ചയക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവും. ആരോഗ്യവകുപ്പിന്റെ തീരുമാനങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ആരോഗ്യമന്ത്രി കോഴിക്കോട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് ഹോമിയോപ്പതി-ആയുര്‍വേദ വിഭാഗങ്ങളെ മാറ്റിനിര്‍ത്തി. അലോപ്പതി വിഭാഗം ഡിഎംഒ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, താലൂക്ക് ആശുപത്രി സൂപ്രണ്ടുമാര്‍, പബ്ലിക് ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍ തുടങ്ങി അലോപ്പതി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും ഉള്‍പ്പെടെ അവലോകന യോഗത്തില്‍ പങ്കെടുത്തെങ്കിലും ആയുര്‍വേദ-ഹോമിയോപ്പതി വിഭാഗങ്ങളിലുള്ള ആരെയും യോഗത്തിലേക്ക് വിളിച്ചില്ല. നിലവില്‍ എലിപ്പനിക്ക് ഹോമിയോപ്പതിയില്‍ ചികില്‍സ നല്‍കിവരുന്നുണ്ട്. നൂറുകണക്കിന് രോഗികള്‍ ഇവിടങ്ങളില്‍ ചികില്‍സയ്ക്കായി എത്തുന്നുമുണ്ട്. എന്നിട്ടും ഈ വിഭാഗങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ഒന്നുംതന്നെ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ടായില്ല. അവലോകന യോഗത്തിനിടയില്‍ ഇക്കാര്യം മന്ത്രിതന്നെ പറയുകയും ചെയ്തിരുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഈ രണ്ടു വിഭാഗങ്ങളെ ഒഴിവാക്കിനിര്‍ത്തുന്ന പ്രവണത തുടരുന്നതിന്റെ കാരണം അന്വേഷിച്ച തേജസ് പ്രതിനിധിയോട്, നിങ്ങള്‍ക്ക് മറ്റ് ഉദ്ദേശ്യങ്ങള്‍ ഉണ്ടാവുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. മറ്റ് ഉദ്ദേശ്യങ്ങളില്ലെന്നും സര്‍ക്കാരിനു കീഴില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഈ വിഭാഗങ്ങളെ ഒഴിവാക്കിയതിന്റെ കാരണം ആരായുക മാത്രമാണ് ചെയ്തതെന്നും അറിയിച്ചപ്പോള്‍, ഹോമിയോ ചികില്‍സ തുടരുന്നവര്‍ അത് തുടരട്ടേയെന്നും എലിപ്പനി പ്രതിരോധത്തിന് ഡോക്‌സിസൈക്ലിന്‍ ഗുളികയാണ് സര്‍ക്കാര്‍ നിര്‍ദേശിച്ച മരുന്നെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it