ഭീകരവിരുദ്ധ പോരാട്ടം; സൗദി നേതൃത്വത്തില്‍ പുതിയ സൈനിക സഖ്യം

റിയാദ്: സായുധ സംഘടനകള്‍ക്കെതിരേ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ 34 രാജ്യങ്ങളുള്ള ഇസ്‌ലാമിക് സൈനിക സഖ്യം രൂപീകരിച്ചു. സൗദിയിലെ രണ്ടാം കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനാണ് സഖ്യത്തെ കുറിച്ചു പ്രഖ്യാപനം നടത്തിയത്.
റിയാദ് ആസ്ഥാനമാക്കിയാവും പ്രവര്‍ത്തനമെന്ന് സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറയുന്നു. ഈജിപ്ത്, ഖത്തര്‍, യുഎഇ എന്നീ അറബ് രാജ്യങ്ങള്‍ക്കൊപ്പം തുര്‍ക്കി, മലേസ്യ, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളും ആഫ്രിക്കന്‍ രാജ്യങ്ങളുമാണ് സഖ്യത്തിലുള്ളത്. പുതിയ സഖ്യം ഐഎസിനെ മാത്രമല്ല, മുസ്‌ലിം ലോകത്തെ മുഴുവന്‍ സായുധ സംഘടനകളെയും നേരിടുമെന്ന് അമീര്‍ മുഹമ്മദ് വ്യക്തമാക്കി. സഖ്യത്തിലുള്ള ഓരോ രാഷ്ട്രവും അവരുടെ കഴിവനുസരിച്ചാവും പങ്കാളിത്തം വഹിക്കുക.
സായുധ സംഘടനകള്‍ ഏതു വിഭാഗത്തില്‍പ്പെട്ടതായാലും അവയുടെ പേര് എന്തുതന്നെയായാലും ഇസ്‌ലാമിക രാജ്യങ്ങളെ ഇവയുടെ ദുഷ്‌ചെയ്തികളില്‍ നിന്നു സംരക്ഷിക്കുകയെന്നതാണ് സഖ്യത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇറാഖ്, സിറിയ, ലിബിയ, ഈജിപ്ത്, അഫ്ഗാന്‍ എന്നിവിടങ്ങളിലെ സായുധ സംഘടനകള്‍ക്കെതിരേയുള്ള പ്രവര്‍ത്തനങ്ങളെ സഖ്യം ഏകോപിപ്പിക്കും.
എന്നാല്‍, സൗദിയുടെ എതിര്‍പക്ഷത്തുള്ള ഇറാനെ സഖ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഐഎസിനും സിറിയയിലെയും ഇറാഖിലെയും ഇസ്‌ലാമിക സായുധ സംഘടനകള്‍ക്കുമെതിരേ ഗള്‍ഫ് രാജ്യങ്ങള്‍ ശക്തമായി രംഗത്തുവരണമെന്ന് യുഎസ് ആവശ്യമുയര്‍ത്തുന്നതിനിടെയാണ് പുതിയ സഖ്യത്തിന്റെ പിറവി. പുതിയ സഖ്യം എല്ലാ അന്താരാഷ്ട്ര സംഘടനകളുമായും ലോകത്തെ പ്രധാന രാഷ്ട്രങ്ങളുമായും സഹകരിക്കും. ഭീകരതയെ' സൈനികമായും ചിന്താപരമായും മാധ്യമങ്ങളാലും നേരിടും. എന്നാല്‍, സൈനിക നീക്കങ്ങളുടെ വിശദാംശങ്ങള്‍ നല്‍കിയില്ല.
ഇറാഖ്, സിറിയ, ലിബിയ, ഈജിപ്ത്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളിലെ തീവ്രവാദത്തെ അടിച്ചമര്‍ത്താന്‍ സംയുക്തമായി ശ്രമിക്കുമെന്നു സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it