ഭിന്നശേഷി പെണ്‍കുട്ടികള്‍ക്കുള്ള വിവാഹ ധനസഹായം 30,000 രൂപയാക്കും

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കുമുള്ള വിവാഹ ധനസഹായ തുക പതിനായിരത്തില്‍ നിന്നു 30,000 രൂപയായി ഉയര്‍ത്തുമെന്ന് മന്ത്രി കെ കെ ശൈലജ. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനം ഉടന്‍ തന്നെ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നത് സാമൂഹികനീതി വകുപ്പിന്റെ വലിയ നേട്ടമാണ്. ആദ്യമായാണ് ഇത്രയും തുക ഒന്നിച്ച് വര്‍ധിപ്പിക്കുന്നത്.
വര്‍ഷങ്ങളായി 10,000 രൂപയാണ് വിവാഹ ധനസഹായമായി നല്‍കിയിരുന്നത്. എന്നാല്‍, വിവാഹത്തിന് ഈ തുക വളരെ കുറവായതിനാലാണ് ധനസഹായം 30,000 ആയി വര്‍ധിപ്പിച്ചത്. ഇതിലൂടെ സര്‍ക്കാരിന് 40 ലക്ഷം രൂപയാണ് അധികബാധ്യതയുണ്ടാവുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതിവര്‍ഷം 36,000 രൂപയില്‍ താഴെ വരുമാനമുള്ള ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും ഭിന്നശേഷിക്കാരുടെ പെണ്‍മക്കള്‍ക്കുമാണ് ഈ ധനസഹായം ലഭിക്കുന്നത്. ജില്ലാ സാമൂഹികനീതി ഓഫിസുകളില്‍ നിന്ന് ഇതിനുള്ള അപേക്ഷാ ഫോറം ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം അതേ ഓഫിസില്‍ തന്നെ സമര്‍പ്പിക്കണം. കല്യാണം കഴിഞ്ഞാലും ഒരു വര്‍ഷത്തിനുള്ളില്‍ മാപ്പപേക്ഷയോടു കൂടിയും അപേക്ഷ സ്വീകരിക്കുന്നതാണ്. 2016-17 വര്‍ഷത്തില്‍ 559 പേര്‍ക്കും 2017-18 വര്‍ഷത്തില്‍ 518 പേര്‍ക്കുമാണ് ഈ പദ്ധതിയിലൂടെ ധനസഹായം ലഭിച്ചത്.
Next Story

RELATED STORIES

Share it