Editorial

ഭിന്നശേഷി നിയമനത്തിലെ അട്ടിമറികള്‍

എനിക്ക് തോന്നുന്നത്  -  ജാസ്മീര്‍ ബി,  ശൂരനാട്
സര്‍ക്കാര്‍ നിയമനങ്ങളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികളെ അവഗണിക്കുന്ന സമീപനമാണു സ്വീകരിക്കുന്നത്. മൂന്നു ശതമാനം സംവരണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ പിഎസ്‌സി അലംഭാവമാണു കാട്ടുന്നത്. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യുന്നതിലും പിഎസ്‌സിക്ക് വലിയ ഉദാസീനതയാണ്. അര്‍ഹരായ വികലാംഗരെ ഒഴിവാക്കി അനര്‍ഹരെ പിന്‍വാതില്‍ നിയമനം നടത്തുന്നതുമൂലം നിസ്സഹായരായ ഭിന്നശേഷിക്കാര്‍ നിയമനത്തിനു വേണ്ടി കോടതിവരാന്തകള്‍ കയറിയിറങ്ങേണ്ടിവരുന്നു.
ഡെപ്യൂട്ടി കലക്ടര്‍ റാങ്ക് പട്ടികയില്‍ നിന്നുള്ള നിയമനത്തിലും അട്ടിമറി കാണുന്നു. മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായിട്ടും സ്വയംഭരണാവകാശത്തിന്റെ മറവില്‍ പിഎസ്‌സി തന്നിഷ്ടപ്രകാരമാണു നിയമനം നടത്തുന്നത്. ഡെപ്യൂട്ടി കലക്ടര്‍ തസ്തികയില്‍ രണ്ട് ഒഴിവുകള്‍ ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കായി നീക്കിവച്ചെങ്കിലും പിഎസ്‌സി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. റാങ്ക് പട്ടികയില്‍ നിന്ന് ഇതുവരെ 68 പേര്‍ക്ക് നിയമനം ലഭിച്ചിട്ടുണ്ട്. എന്നാല്‍, ഭിന്നശേഷി വിഭാഗത്തില്‍ നിന്ന് ഒരാള്‍ക്കുപോലും നിയമനം ലഭിച്ചിട്ടില്ല.
ഭിന്നശേഷിക്കാര്‍ക്ക് 1996 മുതല്‍ മുന്‍കാല പാബല്യത്തോടെ മൂന്നുശതമാനം സംവരണം നല്‍കണമെന്ന സുപ്രിംകോടതി വിധി നിലനില്‍ക്കെ പിഎസ്്‌സി ഡെപ്യൂട്ടി കലക്ടര്‍ പട്ടികയില്‍ ഒരൊഴിവു കണ്ടെത്തിയിട്ടും മൂന്നുവര്‍ഷത്തിലധികം നിയമനം നീട്ടിക്കൊണ്ടുപോയി. റവന്യൂ വകുപ്പിലെ ഒഴിവുകള്‍ നികത്താന്‍ മൂന്നു വികലാംഗരുടെ സ്റ്റാറ്റിയൂട്ടറി നിയമനത്തിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടും നിയമനം നല്‍കുന്നതില്‍ നിന്ന് പിഎസ്‌സി മുഖംതിരിച്ചു നില്‍ക്കുകയാണ്. ആറു താലൂക്കുകള്‍ പുതുതായി രൂപീകരിക്കാനുള്ളതിനാല്‍ സ്റ്റാറ്റിയൂട്ടറി നിയമനത്തിന്റെ ആവശ്യമില്ലെന്നും പുതിയ തസ്തികയില്‍ നിയമനം നല്‍കാമെന്നും ധനവകുപ്പ് അറിയിച്ചിട്ടും പിഎസ്‌സി അനങ്ങിയില്ല.
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി എപിപി ഗ്രേഡ്-2 പോസ്റ്റില്‍ താല്‍ക്കാലിക നിയമന ഉത്തരവു പുറപ്പെടുവിക്കേണ്ടിവന്ന ഗതികേടിലാണ് കമ്മീഷന്‍. എന്നാല്‍, എപിപി തസ്തികയിലേക്ക് ഒരു ഭിന്നശേഷിക്കാരനെപ്പോലും നിയമിച്ചിട്ടില്ല. 1995 മുതലുള്ള ബാക്ക്‌ലോഗ് കണക്കാക്കിയാല്‍ ഏകദേശം 150ഓളം പേരെ നിയമിക്കേണ്ടതുണ്ട്.
സംസ്ഥാനത്ത് വിവിധ വകുപ്പുകളില്‍ വികലാംഗര്‍ക്കുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിന്റെ മറവില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുള്ളവരില്‍ പലരും അനര്‍ഹരാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. രാഷ്ട്രീയക്കാരുടെയും സര്‍വീസ് സംഘടനകളുടെയും തണലിലാണ് വ്യാജ വികലാംഗര്‍ വിവിധ വകുപ്പുകളില്‍ കയറിക്കൂടിയത്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കുപ്രകാരം ഏകദേശം 2000ഓളം ആളുകള്‍ ഭിന്നശേഷി തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ട്. അതില്‍ 20 ശതമാനത്തിലധികവും പ്രത്യക്ഷത്തില്‍ വികലാംഗരല്ലെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിയമനം നേടിയവരില്‍ പലരും മെഡിക്കല്‍ ബോര്‍ഡിനെ സ്വാധീനിച്ച് 40 ശതമാനത്തിലധികം വൈകല്യമുണ്ടെന്നു വരുത്തി ജോലിയില്‍ പ്രവേശിച്ചവരാണെന്നാണ് വികലാംഗ സംഘടനകള്‍ ആരോപിക്കുന്നത്.
പിഎസ്‌സി വഴിയുള്ള നിയമനങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ മേല്‍നോട്ടത്തിലാവണം നടത്തേണ്ടത്. സര്‍ക്കാര്‍ റിപോര്‍ട്ട് ചെയ്യുന്ന ഒഴിവുകള്‍ യഥാസമയം കൃത്യമായി പിഎസ്‌സി വിജ്ഞാപനം ചെയ്യുന്നുണ്ടോ, പരീക്ഷകളും ഇന്റര്‍വ്യൂകളും പഴുതുകളില്ലാതെ നടക്കുന്നുണ്ടോ, അര്‍ഹരായവര്‍ക്കു തന്നെയാണോ നിയമനങ്ങള്‍ ലഭിക്കുന്നത്, ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലം അനര്‍ഹര്‍ കടന്നുകൂടുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഒരു മോണിറ്ററിങ് സമിതി കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ അഭ്യസ്തവിദ്യരായ ഭിന്നശേഷിക്കാര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടില്ല. ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം ആരുടെയും ഔദാര്യമല്ല, അവകാശമാണ്.
Next Story

RELATED STORIES

Share it