ഭിന്ന ലിംഗക്കാരുടെ ലൈംഗിക സ്വാതന്ത്ര്യം; ഭരണഘടനാ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: മൂന്നാം ലിംഗക്കാരുടെ (എല്‍ജിബിടി) ലൈംഗിക സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടും പ്രകൃതിവിരുദ്ധ ലൈംഗികത നിയമവിരുദ്ധമാക്കി പ്രഖ്യാപിക്കുന്ന പീനല്‍ കോഡിലെ 377ാം വകുപ്പുമായും ബന്ധപ്പെട്ട വാദങ്ങള്‍ ഇനി സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും. ഇതു സംബന്ധിച്ച് കോടതിയുടെ നിലവിലുള്ള ഉത്തരവ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട തിരുത്തല്‍ ഹരജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ടി എസ് ഥാക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാബെഞ്ചിന് വിട്ടിരിക്കുന്നത്. ബെഞ്ച് പിന്നീട് രൂപീകരിക്കും. കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായി.
പ്രകൃതി വിരുദ്ദ ലൈംഗികത കുറ്റകൃത്യമാക്കുന്ന ഐപിസി 377ാം വകുപ്പിനെതിരേ വാദിച്ച ഇവര്‍, വിഷയവുമായി ബന്ധപ്പെട്ട് നിരവധി ഭരണഘടനാ തത്ത്വങ്ങള്‍ പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞു. കോടതിക്കു മുന്നിലുള്ള വിഷയം ലൈംഗികാവകാശം എന്ന ജീവിതത്തിലെ ഏറ്റവും സ്വകാര്യവും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യമാണ് കൈകാര്യം ചെയ്യുന്നതെന്നും മനുഷ്യന്റെ ലൈംഗികതയെ മോശമായി കാണരുതെന്നും സിബല്‍ കോടതിയോട് പറഞ്ഞു. പരാതിക്കാരുടെ വാദങ്ങള്‍ പരിഗണിച്ച കോടതി ഇത്തരം പ്രധാന വിഷയം ഭരണഘടനാ ബെഞ്ചാണ് പരിഗണിക്കേണ്ടതെന്ന് പറയുകയായിരുന്നു. വിഷയം വീണ്ടും പരിഗണിക്കാന്‍ തീരുമാനിച്ച സുപ്രിംകോടതി ഉത്തരവ് മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ സ്വാഗതം ചെയ്തു. പ്രകൃതിവിരുദ്ധമായ ലൈംഗികത ശിക്ഷാര്‍ഹമാക്കുന്ന 377ാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ഡല്‍ഹി ഹൈക്കോടതി 2009ല്‍ വിധിച്ചിരുന്നു.
എന്നാല്‍, ഭിന്ന ലിംഗക്കാര്‍ക്ക് അനുകൂലമായ ഈ ഉത്തരവ് 2013ല്‍ സുപ്രിംകോടതി റദ്ദ് ചെയ്തു. പ്രസ്തുത വകുപ്പ് തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാന്‍ ഉത്തരവാദപ്പെട്ടത് പാര്‍ലമെന്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രിംകോടതിയുടെ ഇടപെടല്‍. പിന്നീട് ഇതിനെതിരേ റിവ്യൂ ഹരജികള്‍ പരിഗണിക്കപ്പെട്ടെങ്കിലും സുപ്രിംകോടതി അതിന്റെ മുന്‍ ഉത്തരവ് ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു.
സുപ്രിം കോടതിയുടെ ഈ ഉത്തരവ് പുനപ്പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് ഭിന്ന ലിംഗക്കാരുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തികളും സന്നദ്ധസംഘടനകളും സമര്‍പ്പിച്ച തിരുത്തല്‍ ഹരജികളാണ് സുപ്രിം കോടതി ഇന്നലെ പരിഗണിച്ചത്. സുപ്രിം കോടതിയിലെ ഏറ്റവും മുതിര്‍ന്ന മൂന്ന് ജഡ്ജിമാരായ ചീഫ് ജസ്റ്റിസ് ടിഎസ് ഥാക്കൂര്‍, ജസ്റ്റിസുമാരായ അനില്‍ ആര്‍ ദാവെ, ജെഎസ് ഖെഹാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികള്‍ ഇന്നലെ പരിഗണിച്ചത്. സ്വവര്‍ഗ ലൈംഗികതയെന്നത് ഒരു മാനസിക വൈകല്യമായല്ല മറിച്ച്, സ്വാഭാവികമായ ഭിന്ന ലൈംഗികതയായാണ് ആഗോളതലത്തില്‍ ഇപ്പോള്‍ കണക്കാക്കുന്നതെന്നും ഇവരുടെ ലൈംഗിക അവകാശങ്ങളെ ഹനിക്കുന്നതാണ് 377ാം വകുപ്പെന്നുമാണ് ഹരജിക്കാരുടെ പ്രധാന വാദം.
Next Story

RELATED STORIES

Share it